പൊതു ആവശ്യങ്ങൾക്കു ഭൂമി ഏറ്റെടുക്കുമ്പോൾ ചട്ടപ്രകാരമുള്ള നഷ്ടപരിഹാരത്തുകയ്ക്ക് എല്ലാവർക്കും അവകാശമുണ്ടെങ്കിലും വീടും ജീവനോപാധിയും നഷ്ടപ്പെടുന്നവർക്കു മാത്രമേ പുനരധിവാസത്തിന് അർഹതയുള്ളൂ എന്ന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു.
ഇതു സർക്കാരുകൾക്ക് ആശ്വാസകരമാണെങ്കിലും ഉത്തരവാദിത്വങ്ങളിൽനിന്ന് ഒളിച്ചോടാനുള്ള പഴുതല്ല. കാരണം, നഷ്ടപരിഹാരമായാലും പുനരധിവാസമായാലും ഈ രാജ്യത്ത് അതു യഥാസമയം ലഭിക്കില്ലെന്നുള്ളതാണ് യഥാർഥ പ്രശ്നം.
കേരളത്തിൽ മൂലന്പിള്ളിയിലുൾപ്പെടെ പുനരധിവാസമെന്ന പേരിൽ ലഭിച്ച പാഴ്നിലങ്ങളിൽ മൺമറഞ്ഞ മനുഷ്യരെ ആരെങ്കിലും ഓർക്കുന്നുണ്ടോ? വാടകവീടുകളിൽ കഴിയുന്ന വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ ഓർക്കുന്നുണ്ടോ? കെ-റെയിലിൽ എന്നപോലെ ഏറ്റെടുക്കുമോ ഇല്ലയോ എന്നു സർക്കാരിനുപോലും അറിയില്ലെങ്കിലും ക്രയവിക്രയം ചെയ്യാനോ പണയം വയ്ക്കാനോ ഒന്നുമാകാത്ത മരവിച്ച മണ്ണിന്റെ വെറും പേരവകാശികൾ വേറെ.
ഏതു സർക്കാരായാലും ഒരു തുണ്ട് ഭൂമി തൊടുന്പോൾ അതു സന്പാദിച്ചവന്റെ നെഞ്ചിടിപ്പറിയണം. അതറിയാത്തതുകൊണ്ടാണ് ഭൂമിയേറ്റെടുക്കൽ കേസുകളിലെല്ലാം കോടിതിവ്യവഹാരങ്ങളുണ്ടാകുന്നത്; മറക്കരുത്.
വികസനത്തിനു ഭൂമി വിട്ടുനൽകിയവർക്ക് 1992ലെ നയപ്രകാരം നഷ്ടപരിഹാരത്തിനു പുറമേ പുനരധിവാസവും നടപ്പാക്കണമെന്ന ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കിയാണ് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്.
ഹർജിക്കാർക്ക് 2016ലെ നയത്തിന്റെ അടിസ്ഥാനത്തിൽ പകരം ഭൂമി ലഭ്യമാക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. “ജീവിക്കാനും ഉപജീവനത്തിനുമുള്ള അവകാശത്തെ വ്യാഖ്യാനിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 21, ഭൂമി ഏറ്റെടുക്കൽ കേസുകളിൽ ബാധകമാകില്ല.
ഏതെങ്കിലും പൊതു ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ, ഭൂമി നൽകുന്നവർക്ക് ഉചിതമായ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. പക്ഷേ, അപൂർവങ്ങളിൽ അപൂർവമായ സന്ദർഭങ്ങളിൽ മാത്രമേ, പണമായി നഷ്ടപരിഹാരം നൽകുന്നതിനു പുറമേ, പുനരധിവാസം പരിഗണിക്കേണ്ടതുള്ളൂ.
