ചങ്ങനാശേരി: വിമാനം പറത്താന്‍ ആഗ്രഹമുണ്ടോ ഉണ്ടെങ്കില്‍ ആര്‍ക്കും കടന്നുവരാം. ആകാശത്തോളം ഉയരെ വിദ്യാര്‍ഥികള്‍ക്ക് ആവേശം പകര്‍ന്ന് യുവപൈലറ്റ് മേഘന ജോജന്‍ തോമസ്. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ഫസ്റ്റ് ഓഫീസര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന മേഘന ജോജന്‍ തോമസിന്റെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ വിദ്യാര്‍ഥികള്‍ തെല്ലും പതറിയില്ല. ഒരു മണിക്കൂര്‍ നീണ്ട ക്ലാസില്‍ അവരുടെ മനസുകളും ആകാശംമുട്ടെ ഉയര്‍ന്നുപറന്നു. വ്യോമയാന മേഖലയില്‍ നിലവിലുള്ള വിവിധ തൊഴിലവസരങ്ങളും പ്രത്യേകിച്ച് പൈലറ്റ് ആകുന്നതിന് വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മേഘന വിദ്യാര്‍ഥികളുമായി പങ്കുവച്ചു.
വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്പ്പെട്ട മീറ്റ് ദി ലൂമിനറി പരിപാടിയിലാണ് മേഘന ജോജന്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുമായി സംവദിച്ചത്. വ്യോമയാന രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ധൈര്യം, അര്‍പ്പണബോധം, കഠിനപരിശ്രമം എന്നിവയുള്ളവരായിരിക്കണമെന്നും സ്ത്രീ-പുരുഷ ഭേദമന്യേ നേടിയെടുക്കാവുന്ന തൊഴിലാണിതെന്നും മേഘന പറഞ്ഞത് വിദ്യാര്‍ഥികളില്‍ ആവേശമുണര്‍ത്തി.
സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ വിജയം നേടിയ 25 മഹനീയ വ്യക്തികളെ വിദ്യാര്‍ഥികളുടെ മുന്പില് അവതരിപ്പിക്കുന്ന പരിപാടിയാണ് മീറ്റ് ദി ലൂമിനറി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷിജി വര്‍ഗീസ്, അധ്യാപകരായ എം.ജെ. സിനോമോന്, ആശ ആന്റണി എന്നിവര്‍ പ്രശംഗിച്ചു.
അടുത്തതായി ഡല്‍ഹി നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി പ്രഫസറായ അരുള്‍ ജോര്‍ജ് സ്കറിയയുടെ പ്രഭാഷണമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.