സ്വന്തം ലേഖകൻ
ന്യൂഡൽഹി: തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരമായ കമൽ ഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിലായിരുന്നു സത്യപ്രതിജ്ഞ. മക്കൾ നീതി മയ്യം പാർട്ടിയുടെ അധ്യക്ഷനായ കമൽ ഹാസൻ ഡിഎംകെ പിന്തുണയോടെയാണ് ആദ്യമായി പാർലമെന്റിലെത്തുന്നത്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം മത്സരിക്കാതിരുന്നതിനു പ്രത്യുപകാരമായാണ് ഡിഎംകെ തങ്ങളുടെ ഒരു രാജ്യസഭാ സീറ്റ് കമൽ ഹാസന് വിട്ടുനൽകിയത്. കമൽ ഹാസന് തങ്ങളുടെ രാജ്യസഭാസീറ്റ് വിട്ടുനൽകുന്നതിലൂടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്നാട്ടിലെ സഖ്യം വികസിപ്പിക്കാനാണ് ഡിഎംകെ ലക്ഷ്യമിടുന്നത്.
പി. വിൽസൻ, രാജാത്തി, എസ്.ആർ. ശിവലിംഗം എന്നിവരും ഇന്നലെ ഡിഎംകെയുടെ രാജ്യസഭാ എംപിമാരായി സത്യപ്രതിജ്ഞ ചെയ്തു.