വീടോ ജീവിതമാർഗമോ നഷ്ടപ്പെട്ട് ദരിദ്രരായ വ്യക്തികളെ മാത്രമായിരിക്കണം പുനരധിവസിപ്പിക്കേണ്ടത്. അനാവശ്യമായി പ്രീണന പുനരധിവാസ പദ്ധതികൾ പ്രഖ്യാപിക്കരുത്. അവ പിന്നീടു നിയമയുദ്ധങ്ങളായി മാറും.”സുപ്രീംകോടതിയുടെ വിധി പുനരധിവാസത്തെക്കുറിച്ചാണെങ്കിലും ഭൂമി ഏറ്റെടുക്കലിനെത്തുടർന്ന് തകർക്കപ്പെടുന്ന വലിയൊരു വിഭാഗം മനുഷ്യരെക്കുറിച്ചുകൂടി ചർച്ച ചെയ്യേണ്ട സന്ദർഭമാണിത്.
ഇന്ത്യയിലെ വികസന പദ്ധതികളും പുനരധിവാസവും എക്കാലവും സർക്കാർ വാഗ്ദാനങ്ങളിലും ലംഘനങ്ങളിലും കെടുകാര്യസ്ഥതയിലും കെട്ടുപിണഞ്ഞു കിടക്കുകയാണ്. അതിന്റെ ഇരകളിലേറെയും ദരിദ്രരായ മനുഷ്യരാണ്. സർക്കാർ ഏതെങ്കിലും പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമെന്നു കേൾക്കുന്പോൾ തന്നെ പൗരന്മാരുടെ ഉള്ളിൽ തീയാണ്.
നാഷണൽ ഹൈവേ പോലുള്ള വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുപോലെ നീങ്ങിയില്ലെങ്കിലും അനുഭവിക്കേണ്ടി വരുന്നത് ഭൂമി വിട്ടുകൊടുത്തവരാണ്. ദേശീയപാത 744 ഗ്രീൻ ഫീൽഡ് ഹൈവേക്കായി വിജ്ഞാപനം ചെയ്ത ഭൂമിയുടെ ഉടമകൾക്കു നഷ്ടപരിഹാരം വൈകിയത് കേന്ദ്ര-സംസ്ഥാന തർക്കത്തിലാണ്.
ചിലർക്കു നല്ല രീതിയിൽ നഷ്ടപരിഹാരം ലഭിച്ചോ എന്നതല്ല, ആരുടെയെങ്കിലും ജീവിതം തുലഞ്ഞോ എന്നതാണ് സർക്കാരുകൾ പരിഗണിക്കേണ്ടത്. ഉചിതവും അന്തസാർന്നതുമായ നഷ്ടപരിഹാരം ലഭിച്ചാൽ ഒരാൾപോലും, തരിശുനിലങ്ങളും ചതുപ്പുനിലങ്ങളും പാറക്കെട്ടുകളുമായി പുനരധിവാസത്തിനൊരുങ്ങുന്ന സർക്കാരിനെ കാത്തുനിൽക്കില്ല.
വല്ലാർപാടം ടെർമിനലിന്റെയും ഏഴിമല നേവൽ അക്കാഡമിയുടെയും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെയും വീരഗാഥകൾ പാടുന്നവർ അവിടങ്ങളിൽനിന്ന് പിഴുതെറിയപ്പെട്ടവരുടെ നിലവിളി കേൾക്കില്ല. കെ-റെയിലിന്റെ പേരിൽ ബന്ദികളാക്കപ്പെട്ടവരുടെ പുരയിടങ്ങളിലേക്കു നോക്കില്ല. നാട് വികസിക്കണമെന്നതിൽ ആർക്കുമില്ല സംശയം.
പക്ഷേ, അതിനുവേണ്ടി സ്വന്തം ഭൂമി കൊടുത്തവരിൽ ചിലർ വികസനത്തിന്റെ ഇരകളും സർക്കാർ വേട്ടക്കാരുമായാൽ അതു വികസനമല്ല, ഭരണകൂട ഭീകരതയാണ്. രാജ്യനന്മയ്ക്കായി സ്വന്തം മണ്ണ് വിട്ടുകൊടുത്ത് ശിഷ്ടജീവിതം ചുവപ്പുനാടയിൽ കുരുങ്ങിപ്പോയ ആയിരക്കണക്കിനു മനുഷ്യരുള്ള രാജ്യമാണിത്. മണ്ണു വാങ്ങി ദെണ്ണം കൊടുക്കരുത്.