കൊച്ചി: പാലക്കാട് പൊൽപ്പുള്ളിയിൽ കാറിനു തീപിടിച്ച് പരിക്കേറ്റ എൽസിയുടെയും മകൾ അലീനയുടെയും നില ഗുരുതരമായി തുടരുന്നു. ഇരുവരും കണ്ണുതുറന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും എൽസിയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടിട്ടില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.
എൽസിക്ക് 45 ശതമാനവും അലീനയ്ക്ക് 35 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. അപകടത്തിൽ മരിച്ച എൽസിയുടെ മറ്റു രണ്ടു മക്കളായ ആൽഫ്രഡ് മാർട്ടിൻ (ആറ്), എമില്‍ മരിയ മാര്ട്ടിൻ (നാല്) എന്നിവരുടെ മൃതദേഹങ്ങൾ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് കാർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വീടിനു മുന്നിൽ നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ തീപിടിക്കുകയായിരുന്നു. പാലക്കാട് പാലന ആശുപത്രിയിൽ നഴ്സായ എൽസി ജോലികഴിഞ്ഞു തിരികെയെത്തി ഒരുമണിക്കൂറിനുശേഷം മക്കളുമായി ഷോപ്പിംഗിനു പോകാൻ ഇറങ്ങിയ സമയത്തായിരുന്നു അപകടം.
വാഹനം സ്റ്റാർട്ടാക്കിയപ്പോൾ പെട്രോൾ ടാങ്കിന്റെ ഭാഗത്തുനിന്ന് തീ പിടിക്കുകയായിരുന്നു. ഉടൻതന്നെ എൽസി പുറത്തിറങ്ങി രണ്ടു മക്കളെയും പുറത്തേക്കു വലിച്ചിട്ടെങ്കിലും ഇതിനകം തീ ആളിപ്പടർന്നു. കാറിന്റെ ഡോർ അടഞ്ഞതു രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.
ബഹളം കേട്ടെത്തിയ നാട്ടുകാർ വെള്ളമൊഴിച്ചു തീയണച്ച് ഇവരെ പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അട്ടപ്പാടി സ്വദേശിയായ എൽസി നാലുവർഷം മുന്‍പാണ് ഇവിടെ താമസിക്കാനായി എത്തിയത്. ഇവരുടെ ഭർത്താവ് മാർട്ടിൻ ഒന്നര മാസം മുന്‍പ് കാൻസർ ബാധിച്ചു മരിച്ചിരുന്നു.
ആൽഫിൻ പൊൽപ്പുള്ളി കെവിഎം യുപി സ്കൂളിൽ ഒന്നാംക്ലാസ് വിദ്യാർഥിയും എമിലി യുകെജി വിദ്യാർഥിനിയുമാണ്. കുട്ടികളുടെ മൃതദേഹം പാലക്കാട്ടെത്തിച്ചു പോസ്റ്റ്മോർട്ടം നടത്തി എൽസിയുടെ നാടായ അട്ടപ്പാടി താവളത്തു സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
പാലക്കാട്ടുനിന്ന് ഫോറൻസിക് വിദഗ്ധൻ പി.ആർ. ആനന്ദ്, വിരലടയാള വിദഗ്ധൻ രാജേഷ് എന്നിവരെത്തി കത്തിനശിച്ച കാർ പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു.