ലണ്ടൻ: പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ കേസിൽ പ്രവാസി മലയാളി അറസ്റ്റിൽ. 2017 ബ്രിട്ടിഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്ന ചങ്ങനാശേരി കുറിച്ചി കല്ലുമാടിക്കൽ വീട്ടിൽ ലക്സൺ ഫ്രാൻസിസ് അഗസ്റ്റിനാണ്(45) കേരള പോലീസിന്റെ പിടിയിലായത്.
ജോലി തട്ടിപ്പിന് എറണാകുളം സെൻട്രൽ സ്റ്റേഷനിലും കേസുള്ള പ്രതി വിവാഹ വാഗ്ദാനം നൽകിയുള്ള പീഡനത്തിനു നേരത്തെ നോർത്ത് പോലീസിന്റെ പിടിയിലായിട്ടുണ്ട്. വിവിധ ജില്ലകളിൽ പ്രതിക്കെതിരേ ജോലി തട്ടിപ്പു കേസുകളുണ്ട്.
2024ൽ ഒമ്പത് ഉദ്യോഗാർഥികളിൽ നിന്നായി 22 ലക്ഷം രൂപ തട്ടിയതിനു സൗത്ത് പോലീസ് എടുത്ത കേസിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. പനമ്പിള്ളിനഗർ സ്വദേശിയുടെ പരാതിയെ തുടർന്നാണ് നടപടി.
കൊച്ചിയിൽ നിന്നുള്ള പോലീസ് സംഘം ശനിയാഴ്ച രാത്രി ചങ്ങനാശേരി തുരുത്തിയിലെ വീട്ടിലെത്തി പിടികൂടുകയായിരുന്നു. 2021 മുതൽ വിദേശത്തു ജോലി വാഗ്ദാനം ചെയ്തു ലക്സൺ തട്ടിപ്പു നടത്തിയതായി പോലീസ് പറയുന്നു.
ഏറ്റുമാനൂർ കെഎസ്ഇബിയിൽ അസി. എൻജിനിയറായി ജോലി ചെയ്തിരുന്ന പ്രതി പിന്നീട് ബ്രിട്ടനിലേക്കു കുടിയേറുകയായിരുന്നു. ബ്രിട്ടിഷ് പാർലമെന്റംഗമാണെന്ന നിലയിൽ വ്യാജപ്രചാരണം നടത്തിയും ഒട്ടേറെ പേരെ കബളിപ്പിച്ചു.
കോവിഡിനു പിന്നാലെ നാട്ടിലെത്തിയ ശേഷമാണു തട്ടിപ്പു വിപുലമാക്കിയത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഭാരവാഹിയായി പ്രവർത്തിച്ചിരുന്ന ലക്സൺ അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു.
2018ൽ ലക്സണെതിരേ ആദ്യ ഭാര്യ മാഞ്ചസ്റ്റർ കോടതിയിൽ ഗാർഹിക പീഡനക്കേസ് നൽകിയിരുന്നു. ഈ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്.