നെടുമങ്ങാട്: റോഡിൽ പൊട്ടിവീണ വൈദ്യുതകമ്പിയിൽനിന്നു ഷോക്കേറ്റ് ഇരുചക്ര വാഹനയാത്രക്കാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.
നെടുമങ്ങാട് പനയമുട്ടം വെള്ളായണി മൺപുറത്ത് അജയവിലാസത്തിൽ സുരേഷ് കുമാർ-ശാലിനി ദമ്പതികളുടെ മകൻ അക്ഷയ് സുരേഷ് (19)ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം. മൂന്നാം വർഷ ബിരുദവിദ്യാർഥിയായ അക്ഷയ് കാറ്ററിംഗ് ജോലി കഴിഞ്ഞ് രാത്രി ബൈക്കിൽ വീട്ടിലേക്ക് സുഹൃത്തുക്കളുമായി മടങ്ങുന്നതിനിടെ പനവൂരിൽനിന്നു പനയമുട്ടത്തേക്കുള്ള റോഡിൽ പാമ്പാടി മോസ്കിനു സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളായ പനയമുട്ടം പഴവിള കോണത്തു വീട്ടിൽ അമൽ നാഥിനും (19) അജയപുരത്ത് വിനോദിനും (29) ഒപ്പം വീട്ടിലേക്കുവരികയായിരുന്നു അക്ഷയ്. അക്ഷയ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. മൂവരും ഹെൽമറ്റ് ധരിച്ചിരുന്നു.
റോഡരികിലെ റബർ മരത്തിന്റെ ഉണങ്ങിയ ശിഖരം ഒടിഞ്ഞ് വൈദ്യുതകമ്പികളും കോൺക്രീറ്റ് പോസ്റ്റും റോഡിൽ നിലംപൊത്തി കിടന്നത് ഇവർ കണ്ടില്ല. മരക്കൊമ്പിൽ ഇടിച്ചു മറിഞ്ഞ ബൈക്കിൽനിന്നു സുഹൃത്തുക്കൾ തെറിച്ചുവീഴുകയും അക്ഷയുടെ കാൽ, ബൈക്കിന്റെ ക്രാഷ് ഗാർഡിൽ കുരുങ്ങി റോഡിൽ കിടന്ന വൈദ്യുതലൈനിൽ വീഴുകയുമായിരുന്നു. റോഡിന്റെ മറുവശത്തു തെറിച്ചുവീണ വിനോദും അമൽ നാഥും ഓടിയെത്തി അക്ഷയിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ഇവർക്കും ഷോക്കേറ്റു. ബൈക്ക് ഉയർത്താൻ ശ്രമിച്ചപ്പോൾ വാഹനത്തിലും വൈദ്യുതി പ്രവാഹം ഉണ്ടായിരുന്നു. യുവാക്കളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഹെൽമറ്റുകൾ കൊണ്ട് തട്ടിനീക്കിയാണ് അക്ഷയിനെ വൈദ്യുതകമ്പിയിൽനിന്ന് പുറത്തെടുത്തത്. നെടുമങ്ങാട് പോലീസ് കേസെടുത്തു.