ന്യൂയോർക്ക്: ഫൊക്കാനയുടെ സ്ഥാപകനും പ്രഥമ പ്രസിഡന്റുമായിരുന്ന ഡോ. എം. അനിരുദ്ധന് ആദരാഞ്ജലി നേര്‍ന്ന് ഫൊക്കാന. മൂന്ന് തവണ ഫൊക്കാന പ്രസിഡന്റായി സേവനമനുഷ്ഠിച്ച അനിരുദ്ധൻ ഫൊക്കാനയുടെ എക്കാലത്തേയും മികച്ച പ്രസിഡന്റുമാരിൽ ഒരാളാണ്.
ഫൊക്കാനയെ അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയാക്കുന്നതിലും ജനകിയമാക്കുന്നതിലും അനിരുദ്ധൻ വഹിച്ച പങ്ക് വളരെ വലുതാണ്. പ്രവാസി ഇന്ത്യക്കാരുടെ സാമൂഹികക്ഷേമത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് അനിരുദ്ധന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
42 വർഷം ഫൊക്കാനയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് മാർഗനിർദേശങ്ങൾ തന്നു പ്രവർത്തിച്ച അദ്ദേഹത്തിന്റെ നിര്യാണം വിശ്വസിക്കാൻ കഴിയുന്നില്ലന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
മുൻ പ്രസിഡന്റുമാരായ മന്മഥൻ നായർ, പാർഥസാരഥി പിള്ള, പോൾ കറുകപ്പള്ളിൽ, ജി.കെ. പിള്ള, ജോൺ പി. ജോൺ, തമ്പി ചാക്കോ, മാധവൻ നായർ, ജോർജി വർഗീസ്, ബാബു സ്റ്റീഫൻ എന്നിവരും നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി.