കെനിയാക്കാരുടെ ഒരു സ്വന്തം കഥയുണ്ട്: ദൈവം ആദിയിൽ ഗിക്കുയുവിനെയും മുന്പിയേയും സൃഷ്ടിച്ചു. അവർക്ക് കെനിയ പർവതത്തിനടുത്ത് മനോഹരമായ ഒരു താഴ്വര താമസത്തിനായി കൊടുത്തു. അവർക്ക് പത്ത് പെണ്മക്കളുണ്ടായി. മക്കൾക്ക് വിവാഹപ്രായം എത്തിയപ്പോൾ ഗിക്കുയു വിശുദ്ധമായ അത്തിമരച്ചോട്ടിൽ ചെന്ന് നല്ല മരുമക്കൾക്കായി ദൈവത്തോട് പ്രാർത്ഥിച്ചു. ദൈവം ഗിക്കുയുവിന് പ്രത്യക്ഷപ്പെട്ടു. അവനോട് പറഞ്ഞു. “നിന്റെ പെണ്മക്കൾ കാട്ടിൽ പോയി അവനവനോളം വലുപ്പമുള്ള ഒരു മരക്കൊന്പ് വെട്ടിക്കൊണ്ടുവരിക. അതിൻമേൽ നീയൊരു ബലിയർപ്പിക്കുക.” പെണ്മക്കൾ കാട്ടിൽ പോയി തന്നോളം വലുപ്പമുള്ള മരക്കൊന്പുകളുമായി വന്നു. ഗിക്കുയു അത്തിമരച്ചോട്ടിൽ ആ കന്പുകൾ കൊണ്ട് ഒരു ബലിപീഠം ഒരുക്കി ഒരാട്ടിൻകുട്ടിയെ അതിനുമുകളിൽ ദഹിപ്പിച്ചു. ആട്ടിൻകുട്ടിയുടെ മാംസം തീയിൽ ഉരുകാൻ തുടങ്ങിയപ്പോൾ അതിൽ നിന്ന് ഓരോ പുരുഷൻമാർ വീതം പുറത്തേക്ക് വന്നു. ഓരോ പെണ്മക്കളും തങ്ങൾക്ക് അനുയോജ്യമായവരെ ഭർത്താക്കന്മാരായി തെരഞ്ഞെടുത്തു. അങ്ങനെയാണ് പത്തു ഗോത്രങ്ങൾ കെനിയയിൽ ഉടലെടുത്തത്.
അതിലൊരു ഗോത്രമാണ് ഗിക്കുയി. കൃഷിയും ആടുമാടുവളർത്തലുമായി നടന്ന ഗിക്കുയി ഗോത്രത്തിൽ ഒരു പുതുമഴക്കാലത്ത് ഒരു പെണ്കുഞ്ഞ് പിറന്നു. ഒരു കുഞ്ഞ് പിറക്കുന്പോൾ അതിനെ മണ്ണ് കാണിക്കുന്നൊരു ചടങ്ങുണ്ട്. സമൃദ്ധമായ കൃഷിയിടങ്ങളിൽ കൊണ്ടുപോയിട്ടാണ് ഈ ചടങ്ങു നടത്തുന്നത്. കുഞ്ഞിനെ അവർ മണ്ണിൽ കിടത്തും. അമ്മയ്ക്ക് നീലക്കരിന്പും ഉരുളക്കിഴങ്ങും കൊടുക്കും. പതിവുപോലെ അച്ഛന്റെ അമ്മയുടെ പേര് ഈ കുഞ്ഞിനിട്ടു. ന്ധവംഗാരി’.
വംഗാരി എന്ന പെണ്കുട്ടിയുടെ ഭൂമി സമൃദ്ധവും പച്ചപുതച്ചതുമായിരുന്നു. മരങ്ങളും കായ്കളും പഴങ്ങളും എല്ലാമുള്ള മണ്ണ്. കണ്ണീരുപോലുള്ള കുടിവെള്ളം. ചോളവും പയറും ഗോതന്പും നന്നായി വിളയുന്ന പാടങ്ങൾ. വിശപ്പെന്ന വികാരം ആരും അറിഞ്ഞിരുന്നില്ല. പ്രകാശത്തിന്റെ ആലയമായിരുന്നു കെനിയ.
