കൊച്ചി: കേരളത്തിലെ ജലാശയങ്ങളെ കാര്‍ന്നുതിന്നുന്ന കുളവാഴ ശല്യത്തിനു പരിഹാരം കാണുന്നതും അതിനെ വരുമാനമാര്‍ഗമാക്കി മാറ്റുന്നതിനായുള്ള നയപരമായ ഇടപെടലുകളുടെ ആവശ്യകത ഉയര്‍ത്തിക്കാട്ടിയും ബോധവത്കരണ കാംപയിനുമായി കൊച്ചി ജെയിന് യൂണിവേഴ്സിറ്റി. ഫ്യൂച്ചര്‍ കേരള മിഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ ‘സുസ്ഥിര ഉപജീവനത്തിനും പാരിസ്ഥിതിക പുനഃസ്ഥാപനത്തിനുമായി കുളവാഴയെ പുനരുപയോഗിക്കുക’ എന്ന വിഷയത്തില്‍ നടന്ന ശില്പശാലയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. മുന്‍ അംബാസഡറും ഫ്യൂച്ചര്‍ കേരള മിഷന് ചെയര്‍മാനുമായ പ്രഫ. വേണു രാജാമണി അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ ജെയിന് സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത, വിദഗ്ധര്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, എന്‍ജിഒ പ്രതിനിധികള്‍, വ്യവസായികള്‍ എന്നിവര്‍ പങ്കെടുത്തു. കേരളം നേരിടുന്ന കുളവാഴ ഭീഷണിയെക്കുറിച്ചും അതിനുള്ള പരിഹാര മാര്‍ഗങ്ങളെക്കുറിച്ചും ശില്പശാല വിശദമായി ചര്‍ച്ച ചെയ്തു.
ജെയിന് യൂണിവേഴ്സിറ്റി നടത്തുന്ന കാമ്പയിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. തുടര്‍ന്ന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ഉള്‍പ്പെടുത്തി പ്രത്യേക സമ്മേളനം സംഘടിപ്പിക്കും. കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങളെ വീണ്ടെടുക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും അതുവഴി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള നയപരമായ മാറ്റങ്ങള്‍ക്കും സമ്മേളനം ഊന്നല്‍ നല്‍കും.