തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും പലയിടങ്ങളിലും കനത്ത നാശനഷ്ടങ്ങൾ. വെള്ളിയാഴ്ച രാത്രി മുതൽ മിക്ക ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്.
പാലക്കാട് ജില്ലയിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും കല്ലടിക്കോട്, പനയമ്പാടം, പാലക്കയം മേഖലകളിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. മൂന്നുപേർക്ക് പരിക്കേറ്റു. കല്ലടിക്കോട് അമ്പലപ്പള്ളിയാലിൽ എതിർപ്പുള്ളി മേലെമഠം ചാണ്ടാട്ടിൽ വീട്ടിൽ വാസു (88), ജാനകി (72), അഭിജിത്ത് (23) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം.
വാസുവിന്റെ മകൻ സുരേഷുമൊത്ത് വീടിനുള്ളിൽ ഇരിക്കുന്നതിനിടെയാണ് തെങ്ങ് വീടിനുമുകളിലേക്കു വീണത്. വീടിന്റെ മേൽക്കൂര തകർന്നു. പഞ്ചായത്ത് അംഗം കെ.കെ. ചന്ദ്രന്റെ നേതൃത്വത്തിൽ പരിക്കേറ്റവരെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
പനയമ്പാടം യുപി സ്കൂളിനു സമീപം തേക്കുമരം കടപുഴകിവീണ് മൂന്നു വൈദ്യുതി പോസ്റ്റുകൾ തകർന്നു. ബൈക്ക് വെട്ടിച്ചുമാറ്റിയതിനാൽ ഇതുവഴി കടന്നുപോയ ബൈക്ക് യാത്രക്കാരനായ രമേഷ് രക്ഷപ്പെട്ടു.
പഴയ പാലക്കയത്ത് മരങ്ങൾ വീടിനു മുകളിൽവീണ് കീച്ചാലിൽ ടോമിയുടെ വീട് തകർന്നു. മരുതുംകാട്, കരിമല, മുണ്ടനാട്, ചീനിക്കപ്പാറ, അച്ചിലട്ടി, പായപ്പുല്ല്, ഇഞ്ചിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലും മരങ്ങൾവീണ് കൃഷികൾ നശിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ വിലങ്ങാട്, കല്ലാച്ചി മേഖലകളില്‍ ശക്തമായ മഴക്കൊപ്പം മിന്നല്‍ ചുഴലിയും നാശം വിതച്ചു. വന്‍ മരങ്ങള്‍ കടപുഴകി വീണു, വീടുകള്‍ തകര്‍ന്നു. നാദാപുരം പഞ്ചായത്ത് നാലാം വാര്‍ഡ് തെരുവന്‍ പറമ്പ്, ചിയ്യൂര്, ചീറോത്ത് മുക്ക് എന്നിവിടങ്ങളിലും വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് മേഖലകളിലുമാണ് പുലര്‍ച്ചെ ഒരു മണിയോടെ മിന്നല്‍ ചുഴലി നാശം വിതച്ചത്.
വീടുകള്‍ക്ക് മുകളില്‍ വന്‍ മരങ്ങളും തെങ്ങുകളും കടപുഴകി വീണു. വീടുകള്‍ മരം വീണ് തകര്‍ന്നു. പല വീടുകളുടെയും ഓടുകള്‍ പാറിപ്പോയി. കല്ലാച്ചിയില്‍ നിര്‍ത്തിയിട്ട കാറിന് മുകളില്‍ തെങ്ങ് വീണ് കാര്‍ തകര്‍ന്നു. വിലങ്ങാട് ഉരുട്ടി, വാളൂക്ക് പ്രദേശങ്ങളിലും അതി ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീടുകള്‍ക്ക് മേല്‍ പതിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഈ മേഖലയില്‍ സംഭവിച്ചത്.
