ചങ്ങനാശേരി: വിദ്യാര്‍ഥികള്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിയാത്ത സ്ഥിതിവിശേഷമാണ് ഇന്ന് കേരളത്തിലുള്ളതെന്നും മലയാള വായനശീലം വളര്‍ത്താന്‍ സ്കൂളുകള്‍ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും മുന്‍ ഡിജിപി ഋഷിരാജ് സിംഗ്. ചങ്ങനാശേരി ക്രിസ്തുജ്യോതി വിദ്യാനികേതന്‍ ഐഎസ്സി സ്കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എക്സലന്‍ഷ്യ -2025 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്തുജ്യോതി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് മാനേജര്‍ റവ.ഡോ. തോമസ് കല്ലുകളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ ഫാ. ടോമി ഇലവുങ്കല്‍, പ്ലാസിഡ് വിദ്യാവിഹാര്‍ പ്രിന്‍സിപ്പല്‍ ഫാ. സ്കറിയ എതിരേറ്റ്, ക്രിസ്തുജ്യോതി കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോഷി ചീരാംകുഴി,
പ്രിന്‍സിപ്പല്‍ ഫാ. ഫിലിപ്പോസ് തുണ്ടുവാലിച്ചിറ, ബര്‍സാര്‍ ഫാ. അഖില്‍ കരിക്കാത്തറ, വൈസ് പ്രിന്‍സിപ്പല്‍ എലിസബത്ത് റെജി, പിടിഎ പ്രസിഡന്റ് ഡോ. ജോബിന് എസ്. കൊട്ടാരം, സുനില്‍ തോമസ്, ഷാലിയ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
പ്ലസ് വണ്‍ പ്രവേശനോത്സവവും പത്താം ക്ലാസിൽ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും ഇതോടൊപ്പം നടന്നു.