ആളുകൾക്ക് തന്റെ മുഖം മടുത്ത് തുടങ്ങുമ്പോൾ ബാഴ്സലോണയിൽ ഒരു ഊബർ ഡ്രൈവറായി ജോലി നോക്കുമെന്ന് ഫഹദ് ഫാസിൽ. മുൻപൊരു അഭിമുഖത്തിൽ ഇതാണ് തന്റെ സ്വപ്നമെന്ന് ഫഹദ് പറഞ്ഞിരുന്നു. ആ സ്പ്നം ഇപ്പോഴുമുണ്ടെന്നും താരം പറയുന്നു.
ആളുകളെ യാത്ര കൊണ്ടുപോകുന്നതിനേക്കാൾ സന്തോഷം നൽകുന്ന മറ്റൊരു കാര്യമില്ലെന്നും ഫഹദ് പറഞ്ഞു. ദി ഹോളിവുഡ് റിപ്പോർട്ടറിനോടായിരുന്നു താരത്തിന്റെ പ്രതികരണം.
ബാഴ്സലോണയിൽ ഊബർ ഡ്രൈവറാകാനുള്ള സ്വപ്നം ഇപ്പോഴും മനസിലുണ്ടോ എന്നായിരുന്നു ചോദ്യം. തീർച്ചയായും എന്നായിരുന്നു ഫഹദിന്റെ മറുപടി.
""കുറച്ച് മാസങ്ങൾക്ക് മുൻപ് താനും നസ്രിയയും ബാഴ്സലോണയിൽ ഉണ്ടായിരുന്നു. ആളുകൾക്ക് തന്നെ മടുത്തു കഴിയുമ്പോൾ മാത്രമേ അത് സംഭവിക്കൂ. അറിയാമല്ലോ? തമാശ മാറ്റിവെച്ച് പറയുകയാണെങ്കിൽ, ഒരാളെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നത്, അല്ലെങ്കിൽ ഒരാളുടെ ലക്ഷ്യസ്ഥാനത്തിന് സാക്ഷിയാകുന്നത് വളരെ മനോഹരമായ ഒന്നാണെന്ന് താൻ കരുതുന്നത്.
അവസരം കിട്ടുമ്പോഴെല്ലാം ഞാൻ ഇപ്പോഴും അത് ചെയ്യാറുണ്ട്. അതെന്റെ സ്വന്തം സമയമാണ്. ഡ്രൈവിംഗ് മാത്രമല്ല, ഗെയിമുകൾ, സ്പോർട്സ്, ടിവി കാണൽ തുടങ്ങി നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ നിരന്തരം ഏർപ്പെടണം. അത് കാര്യങ്ങളെ നോക്കിക്കാണുന്ന രീതിയെ സഹായിക്കുമെന്ന് ഞാൻ കരുതുന്നു''. ഫഹദ് പറഞ്ഞു.
ഒരു ഊബർ ഡ്രൈവറാകുന്നതിനേക്കാൾ കൂടുതൽ താനാസ്വദിക്കുന്ന മറ്റൊരു കാര്യമില്ലെന്ന് ഫഹദ് മുൻപ് പറഞ്ഞിട്ടുണ്ട്. ഒരു വിരമിക്കൽ പദ്ധതിയായി ബാഴ്സലോണയിലേക്ക് താമസം മാറി സ്പെയിനിലുടനീളം ആളുകളെ ടാക്സിയിൽ കൊണ്ടുപോകാൻ ആഗ്രഹമുണ്ടെന്ന് ഭാര്യ നസ്രിയയോട് പറയാറുണ്ട്. അവർക്കും ഈ പദ്ധതി വളരെ ഇഷ്ടമാണെന്നും അന്ന് ഫഹദ് പറഞ്ഞിരുന്നു.