എസ്.ആർ. സുധീർ കുമാർ
കൊല്ലം: തപാൽ വകുപ്പിനെ ലാഭത്തിലാക്കാൻ സ്വന്തമായുള്ള കെട്ടിടങ്ങളിൽ ആവശ്യം കഴിഞ്ഞുള്ള ഭാഗങ്ങൾ പാട്ടത്തിനു നൽകാൻ തീരുമാനം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വകുപ്പിനെ പൂർണമായും ലാഭത്തിലാക്കുന്ന കർമ പദ്ധതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകി.
സാമ്പത്തിക സുസ്ഥിരതക്കായി സ്വന്തം ഭൂമികളിൽ നിന്ന് ധനസമ്പാദനത്തിനാണ് പദ്ധതിയിൽ പ്രധാനമായും ഊന്നൽ നൽകുന്നത്. ഇതോടൊപ്പം വൈവിധ്യമാർന്ന സേവനങ്ങളിലൂടെ പുതിയ ബിസിനസ് മേഖലകൾ വ്യാപിപ്പിച്ചും വരുമാനം വർധിപ്പിക്കും. രാജ്യത്ത് നിലവിൽ 1.6 ലക്ഷം പോസ്റ്റ് ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ സ്വന്തമായുള്ള കെട്ടിടങ്ങളിൽ ഓഫീസ് പ്രവർത്തനം ഒഴിച്ചുള്ള ഭാഗങ്ങളിലെ റിയൽ എസ്റ്റേറ്റ് സാധ്യതകൾ തിരിച്ചറിഞ്ഞ് വാണിജ്യപരമായി ലാഭം ലഭിക്കുന്നവ ദീർഘകാല അടിസ്ഥാനത്തിൽ പാട്ടത്തിന് നൽകാനാണ് തീരുമാനം.
മാത്രമല്ല വകുപ്പിന് സ്വന്തമായി ഭൂമിയുള്ള പ്രദേശങ്ങളിൽ താഴത്തെ നിലയിൽ പോസ്റ്റ് ഓഫീസ് മന്ദിരം സ്ഥാപിച്ച് ബാക്കി സ്ഥലത്ത് ബഹുനില കെട്ടിടങ്ങൾ നിർമിച്ച് പാട്ടത്തിന് നൽകാനും പദ്ധതിയുണ്ട്.
ഇതിന്റെ ഭാഗമായി തപാൽ വകുപ്പ് തങ്ങളുടെ സ്വത്തുക്കളുടെ പട്ടിക തയാറാക്കുന്നത് ആരംഭിച്ച് കഴിഞ്ഞു. ഉടമസ്ഥാവകാശ രേഖകൾ പരിശോധിച്ച് ഇതിൽ വാണിജ്യ സാധ്യത കൂടുതലുള്ളവയുടെ പ്രത്യേക ലിസ്റ്റും തയാറാക്കും. തപാൽ വകുപ്പിന്റെ പ്രതിവർഷ ചെലവ് 27, 000 കോടി രൂപയാണ്. 12,000 കോടി രൂപ മാത്രമാണ് വരുമാനമായി ലഭിക്കുന്നത്.
സേവന വിപുലീകരണം, സാങ്കേതികവിദ്യ നവീകരണം, ആസ്തികളിലൂടെ അധിക ധനസമ്പാദനം എന്നിവയിലൂടെ ഈ അന്തരം ഇല്ലാതാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
എക്സ്പ്രസ് പാർസൽ ഡെലിവറി, ആധാർ എൻറോൾമെന്റ്, പാസ്പോർട്ട് സൗകര്യം, മ്യൂച്ചൽ ഫണ്ട് വിതരണം അടക്കമുള്ള സേവനങ്ങൾ രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ലഭ്യമാക്കും. ഇതിനായി സർക്കാർ-സ്വകാര്യ ഏജൻസികളുമായി കൂടുതൽ പങ്കാളിത്ത കരാറുകളിൽ ഏർപ്പെടാനും വകുപ്പിന് പദ്ധതിയുണ്ട്.