ഹാംഷെയര്‍: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ ഹാംഷെയറിനുവേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തില്‍ ഇന്ത്യന്‍ യുവബാറ്റര്‍ തിലക് വര്‍മയ്ക്കു സെഞ്ചുറി. എസെക്സിന് എതിരായ മത്സരത്തിന്റെ ആദ്യദിനം 98 നോട്ടൗട്ടുമായാണ് തിലക് വര്‍മ ക്രീസ് വിട്ടത്. രണ്ടാംദിനത്തിന്റെ തുടക്കത്തില്‍ത്തന്നെ 22കാരന് സെഞ്ചുറി തികച്ചു. ഫസ്റ്റ് ക്ലാസില്‍ തിലക് വര്‍മയുടെ ആറാം സെഞ്ചുറിയാണ്.
നാലാം നമ്പറായി ക്രീസിലെത്തിയ തിലക് 241 പന്ത് നേരിട്ട് 11 ഫോറും മൂന്നു സിക്സും ഉള്‍പ്പെടെ 100 റണ്‍സ് എടുത്തു. ലിയാം ഡൗസണും (139) ഹാംഷെയറിനായി സെഞ്ചുറി നേടി.
ആദ്യ ഇന്നിംഗ്സില്‍ എസെക്സ് 296നു പുറത്തായിരുന്നു. മറുപടിക്കിറങ്ങിയ ഹാംഷെയര്‍ 453 റണ്‍സ് എടുത്തു. മൂന്നാംദിനം അവസാനിച്ചപ്പോൾ എസെക്സ് രണ്ടാം ഇന്നിംഗ്സിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് എന്നനിലയിലാണ്.
ഇന്ത്യക്കായി നാല് ഏകദിനവും 25 ട്വന്റി-20യും തിലക് വര്‍മ കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ തിലക്, 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രമാണ് ഇതുവരെ കളിച്ചത്. ഹാംഷെയറിനായി കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ നാലു മത്സരങ്ങള്‍ തിലക് കളിക്കും.
ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്താൻ തിലക് വർമയ്ക്കു വൈകാതെ സാധിക്കുമോ എന്നതാണ് അറിയേണ്ടത്. പ്രത്യേകിച്ച് മധ്യനിരയെ ബലപ്പെടുത്താൻ. മധ്യനിരയിൽ ഒരു മികച്ച താരത്തിന്റെ അഭാവം ഇന്ത്യക്കുണ്ട്.
സർഫറാസ് ഖാൻ, കെ.എൽ. രാഹുൽ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി എന്നിവരെ എല്ലാം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യ പരീക്ഷിക്കുന്നുണ്ട്. ഇതിൽ കെ.എൽ. രാഹുൽ ഓപ്പണിംഗ് സ്ഥാനത്തേക്ക് ഉയർന്നു.
ന്യൂസിലൻഡിന് എതിരായ ഹോം പരമ്പര മുതൽ ഇന്ത്യയുടെ മധ്യനിര ആടി ഉലയുകയാണ്. ഈ പശ്ചാത്തലത്തിൽ തിലക് വർമയുടെ കൗണ്ടി സെഞ്ചുറി ഇന്ത്യയുടെ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെയും ചീഫ് സെലക്ടർ അജിത് അഗാർക്കറിന്റെയും കണ്ണുകളിൽ ഉടക്കാതിരിക്കില്ല...