വൈപ്പിൻ: എളങ്കുന്നപ്പുഴ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ യമനിൽനിന്നുള്ള രണ്ട് വിദ്യാർഥികൾ കടലിന്റെ കാണാക്കയങ്ങളിലേക്ക് മറഞ്ഞിട്ട് ഇന്നേക്ക് ഒരു മാസം. തെരച്ചിലുകൾ ഏറെ നടത്തിയെങ്കിലും ഇരുവരെയും ഇതുവരെ കണ്ടെത്താനായില്ല.
കഴിഞ്ഞമാസം രണ്ടിനാണ് കോയമ്പത്തൂർ രത്തിനം കോളജിലെ ഐടി വിദ്യാർഥികളായ ജുബ്രാൻ ഖലീൽ (21), അബ്ദുൾ സലാം അവാദ് (22) എന്നിവർ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായത്.
ഒമ്പതംഗ വിദേശ വിദ്യാർഥി സംഘം കോയമ്പത്തൂരിൽ നിന്ന് കാർ വാടകയ്ക്കെടുത്ത് എറണാകുളത്ത് വിനോദയാത്ര വന്നതാണ്. കടലിൽ കുളിക്കാൻ ഇറങ്ങിയ സംഘത്തെ മത്സ്യത്തൊഴിലാളികൾ വിലക്കിയെങ്കിലും ഭാഷ ഇവർക്ക് മനസിലായില്ല. ഇതാണ് വിനയായത്.
വിവരമറിഞ്ഞ് കാണാതായവരുടെ ബന്ധുക്കൾ സ്ഥലത്ത് എത്തിയിരുന്നു. കോസ്റ്റ് ഗാർഡും നേവിയും കോസ്റ്റൽ പോലീസും ഒക്കെ ഒരാഴ്ചയോളം നടത്തിയ തെരച്ചിൽ വിഫലമായതിനെ തുടർന്ന് പ്രതീക്ഷയറ്റ ബന്ധുക്കൾ ഒടുവിൽ നിരാശയോടെ നാട്ടിലേക്ക് വിമാനം കയറി.