കൊച്ചി: 2004 ഡിസംബര്‍ 20 നുശേഷം മരിച്ച ഹിന്ദുവിന്റെ പൂര്‍വികസ്വത്തില്‍ പെണ്മക്കള്ക്കും തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ പാര്‍ലമെന്റ് 2005ല്‍ പാസാക്കിയ ഹിന്ദു പിന്തുടര്ച്ചാനിയമത്തിലെ വ്യവസ്ഥയാണു നിലനില്‍ക്കുകയെന്ന് ജസ്റ്റീസ് എസ്. ഈശ്വരന് വ്യക്തമാക്കി.
1975ലെ കേരള കൂട്ടുകുടുംബ സമ്പ്രദായം നിര്‍ത്തലാക്കല്‍ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കേന്ദ്രനിയമത്തിനു മുന്നില്‍ ബാധകമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നിര്‍ണായക വിധി. പിതൃസ്വത്തില് തുല്യാവകാശം കിട്ടാത്തതു ചോദ്യം ചെയ്ത് കോഴിക്കോട് സ്വദേശി എന്‍പി. രജനിയും സഹോദരിമാരും സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ഹിന്ദു അവിഭക്ത സ്വത്തില്‍ ജന്മാവകാശമുന്നയിക്കാന് ആര്‍ക്കും കഴിയില്ലെന്നാണ് കേരള നിയമത്തിലെ മൂന്നാം വകുപ്പ് പറയുന്നത്. ഈ സ്വത്ത് തറവാട്ടിലെ എല്ലാ താമസക്കാര്‍ക്കുമായി വീതം വയ്ക്കണമെന്നാണ് നാലാം വകുപ്പ് പറയുന്നത്. വിവാഹിതരായി പോകുന്ന സ്ത്രീകള്‍ക്കു സ്വത്തില്‍ അവകാശമുന്നയിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു. എന്നാല്‍ ജന്മംകൊണ്ടു സ്വത്തില്‍ അവകാശമുന്നയിക്കാമെന്ന് കേന്ദ്ര നിയമഭേദഗതിയുടെ ആറാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. എങ്കിലും കേരള നിയമത്തിലെ വിപരീത വ്യവസ്ഥകള്‍ തടസമായി നില്‍ക്കുകയായിരുന്നു. ഇതില്‍ വ്യക്തത വരുത്തിയാണ് പുതിയ ഉത്തരവ്.
കേന്ദ്ര നിയമഭേദഗതി വന്നതോടെ കേരള നിയമത്തിലെ വ്യവസ്ഥകള്‍ക്കു നിലനില്പില്ലാതായെന്ന് ജസ്റ്റീസ് ഈശ്വരന് വ്യക്തമാക്കി. മകളില്‍ സമൃദ്ധിയുടെ ദേവത കുടികൊള്ളുന്നുണ്ടെന്ന് ഈ ഉത്തരവിലൂടെ കോടതി അഭിപ്രായപ്പെട്ടു. ഹൈന്ദവ വിശ്വാസത്തിലെ ലക്ഷ്മീദേവിയുമായി അവളെ താരതമ്യപ്പെടുത്താം. പത്ത് ആണ്മക്കള് നല്കുന്ന ഫലം ഒരു മകള്‍ നല്‍കുമെന്ന് സ്കന്ദപുരാണത്തില്‍ വ്യാഖ്യാനമുണ്ട്. എന്നാല്‍ നിയമപ്രശ്നങ്ങള്‍ കാരണം അവള്‍ക്കു പിതൃസ്വത്തില് തുല്യവകാശമുന്നയിക്കാനാകാതെ വരികയാണെന്നും ജസ്റ്റീസ് ഉത്തരവില്‍ വിലയിരുത്തി.