കണ്ണൂര്‍: ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുക്കും. ജയിലിലെ അഴികള്‍ മുറിച്ചതിനാണ് കേസെടുക്കുക. ജയില്‍ചാട്ടത്തിന് കണ്ണൂര്‍ ടൗണ്‍ പോലീസ് ഗോവിന്ദച്ചാമിക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
പോലീസ് ഇന്ന് കണ്ണൂര്‍ ജയിലിലെത്തി ഗോവിന്ദച്ചാമിയുടെ സഹതടവുകാരനെ ചോദ്യം ചെയ്യും. ജയില്‍ ചാട്ടത്തിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് ഇയാള്‍ മൊഴി നല്‍കിയെങ്കിലും ഇത് പോലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.
നിലവില്‍ ഗോവിന്ദച്ചാമി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ഇന്ന് രാവിലെ അതീവസുരക്ഷയിലാണ് കണ്ണൂരില്‍നിന്ന് ഇവിടേക്ക് മാറ്റിയത്. കണ്ണൂർ ജയിലിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്.
പിടികൂടിയ ശേഷം വെള്ളായാഴ്ച വൈകീട്ടോടെ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു. സുരക്ഷ വീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തിൽ നാല് ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സെൻട്രൽ ജയിലിനകത്തെ ഇലക്ട്രിക് ഫെൻസിങും സിസിടിവികളും പ്രവർത്തന ക്ഷമമല്ലേ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകൾ തുടരുകയാണ്.