ലീഡ്സ്: അരങ്ങേറ്റക്കാരനായ സായ് സുദര്ശന് ഒപ്പം 33കാരനായ കരുണ്‍ നായരും ഇംഗ്ലണ്ടിന് എതിരേ ലീഡ്സിലെ ഹെഡിംഗ്ലിയിൽ നടക്കുന്ന ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടു. 2017 മാര്‍ച്ച് 25 മുതല്‍ 28വരെ ധര്‍മശാലയില്‍ ഓസ്ട്രേലിയയ്ക്കെതിരേ നടന്ന ടെസ്റ്റിലായിരുന്നു കരുണ്‍ നായര്‍ ഇന്ത്യക്കായി ഇതിനു മുന്‍പ് കളിച്ചത്. അതായത്, നീണ്ട 3,006 ദിവസത്തെ ഇടവേളയ്ക്കുശേഷം കരുണ്‍ നായര്‍ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തി.
ഇംഗ്ലണ്ട് ലയൺസിന് എതിരേ ഇന്ത്യ എയ്ക്കു വേണ്ടി ഈ മാസം ആദ്യം കരുൺ നായർ (204) ഇരട്ടസെഞ്ചുറി നേടിയിരുന്നു. കൂടാതെ രഞ്ജി ട്രോഫി കഴിഞ്ഞ സീസണിലെ പ്രകടനവും ദേശീയ ജഴ്സിയിലേക്കുള്ള മടങ്ങിവരവിന് കരുൺ നായർക്കു സഹായകമായി.
അരങ്ങേറ്റത്തിൽ സായ്ക്കു നിരാശ
അതേസമയം, ഇന്ത്യക്കായി സായ് സുദര്ശന് ടെസ്റ്റ് അരങ്ങേറ്റം നടത്തുന്നതിനും ലീഡ്സിലെ ഹെഡിംഗ്ലി സ്റ്റേഡിയം സാക്ഷ്യംവഹിച്ചു. ഇന്ത്യയുടെ 317-ാം ടെസ്റ്റ് കളിക്കാരനാണ് സായ് സുദര്ശന്. മൂന്നാം നമ്പര്‍ ബാറ്ററായി ക്രീസിലെത്തി, നേരിട്ട നാലാം പന്തില്‍ സായ് സുദര്ശന് പൂജ്യത്തിനു പുറത്തായി. മൂന്നാം നമ്പറില്‍ ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിക്കുന്ന 18-ാമനാണ് സായ് സുദര്ശന്. മൂന്നാം നമ്പറില്‍ അരങ്ങേറി പൂജ്യത്തിനു പുറത്താകുന്ന ആദ്യ ഇന്ത്യന്‍ താരവും.
ഇന്ത്യൻ പ്ലേയിംഗ് ഇലവൻ
യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ, വൈസ് ക്യാപ്റ്റൻ), കരുൺ നായർ, രവീന്ദ്ര ജഡേജ, ഷാർദുൾ ഠാക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.