പെരുവണ്ണാമൂഴി: ദിവസവും നൂറ് കണക്കിന് സന്ദർശകർ എത്തുന്ന പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിൽ റോഡുകൾ തോടായി. പ്രവേശന കവാടത്തിനു സമീപം പാത തകർന്ന് ഉറവ ജലം കുതിച്ചൊഴുകുകയാണ്. ഇവിടം ഏത് നിമിഷവും ഇടിഞ്ഞ് താഴാൻ ഇടയുണ്ട്.
ടൂറിസ്റ്റ് കേന്ദ്രവും റോഡും ജലസേചന വകുപ്പിന്റെ അധീനതയിലാണ്. രണ്ട് മാസം മുമ്പ് ജലജീവൻ പദ്ധതി പൈപ്പ് സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിച്ച് താഴ്ത്തിയിരുന്നു. പൈപ്പിടാൻ പാറയുള്ള ഭാഗം സ്ഫോടനം നടത്തിയാണ് ഗർത്തമുണ്ടാക്കിയത്. ഇത് കുഴൽ സ്ഥാപിച്ച് മൂടിയെങ്കിലും മഴ ആരംഭിച്ചതോടെ ഇവിടെയാണ് ഉറവ പൊട്ടി റോഡ് തോടായിരിക്കുന്നത്.
പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിനു മുമ്പ് റോഡ് നേരെയാക്കാൻ വേഗത്തിൽ ടാർ ചെയ്തിരുന്നു. ഒരാഴ്ചയാണ് ഫെസ്റ്റ് നടന്നത്. ഇതിനു ശേഷം റോഡിന്റെ തകർച്ച തുടങ്ങി. ഇതോടെ വാഹനങ്ങളിലെത്തുന്ന സന്ദർശകരുടെയും നാട്ടുകാരുടേയും കഷ്ടകാലവും ആരംഭിച്ചു.
ജലസേചന വകുപ്പ് തകർന്ന റോഡ് നേരെയാക്കാൻ ജല അഥോറിറ്റിക്ക് സത്വര നിർദേശം നൽകിയാൽ മാത്രമേ പ്രശ്നം പരിഹരിക്കുകയുള്ളൂ. എത്രയും വേഗം റോഡ് നന്നാക്കി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.