എസ്.ആർ. സുധീർ കുമാർ
കൊല്ലം: ട്രെയിനുകളിലെ നിലവാരം കുറഞ്ഞതും വൃത്തിഹീനവുമായ ഭക്ഷണം സംബന്ധിച്ച് ഐആർസിടിസിക്ക് 2024-25 കാലയളവിൽ ഇതുവരെ ലഭിച്ചത് 6645 പരാതികൾ. വകുപ്പ് മന്ത്രി അശ്വിനി വൈഷണവ് തന്നെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.
ഇതിൽ 1341 കേസുകളിൽ ഭക്ഷണ വിതരണ ഏജൻസികളിൽ നിന്ന് പിഴ ഈടാക്കി. 2995 കേസുകളിൽ ബന്ധപ്പെട്ടവർക്ക് മുന്നറിയിപ്പ് നൽകി. 1547 കേസുകളിൽ ചുമതലയുള്ളവർക്ക് താക്കീത് നൽകി. 762 കേസുകളിൽ ഇതര നടപടികളും സ്വീകരിച്ചതായി മന്ത്രി വ്യക്തമാക്കി. പരാതികൾ വ്യാപകമാകുന്ന സാഹചര്യത്തിൽ കൂടുതൽ കർശന നടപടികൾ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് ഐആർസിടിസി. മോശം ഭക്ഷണം നൽകുന്ന ഏജൻസികൾക്ക് വിലക്ക് ഏർപ്പെടുത്തുന്നതും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് അടക്കമുള്ളവയും ആലോചനയിലുണ്ട്. 2023-24 കാലയളവിൽ മോശം ഭക്ഷണം സംബന്ധിച്ച് 7026 പരാതികളാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷന് ലഭിച്ചത്. 2022-23ൽ 9421, 2021 -22 ൽ 1082 പരാതികളുമാണ് ഇത്തരത്തിൽ ലഭിച്ചിട്ടുള്ളത്. അഞ്ചു വർഷത്തിനിടെ പരാതികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു എന്നതാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. മായം കലർന്നതോ വൃത്തിഹീനമായതോ ആയ ഭക്ഷണ വിതരണം സംബന്ധിച്ച് കേസിന്റെ ഗൗരവസ്വഭാവം അനുസരിച്ചാണ് ഐആർസിടിസി നടപടി സ്വീകരിക്കുന്നത്. പിഴ ചുമത്തൽ, അച്ചടക്ക നടപടി, താക്കീത്, മുന്നറിയിപ്പ്, കൗൺസലിംഗ് അഥവാ ഉപദേശം എന്നിവയാണ് നിലവിൽ അനുവർത്തിച്ച് വരുന്ന ശിക്ഷാനടപടികൾ.
വന്ദേഭാരത് എക്സ്പ്രസുകളിലും ഇതര ദീർഘദൂര ട്രെയിനുകളിലും ഓൺബോർഡ് കാറ്ററിംഗ് സേവനം നൽകുന്നതിന് ഏജൻസികളെ കണ്ടെത്തുന്നത് ഐആർസിടിസി ടെൻഡർ ക്ഷണിച്ചാണ്.
ടെൻഡർ വ്യവസ്ഥകളും നിബന്ധനകളും അനുസരിച്ച് ഏറ്റവും കൂടുതൽ തുക വിളിക്കുന്നവർക്ക് സുതാര്യമായ പ്രക്രിയയിലൂടെ ചുമതല ഏൽപ്പിക്കുന്നതാണ് രീതി.
ഇത്തരത്തിലുള്ള എല്ലാ സേവനദാതാക്കളുടെയും വിശദവിവരങ്ങൾ ഐആർസിടിസിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. മറ്റ് ട്രെയിനുകളിലെ ഭക്ഷണ വിതരണ കരാറുകൾ ഐആർസിടിസി മറ്റ് 20 സ്ഥാപനങ്ങൾക്കാണ് നൽകിയിട്ടുള്ളത്.
ഭക്ഷണത്തിനന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അത് ഉറപ്പാക്കുന്നതിനും ഐആർസിടിസി നിരവധി നടപടികളും സ്വീകരിച്ചിട്ടുണ്ട്. ബേസ് കിച്ചണുകളിൽ തയാറാക്കുന്ന ഭക്ഷണം മാത്രമേ വിതരണം ചെയ്യാവൂ എന്നാണ് വ്യവസ്ഥ. ഇതിനായി തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ ആധുനിക ബേസ് കിച്ചണുകൾ കമ്മീഷൻ ചെയ്തിട്ടുമുണ്ട്. എല്ലാ ബേസ് കിച്ചണുകളിലും നിരീക്ഷണ കാമറകളും നിർബന്ധമാണ്. ഭക്ഷണം പാചകം ചെയ്യുന്നതിന് ഐആർസിടിസി ലിസ്റ്റ് ചെയ്ത അസംസ്കൃത വസ്തുക്കൾ മാത്രമാണ് ഉപയോഗിക്കേണ്ടത്. ഇതുകൂടാതെ ഭക്ഷ്യസുരക്ഷയും ശുചിത്വവും ഉറപ്പാക്കണം. ബേസ് കിച്ചണുകൾ പ്രവർത്തിക്കുമ്പോൾ അവിടെ ഭക്ഷ്യ സുരക്ഷാ സൂപ്പർവൈസർമാരുടെ സാന്നിധ്യവും ഉണ്ടാകണമെന്നാണ് വ്യവസ്ഥ.