തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക അധ്യക്ഷനായി എൻ. ശക്തൻ ഇന്ന് ചുമതലയേൽക്കും. ഉച്ചയ്ക്ക് 12നു അദ്ദേഹം ചുമതല ഏറ്റെടുക്കും. വൈകാതെ പുതിയ അധ്യക്ഷനെ നിശ്ചയിക്കുമെന്നാണ് വിവരം.
വിവാദ ഫോണ് സംഭാഷണം പുറത്തു വന്നതിനു പിന്നാലെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച പാലോട് രവിക്കു പകരമാണ് എൻ. ശക്തൻ താത്കാലിക അധ്യക്ഷന്റെ ചുമതല ഏറ്റെടുക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായായി പ്രസിദ്ധീകരിച്ച കരടു വോട്ടർ പട്ടികയിൽ ഏറെ ക്രമക്കേടുള്ള സാഹചര്യത്തിൽ മണ്ഡലം-ബൂത്ത് ഭാരവാഹികളെ അടക്കം ഏകോപിപ്പിക്കേണ്ട സാഹചര്യത്തിലാണ് അടിയന്തരമായി ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല നൽകിയതെന്നാണ് കെപിസിസി നേതൃത്വം പറയുന്നത്.
കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും പുനഃസംഘടന വൈകാതെ നടക്കുന്ന സാഹചര്യവുമുണ്ട്. മുൻ മന്ത്രിയും നിയമസഭാ സ്പീക്കറുമായിരുന്ന ശക്തന് ജില്ലയിലെ മിക്കവാറും നേതാക്കളും ഭാരവാഹികളുമായി അടുത്ത ബന്ധമാണുള്ളത്. ഡിസിസി പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കാൻ ആദ്യം ശക്തൻ വൈമുഖ്യം പ്രകടിപ്പിച്ചെങ്കിലും നേതൃത്വം നിർബന്ധിച്ചതോടെ അദ്ദേഹം സന്നദ്ധത അറിയിക്കുകയായിരുന്നു.