കല്ലാച്ചിയില്‍ വൈദ്യുതി ബന്ധവും താറുമാറായി. മരങ്ങള്‍ വീണ് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. ഇതോടെ ഈ മേഖല ഇരുട്ടിലായി. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
എറണാകുളം ജില്ലയിൽ ചിലയിടങ്ങളിൽ മരമൊടിഞ്ഞതു വീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കുമ്പളം മേഖലയിലുണ്ടായ ശക്തമായ കാറ്റിൽ ഒട്ടേറെ സ്ഥലങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണു. കുമ്പളം നോർത്ത് വടക്കേച്ചിറ പ്രഭാസന്റെ വീടിനു മരം വീണ് കേടുപാടുകള്‍ പറ്റി. സെന്റ് ജോസഫ്സ് കോൺവെന്റിനു സമീപം കണ്ണാട്ട് ആന്റണിയുടെ വീട്ടിലേക്ക് ആഞ്ഞിലി കടപുഴകി വീണ് വൈദ്യുതിക്കമ്പികൾ പൊട്ടി.
എറണാകുളം– ആലപ്പുഴ തീരദേശ റെയിൽപാതയിൽ പാതിരപ്പള്ളിക്കു സമീപം രാവിലെ ഏഴോടെ ട്രാക്കിലേക്കു തെങ്ങു വീണതിനെ തുടർന്നു ട്രെയിനുകൾ പിടിച്ചിട്ടു. ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകളാണു വൈകിയത്. തെങ്ങ് വെട്ടിനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശമുണ്ടായി. കൈപ്പുഴ കാളച്ചന്തയ്ക്ക് സമീപം കൂറ്റൻമരം വൈദ്യൂതി ലൈനിലേക്ക് വീണു. കൈപ്പുഴ പള്ളിത്താഴെ നിന്ന് ആശുപത്രി ഭാഗത്തേക്കുള്ള റോഡിനു കുറുകെയാണ് മരം വീണത്. സംഭവത്തെതുടർന്ന് ഈ റോഡിലൂടെയുള്ള ഗതാഗതം നിലച്ചു. തുടർന്നു കൂറ്റൻ മരം വെട്ടിമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കൈപ്പുഴ അജയ ഭവനിൽ ജാനകിയുടെ വീടിന്റെ മുകളിൽ സമീപത്തുനിന്ന കൂറ്റൻ തേക്കുമരം വീണ് വീടിന്റെ മേൽക്കുര തകർന്ന നിലയിലാണ്. മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിന് സമീപം ധന്വന്തരിക്ക് മുൻവശത്തും മരക്കൊമ്പ് അടർന്നു വീണ് വൈദ്യൂതി മുടങ്ങി.
കുമരകം പുത്തൻ റോഡിന് സമീപവും നസ്രേത്ത് ഭാഗത്തും അപ്സര സമീപവും കവണാറ്റിൽകര ഭാഗത്തും ഉണ്ടായത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടങ്ങളാണ്. മരം റോഡിനു കുറുകെയും വീടുകളുടെ മേൽക്കൂരകളിലും വൈദ്യുതി ലൈനുകളിലും വീണുമാണ് നാശനഷ്ടങ്ങൾ ഉണ്ടായത്.
കുമരകം-ചേർത്തല റോഡിൽ കുമരകം പുത്തൻ റോഡിന് സമീപം കൂറ്റൻ തണൽമരം റോഡിന് കുറുകെ വീണ് നാലു മണിക്കൂർ ഗതാഗതം പൂർണമായി സ്തംഭിച്ചു. കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബുവിന്റെ നേതൃത്വത്തിൽ നാട്ടുകാരും കോട്ടയത്തുനിന്നെത്തിയ ഫയർഫോഴ്സും കുമരകം പോലീസും നാട്ടുകാരും ചേർന്നാണ് മരംമുറിച്ചു നീക്കിയത്.
ഇതേസമയം, തന്നെ നാലുപങ്ക് റോഡിലും മരങ്ങൾ കൂട്ടത്തോടെ മറിഞ്ഞു കൊഞ്ചുമട റൂട്ടിലും ഗതാഗതം പൂർണമായി സ്തംഭിച്ചു. തിരുവാർപ്പിലും വലിയ നാശങ്ങളാണ് ഉണ്ടായിരിക്കുന്നത്. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും കമ്പികൾ പൊട്ടിവീഴുകയും ചെയ്തിട്ടുണ്ട്.