തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി വീണ്ടും വെട്ടിക്കുറയ്ക്കുമെന്ന നിരന്തരമായ കേന്ദ്ര സർക്കാർ ഭീഷണിക്കു പിന്നാലെ ഗാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിച്ച് സർക്കാർ. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ ഗാരന്റി നിൽക്കുന്നതുമൂലം ഉണ്ടാകാവുന്ന അപകടാവസ്ഥ തരണം ചെയ്യുന്നതിനുള്ള ബഫർ ഫണ്ടായി ഗാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കണമെന്ന് കേന്ദ്ര നിർദേശത്തെ തുടർന്നാണു സംസ്ഥാന സർക്കാർ നടപടി.
600 കോടി രൂപയുടെ ഗാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാനുള്ള വിജ്ഞാപനം പുറത്തിറക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. ഈ ഫണ്ടിലെ നിക്ഷേപം അഞ്ചു വർഷം കൊണ്ട് ഔട്ട് സ്റ്റാന്റിംഗ് ഗാരന്റിയുടെ അഞ്ചു ശതമാനം എന്ന തോതിലേക്ക് ഉയർത്തണം.
2025-26 ലെ കടമെടുപ്പ് സംബന്ധിച്ച് കേന്ദ്ര ധന വകുപ്പ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ റിസർവ് ബാങ്ക് ശിപാർശ ചെയ്ത തരത്തിലുള്ള നിക്ഷേപം ഗാരന്റി റിഡംപ്ഷൻ ഫണ്ടിൽ 2025 ഏപ്രിൽ ഒന്നിന് നടത്തിയില്ലെങ്കിൽ തത്തുല്യമായ തുകയോ അല്ലെങ്കിൽ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 0.25 ശതമാനമോ ഇതിൽ ഏതാണോ കുറവ് കടമെടുപ്പു പരിധിയിൽ നിന്നു കുറയ്ക്കുമെന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നു. അതായത് ഏതാണ്ട് 3000 കോടിയോളം രൂപ വെട്ടിക്കുറയ്ക്കുമെന്നായിരുന്നു കേന്ദ്ര ഭീഷണി.
2025-26ലെ സംസ്ഥാനത്തിന്റെ ആകെ കടമെടുപ്പു പരിധിയിൽ നിന്നു കുറയ്ക്കുമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ അന്ത്യശാസനം. ഗാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരണം സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തുന്നത് ആദ്യമായാണ്. ഇതിനെ മറികടക്കാൻ സംസ്ഥാന സർക്കാർ പലവഴികൾ ആലോചിച്ച് ശിപാർശ ചെയ്തെങ്കിലും കേന്ദ്രം വഴങ്ങാത്ത സാഹചര്യത്തിലാണു മന്ത്രിസഭയിൽ ചർച്ച ചെയ്തു തീരുമാനമെടുത്തത്. റവന്യൂ കമ്മി നേരിടുന്ന സംസ്ഥാനം എന്ന നിലയിൽ, കടമെടുത്ത പണം ഉപയോഗിച്ച് മാത്രമേ ജിആർഎഫിൽ നിക്ഷേപം നടത്താൻ സാധ്യമാകുമായിരുന്നുള്ളു. പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച് ഈ സാന്പത്തിക വർഷം സംസ്ഥാനത്തിന്റെ വായ്പാ ലഭ്യതയിൽ കുറവ് വരുന്നത് ഒഴിവാക്കാൻ ഗാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാനുള്ള വിജ്ഞാപനം പുറത്തിറക്കാൻ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.