ചങ്ങനാശേരി: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ തൊഴിലാളി ദ്രോഹനയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയനുകളും സര്‍ക്കാര്‍ ജീവനക്കാരുടെ ഫെഡറേഷനുകളും നടത്തിയ ദേശീയ പണിമുടക്ക് ചങ്ങനാശേരിയില്‍ പൂര്‍ണം. റവന്യു ടവര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ ഹാജര്‍നില കുറവായിരുന്നു. സ്കൂളുകളും കോളജുകളും പ്രവര്‍ത്തിച്ചില്ല. നഗരത്തിലും ഗ്രാമീണമേഖലകളിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.
പണിമുടക്കനുകൂലികള്‍ പ്രകടനത്തിനിടെ ഹെഡ് പോസ്റ്റ് ഓഫീസിലേക്കു തള്ളിക്കയറി ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് പോസ്റ്റ് ഓഫീസ് ജീവനക്കാരുമായി തര്‍ക്കത്തിനിടയാക്കി. സംഭവം മൊബൈലില്‍ ചിത്രീകരിച്ച ബിജെപി അനുകൂല സംഘടനയായ ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷന് ചങ്ങനാശേരി ഡിവിഷന് സെക്രട്ടറിയും പോസ്റ്റ്മാനുമായ കാവാലം നാരകത്തറ സ്വദേശി വിഷ്ണു ചന്ദ്ര (32)നെ സമരനാനുകൂലികള് മര്‍ദിച്ചതായും പരാതിയുണ്ട്.
പരിക്കേറ്റ ഇയാളെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേത്തുടര്‍ന്ന് പോസ്റ്റ് ഓഫീസ് അടച്ചു. പോസ്റ്റ്മാനെ കൈയേറ്റം ചെയ്തതു സംബന്ധിച്ച് പോസ്റ്റ്മാസ്റ്റര്‍ ചങ്ങനാശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാര്‍ പലരും ഹാജരായെങ്കിലും പുലര്‍ച്ചെ 4.40നുള്ള നെടുംകണ്ടം സര്‍വീസ് മാത്രമേ ഓടിയുള്ളൂ. നഗരത്തിലൂടെ കടന്നുപോയ കെഎസ്ആര്‍ടിസി, അന്തര്‍സംസ്ഥാന ടൂറിസ്റ്റ് ബസുകളും സമരാനുകൂലികള്‍ തടഞ്ഞു. സമരാനുകൂലികള്‍ കെഎസ്ആര്‍ടിസി ബസുകള്‍ യാത്രക്കാരെ ഇറക്കിവിട്ടശേഷം ഡിപ്പോയിലേക്കു കയറ്റിയിടീച്ചു. സ്വകാര്യ ബസുകളും ഓട്ടോ ടാക്സികളും ഓടിയില്ല. ഹോട്ടലുകള്‍ അടഞ്ഞുകിടന്നു. ചില ബാറുകള്‍ തുറന്നുപ്രവര്‍ത്തിച്ചു.
സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ചും നടത്തി. ടിബി റോഡില്‍നിന്നും ആരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ സമാപിച്ചു.
തുടര്‍ന്നു നടന്ന സമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. എഐടിയുസി മണ്ഡലം പ്രസിഡന്റ് കെ.ടി. തോമസ് അധ്യക്ഷത വഹിച്ചു. സമരസമിതി നേതാക്കളായ ടി.എസ്. നിസ്താര്‍, കെ.ഡി. സുഗതന്, പി.എ. നിസാര്‍, ടി.പി. അജികുമാര്‍, അഡ്വ.പി.എ. നിസാര്‍, പി.ആര്. അനില്‍കമാര്‍, അഡ്വ.കെ. മാധവന്‍പിള്ള, ജോജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
കുറിച്ചി, പായിപ്പാട്, മാടപ്പള്ളി, തൃക്കൊടിത്താനം പോസ്റ്റ് ഓഫീസുകളിലേക്കും സമരസമിതി മാര്‍ച്ച് സംഘടിപ്പിച്ചു.