കണ്ണൂർ എടക്കാട് ഏഴര മുനമ്പിൽ നിന്നും കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. താഴെ കായലോട്ടെ എം.സി. ഹൗസിൽ ഫർഹാൻ റൗഫിന്റെ (18) മൃതദേഹമാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മുഴപ്പിലങ്ങാട് ശ്മശാനത്തിന് അടുത്ത് ബീച്ചിൽ നിന്ന് കണ്ടെത്തിയത്. രണ്ട് ദിവസമായി ഫർഹാന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയായിരുന്നു.
ബുധനാഴ്ച വൈകുന്നേരമാണ് ഫർഹാനെ കടലിൽ കാണാതായത്. സുഹൃത്തുക്കളോടൊപ്പം പാറക്കെട്ടിലിരിക്കുന്നതിനിടെ ശക്തമായ തിരമാലയിൽപ്പെട്ട് ഫർഹാൻ കടലിൽ വീഴുകയായിരുന്നു. സമീപത്തെ പാറക്കെട്ടിൽ പിടിച്ചുനിന്ന സുഹൃത്തിനെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ ഫർഹാനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
പ്രതികൂല കാലാവസ്ഥയും ശക്തമായ തിരമാലകളും തിരച്ചിലിനെ സാരമായി ബാധിച്ചിരുന്നു. അഗ്നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. പ്രദേശത്ത് കടൽക്ഷോഭം രൂക്ഷമായതിനാൽ വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.