പക്ഷെ കെനിയ പതിയെ തളരുകയായിരുന്നു. വംഗാരി വളർന്ന് വലുതായപ്പോഴേക്കും കെനിയ തകർന്നു. വ്യവസായവികസനത്തിന്റെ പേരിൽ വനവും മണ്ണും നശിച്ചു. വനങ്ങളുടെ സ്ഥാനത്ത് ഏകവിള തോട്ടങ്ങളുണ്ടായി. സസ്യവൈവിധ്യം തകർന്നു. രാസവളകൃഷി വ്യാപകമായി. പണം ഉണ്ടാക്കുന്നതിൽമാത്രം ശ്രദ്ധയുള്ള ജനതയായി അവർ മാറി. ജീവിതശൈലീരോഗങ്ങളും ആർത്തിയുടെയും വാങ്ങിക്കൂട്ടലിന്റെയും സംസ്ക്കാരം വളർന്നു.
വംഗാരി എന്ന പെണ്കുട്ടി ലഭിക്കാമായിരുന്ന സുഖസൗകര്യങ്ങളെ വെടിഞ്ഞ് നാടിനെ രക്ഷിക്കാനിറങ്ങി. മരങ്ങൾ വെച്ചു പിടിപ്പിക്കാനാരംഭിച്ചു. ലക്ഷക്കണക്കിന് മരങ്ങൾ നട്ടു. അത്തരക്കാരുടെ കൂട്ടായ്മ ഉണ്ടാക്കി. മരം കിളിർത്തപ്പോൾ മണ്ണ് നന്നാകാൻ ആരംഭിച്ചു. വായു ശുദ്ധമാകാൻ തുടങ്ങി.
വംഗാരി ഒരു പുത്തൻ ജീവിതരീതിയെക്കുറിച്ചു സംസാരിച്ചു. പരിസ്ഥിതിയ്ക്കിണങ്ങുന്ന ആരോഗ്യകരമായൊരു ജീവിതരീതി. അതിനായി സ്ത്രീകളുടെ കൂട്ടായ്മകളുണ്ടാക്കി.
വംഗാരി പറഞ്ഞു. “മണ്ണ് നശിച്ചാൽ നാടു നശിക്കും. അതിനാൽ മണ്ണ് സംരക്ഷിക്കുക. മണ്ണ് സംരക്ഷിക്കാൻ മരങ്ങൾ നടുക. അങ്ങനെ ശുദ്ധവായു പ്രവഹിക്കട്ടെ. പുഴകളിലെ മാലിന്യം മാറി ജലം ശുദ്ധമാകട്ടെ. ഭക്ഷണസാധനങ്ങൾ ലഭ്യമാക്കുന്ന കൃഷിരീതി പ്രോത്സാഹിപ്പിക്കണം. രാസവളവും കീടനാശിനിയുമില്ലാത്ത ഭക്ഷണം കഴിച്ചു ശീലിക്കണം. മാലിന്യം ശരിയായ രീതിയിൽ സംസ്ക്കരിക്കുക. ജീവിതത്തെ നല്ല മൂല്യചിന്തകൾക്കനുസരിച്ച് ക്രമീകരിക്കുക. യാത്രയ്ക്ക് കഴിവതും പൊതുവാഹനങ്ങൾ ഉപയോഗിക്കുക, ലഹരിവസ്തുക്കൾ ഒഴിവാക്കുക, അനാവശ്യസാധനങ്ങൾ വാങ്ങുന്ന രീതി ഉപേക്ഷിക്കുക, ആർത്തിയുടെ സംസ്ക്കാരം വെടിയുക, ലളിതമായി ജീവിക്കുക, ക്രിയാത്മകമായി ചിന്തിക്കുക, ന· ചെയ്യുക, നല്ല വാക്കും നല്ല ചിന്തയും നല്ല പ്രവൃത്തിയും ഉണ്ടാകട്ടെ”.
വംഗാരിമാതാ എന്നാണ് വംഗാരിയുടെ മുഴുവൻ പേര്. വംഗാരി പറഞ്ഞ കാര്യങ്ങൾ; ജീവിതത്തിൽ സ്വയം ചെയ്തുകാട്ടിയതു കണ്ട് ആയിരക്കണക്കിന് ആളുകൾ വംഗാരിയെ പിന്തുണച്ചു. വംഗാരി ഒരു ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. മന്ത്രിയായി. നല്ലൊരു മന്ത്രി. നിരവധി അവാർഡുകൾ വംഗാരിക്ക് ലഭിച്ചു. അവസാനം സമാധാനത്തിനുള്ള നോബൽ സമ്മാനവും ലഭിച്ചു.
പ്രകൃതിയോട് സ്നേഹം തോന്നുന്നവർ പാരിസ്ഥിതിക ബുദ്ധിവൈഭവമുള്ളവർ (ഇക്കോ ഇന്റലിജൻസ്) ആണ്. ഭൂമിയെക്കുറിച്ചും ചുറ്റുപാടിനെക്കുറിച്ചും പുഴകളെക്കുറിച്ചും ചെടികളെക്കുറിച്ചുമൊക്കെ ഏറെ ചിന്തിക്കുന്നവരാണിവർ. പ്രകൃതിയിലെ ഒരു ഘടകം മാത്രമാണ് മനുഷ്യർ എന്ന ചിന്തയാവും ഇവർക്കുള്ളത്. പ്രകൃതിയുടെ ഘടനയും രൂപഭാവങ്ങളും ഗൗരവത്തിലും ആഴത്തിലും ഇവർ പഠിക്കും.
ഇക്കോ സ്മാർട്ടിനൊരു മാതൃകയാണ് വംഗാരി. സുന്ദർലാൽ ബഹുഗുണ, മേധാപട്ക്കർ, ജോണ് സി. ജേക്കബ്, ഡോ. വന്ദനാ ശിവ, ഡോ. സുനിതാ നാരായണൻ ഇവരൊക്കെ ഇക്കോസ്മാർട്ടുകളാണ്...
പരിസ്ഥിതി ശാസ്ത്രവുമായി ബന്ധപ്പെട്ട് ലോകത്തിലെ വലിയ യൂണിവേഴ്സിറ്റികളിലൊക്കെ വ്യത്യസ്തമായ നിരവധി കോഴ്സുകൾ കൂട്ടുകാർക്ക് പഠിക്കാൻ കഴിയും. വലിയ തൊഴിൽ സാധ്യതകളാണ് ഇക്കോസ്മാർട്ടുകാർക്കുള്ളത്.
ഇക്കോസ്മാർട്ടാകാൻ കൂട്ടുകാർ ചെയ്യേണ്ടത്
ഡാറ്റ ശേഖരണം, ഫീൽഡ് ട്രിപ്പ്, പ്രകൃതി വസ്തുക്കളുടെ ശേഖരണം, വനം-പുഴ-കടൽ യാത്രകൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കൽ, ബോധവത്ക്കരണം, പ്രകൃതിക്ക് പരിക്കേല്ക്കാതെയുള്ള പരിസ്ഥിതി സൗഹൃദജീവിതം, പരിസ്ഥിതി സ്നേഹികളെ കണ്ടെത്തൽ, മരം നടൽ, രാസവളവും കീടനാശിനി പ്രയോഗവുമില്ലാതെ കൃഷി, പുഴയും തോടും കുളവും വൃത്തിയാക്കൽ ഇവയൊക്കെ ഇക്കോസ്മാർട്ടാകാൻ നന്ന്.