ജോയി കിഴക്കേൽ
തൊടുപുഴ: സംസ്ഥാനത്ത് കടൽ മത്സ്യസന്പത്തിൽ കഴിഞ്ഞ വർഷം വലിയ ഇടിവുണ്ടായതായി ഫിഷറീസ് വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതു കേരളത്തിലെ 222 കടലോര മത്സ്യ ഗ്രാമങ്ങളിലും 113 ഉൾനാടൻ മത്സ്യ ഗ്രാമങ്ങളിലുമായി അധിവസിക്കുന്ന 10.29 ലക്ഷത്തോളം വരുന്ന തീരദേശ ജനതയുടെ നെഞ്ചിൽ സൃഷ്ടിക്കുന്നത് ആശങ്കയുടെ കടലിരന്പം.
2021 - 22 ൽ 8,26,230 മെട്രിക് ടണ്ണായിരുന്നു ആകെ മത്സ്യ ഉത്പാദനം. ഇതിൽ സമുദ്ര മേഖല 6,00,802 മെട്രിക് ടണ്ണും ഉൾനാടൻ മത്സ്യ മേഖല 2,25,428 മെട്രിക് ടണ്ണുമാണ് സംഭാവന ചെയ്തത്. 2022 - 23 ൽ സമുദ്രമേഖലയിൽ നിന്ന് 6,90,945 ഉം ഉൾനാടൻ മേഖലയിൽ നിന്ന് 2,29,578 ഉം ഉൾപ്പെടെ 9,20,523 മെട്രിക് ടണ്ണായിരുന്നു ആകെ ഉത്പാദനം. എന്നാൽ കഴിഞ്ഞവർഷം ഉൾനാടൻ മേഖലയിൽനിന്ന് 2,51,066 മെട്രിക് ടണ് എന്ന അധിക ഉത്പാദനം ലഭിച്ചപ്പോൾ കടൽ മേഖലയിൽ നിന്നുള്ള ഉത്പാദനം 5,81,422 മെട്രിക് ടണ്ണായി കുറഞ്ഞു. 1,09,523 മെട്രിക് ടണ്ണിന്റെ ഇടിവാണ് കടൽ മേഖലയിൽ ഉണ്ടായത്.
590 കിലോമീറ്റർ ദൈർഘ്യമുള്ള കടൽത്തീരവും 34 കായലും 44 നദികളും 35 ജലസംഭരണികളുമാണ് സംസ്ഥാനത്തുള്ളത് .ഈ മേഖലയിൽ 1 .86 ലക്ഷം മത്സ്യത്തൊഴിലാളികളും അനുബന്ധമേഖലകളായ മത്സ്യ സംസ്കരണം, വിപണനം എന്നീ രംഗങ്ങളിൽ 1.64 ലക്ഷം പേരും ജോലി ചെയ്യുന്നു. എന്നാൽ പ്രതിശീർഷ മത്സ്യ ലഭ്യതയിൽ കുറവു വരുന്നതും വരുമാനം കുറയുന്നതും മത്സ്യമേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം തേടുന്ന തീരദേശ ജനതയുടെ സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തും.
മറ്റ് സംസ്ഥാനങ്ങളിൽ ഒരു ഹെക്ടർ ചുറ്റളവിൽ ശരാശരി 3000 കിലോയാണ് ഉത്പാദനക്ഷമതയെങ്കിൽ സംസ്ഥാനത്ത് ഇത് ആയിരത്തിൽ താഴെയാണ്. ദേശീയതലത്തിൽ മത്സ്യ ഉത്പാദനത്തിന്റെ 55 - 60 ശതമാനം ഉൾനാടൻ മത്സ്യമേഖലയിൽനിന്നും മത്സ്യകൃഷിയിൽനിന്നും ലഭിക്കുന്പോൾ കേരളത്തിൽ ഇത് 30 - 35 ശതമാനം മാത്രമാണ്.
കഴിഞ്ഞവർഷം സംസ്ഥാനത്തെ മത്സ്യബന്ധനമേഖലയിൽ അടിസ്ഥാന സൗകര്യവും തൊഴിൽ അവസരങ്ങളും ലക്ഷ്യമിട്ട് 287.22 കോടി ചെലവഴിച്ച് അഞ്ചു പദ്ധതികളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നടത്തിയിരുന്നു. കാസർകോഡ് ,പൊന്നാനി, കോഴിക്കോട് പുതിയാപ്പ, കൊയിലാണ്ടി ,അർത്തുങ്കൽ എന്നീ ഹാർബറുകളുടെ വികസനത്തിനുള്ള പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്. സംസ്ഥാന സർക്കാർ മത്സ്യ ഉത്പാദനം വർധിപ്പിക്കാനും മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനുമായി ജനകീയ മത്സ്യകൃഷി ,മത്സ്യ കേരളം, സുഭിക്ഷകേരളം എന്നീ പദ്ധതികളും നടപ്പാക്കി വരുന്നുണ്ട്.
ഇതൊക്കെയാണെങ്കിലും മത്സ്യമേഖലയിലുള്ളവരുടെ സ്ഥിതി ആശങ്കയുളവാക്കുന്നതാണ്. കടലിൽ രാസമാലിന്യങ്ങളും മാരക വിഷപദാർഥങ്ങളും അടിഞ്ഞു കൂടുന്നതുമൂലം മത്സ്യങ്ങളുടെ പ്രജനനത്തിന് ഭീഷണി സൃഷ്ടിക്കുന്നതിനു പുറമെ മത്സ്യസന്പത്ത് കുറയാനും ഇത് കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനിടെ പരിസ്ഥിതി ആഘാത പഠനം നടത്താതെ കേരളത്തിൽ കടൽ മണൽ ഖനനത്തിന് കേന്ദ്രസർക്കാർ ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇത് സംസ്ഥാനത്തെ മത്സ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന കടുത്ത ആശങ്കയും ഉയരുന്നു.