പരിയാരം(കണ്ണൂർ): വാക്സിനെടുത്തിട്ടും അഞ്ചുവയസുകാരൻ പേവിഷബാധയേറ്റ് മരിച്ചു. തമിഴ്നാട് കുറിശി സ്വദേശികളായ മണിമാരൻ -ജാതീയ ദമ്പതിമാരുടെ മകൻ ഹാരിത്ത് (അഞ്ച്) ആണു കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
രോഗലക്ഷണങ്ങളെത്തുടർന്ന് കഴിഞ്ഞ18 നാണ് കുട്ടിയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. 15 വർഷമായി കേബിൾ ഓപ്പറേറ്ററായി ജോലി ചെയ്തു കണ്ണൂർ പയ്യാമ്പലത്ത് താമസിക്കുകയാണ് മണിമാരനും ഭാര്യയും. ഇവരുടെ ഏകമകനാണ് ഹാരിത്ത്. മേയ് 31നാണ് പയ്യാമ്പലത്തെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഹാരിത്തിനെ തെരുവുനായ കടിക്കുന്നത്. വലതുകണ്ണിനും ഇടതുകാലിലുമാണ് കടിയേറ്റത്. ഉടൻതന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആന്റീറാബീസ് വാക്സിനും ഇമ്യൂണോഗ്ലോബുലിനും നൽകി. തുടർന്ന് രണ്ടു പ്രാവശ്യവും വാക്സിൻ നൽകിയിരുന്നു.
എന്നാൽ, ചികിത്സയ്ക്കുശേഷവും കുട്ടിക്ക് പേവിഷബാധയേൽക്കുകയായിരുന്നു. കുട്ടിക്ക് ചികിത്സ ലഭിച്ചതായി സ്ഥിരീകരിച്ചെങ്കിലും റാബീസ് രോഗം പൂർണമായും ഒഴിവാക്കാനാകാത്ത സാഹചര്യമുണ്ടായിരിക്കാമെന്നാണ് അധികൃതർ പറയുന്നത്.
വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റത് അന്വേഷിക്കാനുള്ള നടപടി ആരോഗ്യവകുപ്പ് തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെക്ടർ കൺട്രോൾ ആൻഡ് സ്യൂണോസ്സ് (ഐവിസി സെഡ്) മുഖേനയാണ് അന്വേഷണം നടക്കുന്നത്.