ഇസ്രയേൽ-ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിലായിരിക്കുന്നു. യുഎസ് പ്രസിഡന്റ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. ഇറാന്റെ ആണവായുധ വികസന പദ്ധതികളും ബാലിസ്റ്റിക് മിസൈൽ പദ്ധതികളും തകർക്കാൻ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ വലിയ വിജയമാണു ലഭിച്ചത്.
അതിനുശേഷം, യുഎസ് ബി2 ബോംബറുകൾ ഫോർഡോ ആണവകേന്ദ്രവും ടോമഹോക്ക് മിസൈലുകൾ ഉപയോഗിച്ച് മറ്റു രണ്ട് ആണവകേന്ദ്രങ്ങളും നശിപ്പിച്ചു. അതോടെ ഇറാൻ വെടിനിർത്തലിനായി യാചിക്കുകയായിരുന്നു.
ഇസ്രയേൽ, മുഴുവൻ ഇറേനിയൻ ആകാശമേഖലയും നിയന്ത്രിച്ചു. എല്ലാ അപകടസാധ്യതകളും ഇല്ലാതാക്കി. നയതന്ത്ര വിമാനങ്ങൾക്കു പറക്കാൻപോലും ഇറാന് ഇസ്രയേലിന്റെ അനുമതി തേടേണ്ടിവന്നു.
ടെഹ്റാനിലെയും മറ്റു നഗരങ്ങളിലെയും സൈനിക കേന്ദ്രങ്ങളിൽ നിരന്തരമായ ബോംബാക്രമണത്തെത്തുടർന്ന് ഇറാന്റെ സൈനികശേഷി തകർന്ന് ട്രംപിനോട് വെടിനിർത്തലിന് അഭ്യർഥിക്കേണ്ട അവസ്ഥയിലായി. രാഷ്ട്രീയ തടവുകാർക്കായുള്ള എവിൻ ജയിലിന്റെ പ്രവേശനകവാടവും ബോംബാക്രമണത്തിൽ തകർന്നു. അതേസമയം, ഇറാനിൽനിന്ന് പുറത്താക്കിയ റേസ പഹ്ലവി രാജകുമാരന് ഒരു വാർത്താസമ്മേളനത്തിൽ സർക്കാരിനെതിരേ പ്രതിഷേധിക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്തു.
ആക്രമണം തുടങ്ങുംമുന്പ് ലക്ഷ്യമിട്ടതും അതിലപ്പുറവും സാധിച്ചെന്നും ഇനിയുള്ളതെല്ലാം അധികനേട്ടമാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു പിന്നീട് പ്രഖ്യാപിച്ചു. ഇറാനിൽ ഉണ്ടായേക്കാവുന്ന അധികാരശൂന്യത മറ്റ് ഏകാധിപതികൾ മുതലെടുക്കാനുള്ള സാധ്യത ബോധ്യപ്പെട്ട ട്രംപ് വെടിനിർത്തലിന് സമ്മതിക്കുകയും ഇസ്രയേലിനെ ഇക്കാര്യം ബോധ്യപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
വെടിനിർത്തലിനു തൊട്ടുമുന്പുവരെ ഇസ്രയേൽ ഇറാന്റെ സൈനികശേഷി കൂടുതൽ തകർക്കുന്നതിനായി ആക്രമണം തുടരുകയും ചെയ്തു. അവസാന നിമിഷംവരെ ഇറാനിൽനിന്ന് മിസൈലാക്രമണം ഉണ്ടായി. അതിൽ ഒരു ബാലിസ്റ്റിക് മിസൈൽ ബേർഷേബയിലെ പഴയ അപ്പാർട്ട്മെന്റ് കെട്ടിടം തകർക്കുകയും അഞ്ച് ഇസ്രേലി പൗരന്മാർ മരിക്കുകയും ചെയ്തു. ഇറാൻ സാധാരണക്കാർക്കു നേരേയാണ് ആക്രമണം നടത്തിയത്, ഇസ്രയേലാവട്ടെ സൈനിക കേന്ദ്രങ്ങൾ മാത്രമാണു ലക്ഷ്യമിട്ടത്.
രാവിലെ ഏഴിന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു പിന്നാലെ ഇറാൻ അതു ലംഘിച്ചു. 7.06ന് അവർ ഒരു മിസൈലാക്രമണം നടത്തി. 10.25ന് രണ്ട് മിസൈലുകളും അയച്ചു. അതിനുശേഷം ഇറാനിലെ സൈനിക കേന്ദ്രങ്ങളിലേക്ക് ഇസ്രയേലിന്റെ നിരവധി യുദ്ധവിമാനങ്ങൾ നീങ്ങി.
എന്നാൽ, വെടിനിർത്തൽ ലംഘിക്കുന്ന ഒന്നുംതന്നെ ചെയ്യരുതെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ശക്തമായി ആവശ്യപ്പെട്ടു. ഇസ്രയേൽ പിന്നീട് ഒരു റഡാർ സ്റ്റേഷൻ മാത്രമേ ആക്രമിച്ചുള്ളൂ. വിജയിച്ചെന്ന് ഇറാൻ നിലവിളിക്കുന്നു. എന്നാൽ, ഇറേനിയൻ ജനതയുടെ 62 ശതമാനവും മറിച്ചാണു ചിന്തിക്കുന്നത്.
രണ്ടു വർഷത്തിനകം മധ്യപൂർവേഷ്യ പൂർണമായി മാറി. ഇറേനിയൻ ഭീഷണി വലിയതോതിൽ ഇല്ലാതാക്കിയതിനാൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കകമാണ് ആ മാറ്റം സന്പൂർണമായത്.
12 ദിവസത്തെ യുദ്ധത്തിൽ ഇസ്രയേലിന് എന്താണ് നേടാൻ കഴിഞ്ഞത്?
ഇതുവരെ പ്രസിദ്ധീകരിച്ച കാര്യങ്ങൾ ഇതാണ്:
1) ഇറാന്റെ ആണവായുധ പദ്ധതി ഇല്ലാതാക്കി.
2) ഇറാൻ മിസൈൽ സംവിധാനത്തിന് ഗുരുതരമായ നാശം വരുത്തി.
3) ഇറാന് നിരവധി നാശനഷ്ടമുണ്ടായി. സുരക്ഷാ സേനാ മേധാവികൾ, ആണവ ശാസ്ത്രജ്ഞർ, സൈനികർ എന്നിവരുൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. കൂടാതെ, ഉത്പാദന, ആക്രമണ, പ്രതിരോധ മേഖലയിലും ഒട്ടനവധി നാശനഷ്ടമുണ്ടായി.
4) ഇസ്രയേലിന്റെ എല്ലാ വൈമാനികരും സുരക്ഷിതരായി തിരിച്ചെത്തി.
5) ഇസ്രയേൽ ഒരു വൻശക്തിയുടെ കഴിവുകൾ കാണിച്ചു. ആകാശത്ത് സന്പൂർണാധിപത്യം പുലർത്തി. ശത്രുക്കളേക്കാൾ എത്രയോ മടങ്ങ് മുകളിലാണെന്ന് വ്യക്തമാക്കി.
6) ഇറാന്റെ പിന്തുണക്കാരെല്ലാം മിക്കവാറും സ്തംഭനാവസ്ഥയിലായി. ലബനനിലെ ഹിസ്ബുള്ള, ഗാസയിലെ ഹമാസ്, യമനിലെ ഹൂതികൾ എന്നിവരെയൊന്നും ഇറാന് പിന്തുണയ്ക്കാനാവുന്നില്ല.
7) ഇപ്പോൾ മനസിലാക്കുന്നതനുസരിച്ച്, ഈ യുദ്ധത്തിൽ ഇസ്രയേലിൽ ആയിരം പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, മിക്കവാറും 29 മരണമേ ഉണ്ടായിട്ടുള്ളൂ. ഓരോ സംഭവവും ഓരോ ദുരന്തമാണെങ്കിലും കണക്കാക്കിയതിന്റെ മൂന്നു ശതമാനമേ യഥാർഥത്തിൽ സംഭവിച്ചുള്ളൂ. ഇതു കേവലം അദ്ഭുതം തന്നെയാണ്.
8) ഇസ്രയേലിന്റെ ബന്ദികളെ വിട്ടുകിട്ടാനുള്ള വിലപേശൽ സാധ്യത പൂർണമായും മാറിവന്നു.