ഭക്ഷണത്തിന് ഏറ്റവുമധികം രുചി നല്കുന്ന ചേരുവകളിലൊന്നാണ് എണ്ണ. എണ്ണ കൂടുതൽ ചേർത്ത വിഭവം രുചികരം. കറി വച്ച മീനിനെക്കാൾ നാം വറുത്ത മീൻ ഇഷ്ടപ്പെടുന്നതിനു പിന്നിലും ഇതേ കാരണം തന്നെ.
കറിക്ക് എണ്ണ ചേർക്കുമ്പോൾ...
സാധാരണയായി വീട്ടമ്മമാർ എണ്ണ അളന്നല്ല ഉപയോഗിക്കുന്നത്. അളക്കാറില്ല, കുപ്പിയിൽ നിന്നെടുത്ത് ഒഴിക്കുകയാണ്. അതിൽ നിന്ന് എത്ര വീഴുന്നുവോ അതാണ് പലപ്പോഴും അവരുടെ കണക്ക്! എണ്ണ ഉപയോഗിക്കുന്പോൾ അത് അളന്ന് ഉപയോഗിക്കാനായി ഒരു ടീ സ്പൂണ് കരുതണം.
അളവറ്റ തോതിൽ എണ്ണ ശരീരത്തിലെത്തിയാൽ കൊളസ്ട്രോൾനില കൂടും. ജീവിതശൈലീരോഗങ്ങൾ മനസറിയാതെ കൂടെയെത്തും.
ഇങ്ങനെ ചെയ്യരുത്..!
ഒരിക്കൽ ഉപയോഗിച്ച എണ്ണ പുതിയ എണ്ണയുടെ കൂടെ ചേർത്ത് ഉപയോഗിക്കുന്ന രീതിയും വീട്ടമ്മമാർക്കുണ്ട്. ബാക്കി വരുന്ന ചൂടാക്കിയ എണ്ണ ഒരു പാത്രത്തിൽ മാറ്റിവയ്ക്കും.
എണ്ണ തീരുന്പോൾ ആ എണ്ണയും കുറച്ചു പുതിയ എണ്ണയും കൂടി ഒഴിച്ചു ചൂടാക്കും. അങ്ങനെ ചെയ്യരുത്. റിപ്പീറ്റഡ് ഹീറ്റിംഗ് പാടില്ല. ആവർത്തിച്ചു ചൂടാക്കിയ എണ്ണ ആരോഗ്യത്തിന് ഹാനികരം.
എന്താണു പോംവഴി?
ഒരുദിവസം ഉപയോഗിച്ച എണ്ണ തൊട്ടടുത്ത ദിവസം കൊണ്ട് ഉപയോഗിച്ചു തീർക്കണം.
- പപ്പടം കാച്ചിയ എണ്ണ വേണമെങ്കിൽ ഒരു തവണയൊക്കെ കടുകുപൊട്ടിക്കാൻ ഉപയോഗിക്കാം. അതിനപ്പുറം അതിൽ പുതിയ എണ്ണ കൂടി ചേർത്ത് വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്.
- കടുകുപൊട്ടിക്കാനും മറ്റും വളരെക്കുറച്ച് എണ്ണ മാത്രമേ ഉപയോഗിക്കാൻ പാടുളളൂ.
വിവരങ്ങൾ: ഡോ. അനിത മോഹൻ
നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്റ്.