ചങ്ങനാശേരി: മഴയെത്തുടര്‍ന്ന് വെള്ളം കയറിയതുമൂലം ഒരു മാസത്തിനിടെ മൂന്നാം തവണ തുരുത്തി -മന്നത്തുകടവ് റോഡില്‍ യാത്ര തടസപ്പെട്ടു. ഇളങ്കാവ്, അമ്പലക്കോടി, മന്നത്തുകടവ് പ്രദേശങ്ങളില്‍ താമസിക്കുന്ന നൂറുകണക്കിന് ആളുകള്‍ ആശ്രയിക്കുന്ന റോഡിലെ മാലിന്യം കലര്‍ന്ന വെള്ളക്കെട്ടിലൂടെ നീന്തിയാണ് ആളുകള്‍ ഇപ്പോള്‍ യാത്ര ചെയ്യുന്നത്.
തൊട്ടടുത്തുള്ള തരിശുപാടത്ത് സാമൂഹികവിരുദ്ധര്‍ നിക്ഷേപിച്ച കുട്ടികളുടെ ഡയപ്പറുകള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ റോഡിലേക്ക് ഒഴുകിയെത്തുന്നുണ്ട്. മലിനജലത്തിലൂടെ നടക്കുന്നതുമൂലം പകര്‍ച്ചവ്യാധികള്‍ പിടിപെടുമോ എന്ന ആശങ്കയിലാണ് ജനം.
ഇവിടെയുള്ള കുളത്തിന്റെ വശത്ത് മണ്ണിട്ടുയര്‍ത്തിയത് മൂലം റോഡിലൂടെ വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയാണ്. ഗതാഗതം സ്തംഭിച്ചതുമൂലം പ്രദേശവാസികള്‍ക്ക് രോഗികളെ ആശുപത്രിയില്‍പ്പോലും എത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
വാഴപ്പള്ളി പഞ്ചായത്ത് പരിധിയിലുള്ള റോഡിന്റെ ഭാഗമുയര്ത്തി കലുങ്ക് നിര്‍മിച്ച ശേഷം വെള്ളം തോട്ടിലേക്ക് ഒഴുകിപ്പോകാന്‍ ഓട നിര്‍മിച്ചെങ്കിലേ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകൂ. ഒപ്പം, കുറിച്ചി പഞ്ചായത്തിന്റെ പരിധിയിലുള്ള റോഡിന്റെ ഭാഗവും ഉയര്‍ത്തി പണിയണം.
തുരുത്തി-മന്നത്തുകടവ് റോഡ് അടിയന്തരമായി ഉയര്‍ത്തിപ്പണിത് തോട്ടിലേക്ക് വെള്ളമൊഴുകാന്‍ സംവിധാനമൊരുക്കണമെന്ന് എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. സെബിന് എസ്. കൊട്ടാരം ആവശ്യപ്പെട്ടു.