കാത്തിരുന്നു കിട്ടിയ സുവർണാവസരം! "മിന്നല്‍ മുരളി' നിര്‍മിച്ച സോഫിയ പോളിന്റെ പുത്തന്‍ പടം "ഡിറ്റക്ടീവ് ഉജ്വലനി'ലെ ഇരട്ട വില്ലന്‍വേഷം. ക്ലൈമാക്സ് വരെയും മുഖംമൂടിയണിഞ്ഞ വില്ലന്‍. സിനിമ റിലീസായിട്ടും ഉജ്വലനിലെ ബൂഗിമാൻ താനാണെന്നു നാലാളോടു പറയാൻ പറ്റാത്ത അവസ്ഥ!
സിനിമയുടെ സസ്പെന്‍സ് നിലനിര്‍ത്താന്‍, വില്ലൻവേഷം ചെയ്ത പുതുമുഖം "മുഖംമൂടി'യില്‍ തുടര്‍ന്നു. ഒടുവില്‍ ഒടിടി റിലീസിനുശേഷം നെറ്റ്ഫ്ളിക്സ് കാരക്ടർ പോസ്റ്ററിലൂടെ സസ്പെൻസിനു വിരാമമായി. തൃശൂര്‍ കൊരട്ടി സ്വദേശി മാത്യു ബേബി പുതുക്കാടനെ നാടറിഞ്ഞു.
“ഞാനാണു വില്ലനെന്നു വെളിപ്പെട്ട നിമിഷം സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ തിയറ്ററില്‍ ഞെട്ടി. ആ ഷോക്ക് ഫാക്ടര്‍ ആയിരുന്നു എന്റെ സന്തോഷം. പെര്‍ഫോമന്‍സ് ഇഷ്ടമായെന്നു കൂടിയറിയുമ്പോള്‍ ഇരട്ടിമധുരം. ഒരു ഭാഷയില്‍ മാത്രം റിലീസായ സിനിമ നെറ്റ്ഫ്ളിക്സ് ഇന്ത്യ ട്രെൻഡിംഗ് ടോപ്പ് 5ല്‍ എത്തിയതു വലിയ കാര്യം തന്നെയാണ്”- ബേബി മാത്യു പുതുക്കാടന്‍ സണ്‍ഡേ ദീപികയോടു പറഞ്ഞു.
സിനിമാപ്രേമം
പന്ത്രണ്ടാം ക്ലാസ് വരെ ഞാന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം ദുബായിലാണ്. അച്ഛന് ബേബി അവിടെ ഒരു കമ്പനിയിൽ സെയില്‍സ് മാനേജരാണ്. അമ്മ മിനി വീട്ടമ്മയും. സഹോദരന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിൽ ഡോക്ടറാണ്. സിനിമാപ്രേമിയായ അപ്പൻ, വീക്കെന്‍ഡുകളില്‍ കൊണ്ടുവന്ന വീഡിയോ കാസറ്റുകളിലെ സിനിമകള്‍ കണ്ടു വളർന്ന കുട്ടിക്കാലം.
പന്ത്രണ്ടിലെത്തിയപ്പോള്‍ ഞാനും സുഹൃത്ത് ഇജാസും സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിലെ ഒരു ഷോട്ടില്‍ ഞാന്‍ അഭിനയിച്ചു. അഭിനയത്തോട് ഒരിഷ്ടം തോന്നിയെങ്കിലും ഡിഗ്രിക്കു ശേഷം മതി സിനിമയെന്നു വീട്ടുകാര്‍. അങ്ങനെ 2014ല്‍ നാട്ടിലെത്തി. കൊല്ലം ടികെഎമ്മിൽ ബിടെക്കിനു ചേര്‍ന്നു.
അക്കാലത്തു സൂര്യയുടെ 24, വാരണം ആയിരം ഉള്‍പ്പെടെയുള്ള സിനിമകളിലെ സീനുകള്‍ പുനഃസൃഷ്ടിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുതുടങ്ങി. സുഹൃത്ത് അരവിന്ദായിരുന്നു എഡിറ്റർ. കുറേപ്പേര്‍ക്ക് അത് ഇഷ്ടമായി. അതെനിക്കു കിക്കായി. കഥാപാത്രത്തിനനുസരിച്ചു മുടിയും താടിയും വളര്‍ത്തിയും മൊട്ടയടിച്ചുമൊക്കെ പിന്നെയും വീഡിയോകള്‍ ചെയ്തു. അഭിനയത്തോട് അഭിനിവേശമായി.
മാസ്റ്റര്‍പീസിന്റെ ഷൂട്ടിംഗ് ഫാത്തിമ കോളജിൽ നടക്കുമ്പോള്‍ ക്ലാസ് കട്ട് ചെയ്ത് ഞാനും സുഹൃത്തും അവിടെ ഓഡിഷനു പോയെങ്കിലും ഫലമുണ്ടായില്ല. ബിടെക്കിനു ശേഷം മുംബൈയില്‍ സുഭാഷ് ഘായിയുടെ വിസിലിംഗ് വുഡ്സ് ഫിലിം സ്കൂളില്‍ ചേര്‍ന്നു.
ഒന്നര വര്‍ഷം തിയറ്ററും ഷോര്‍ട്ട് ഫിലിംസുമായി അഭിനയം അടുത്തറിഞ്ഞു. പരസ്യചിത്രങ്ങളിൽ അവസരങ്ങളും പ്രതിഫലവും വന്നുതുടങ്ങിയതോടെ വീട്ടുകാര്‍ സപ്പോർട്ടായി. വാശിയോടെ ഹിന്ദി വശമാക്കി ആമസോണ്‍ വെബ് സീരിസിലും ഹിന്ദി സിനിമയിലും വേഷമിട്ടു.