സ്വന്തം ലേഖകൻ
ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകരിച്ച തൊഴിൽ ബന്ധിത ആനുകൂല്യ (ഇഎൽഐ) പദ്ധതി അടുത്ത രണ്ട് വർഷത്തിനിടയിൽ 3.5 കോടി പുതിയ തൊഴിലുകൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പദ്ധതിക്കായി കേന്ദ്രം വകയിരുത്തിയിരിക്കുന്നതാകട്ടെ 99,446 കോടി രൂപയും. 2025 ഓഗസ്റ്റ് 1നും 2027 ജൂലൈ 31നുമിടയിൽ സൃഷ്ടിക്കപ്പെടുന്ന പുതിയ തൊഴിലുകൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. സ്വകാര്യമേഖലയിൽ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് സർക്കാർ 15,000 രൂപ വരെ പദ്ധതിയിലൂടെ നൽകുന്നു.
തൊഴിലുകൾ സൃഷ്ടിക്കുന്ന തൊഴിൽദാതാക്കൾക്കും സർക്കാർ ആനുകൂല്യം നൽകുന്നുവെന്നത് പദ്ധതിയുടെ പ്രത്യേകതയാണ്. അധികതൊഴിൽ സൃഷ്ടിക്കുന്പോൾ തൊഴിലുടമകൾക്ക് രണ്ടുവർഷംവരെ ആനുകൂല്യം ലഭിക്കുന്നു. നിർമാണമേഖലയിലെ സ്ഥാപനങ്ങൾക്കാകട്ടെ കൂടുതൽ ആനുകൂല്യങ്ങൾ അടുത്ത രണ്ട് വർഷം കൂടി നീട്ടും. മാസം ഒരു ലക്ഷം രൂപ വരെ ശന്പളമുള്ളവർക്കാണ് ആദ്യജോലിക്കുള്ള അനുമതി. ഇപിഎഫ്ഒ രജിസ്ട്രേഷന്റെ അടിസ്ഥാനത്തിൽ രണ്ടു ഗഡുക്കളായി ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകും.