താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പ് പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി കഴിഞ്ഞാല്‍ മത്സരചിത്രം മാറാന്‍ സാധ്യതയുണ്ടെന്ന് നടന് ജഗദീഷ്. 31 വരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്.
അതിനുശേഷമേ ആരൊക്കെ തമ്മിലാണ് യഥാര്‍ഥ മത്സരം എന്ന് പറയാന്‍ കഴിയുകയുള്ളൂവെന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ജഗദീഷ് പറഞ്ഞു.
""അമ്മയില്‍ ആരൊക്കെയാണ് ഭാരവാഹികള്‍ ആകേണ്ടതെന്ന് അംഗങ്ങള്‍ക്ക് വ്യക്തമായ തീരുമാനങ്ങളുണ്ട്. അതനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ഇത് പോരാട്ടമോ യുദ്ധമോ ഒന്നുമല്ല. അമ്മയുടെ മക്കള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരമാണ്. ശ്വേത എന്നെ വിളിച്ചപ്പോള്‍ ഞാന്‍ അതാണ് പറഞ്ഞത്. സൗഹൃദമത്സരം ആയിരിക്കും. അതില്‍ കൂടുതല്‍ വലിയ പോരാട്ടം നടക്കുന്നു എന്ന രീതിയില്‍ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല.
കൂടുതല്‍പ്പേര്‍ മത്സരിക്കാന്‍ വരുന്നത് നല്ലതാണ്. അത് സ്വാഗതംചെയ്യപ്പെടേണ്ടതാണ്. 31 വരെ നോമിനേഷന് പിന്‍വലിക്കാന്‍ സമയമുണ്ട്. അതുകഴിയുമ്പോള്‍ മത്സരചിത്രം മാറാന്‍ സാധ്യതയുണ്ട്. അതിനുശേഷമേ ആരൊക്കെ തമ്മിലാണ് യഥാര്‍ഥ മത്സരം എന്ന് പറയാന്‍ കഴിയുകയുള്ളൂ.
അവിടെ ചില ധാരണകള്‍ ഉണ്ടായേക്കാം. പരസ്പരധാരണയും വിട്ടുവീഴ്ചയുമുണ്ടായി സ്ഥാനാര്‍ഥികളുടെ എണ്ണം കുറച്ച് കുറഞ്ഞേക്കാം എന്നാണ് എനിക്ക് തോന്നുന്നത്. നടന് അഭിപ്രായപ്പെട്ടു.
അമ്മയെ താരസംഘടന എന്നാണ് വിശേഷിപ്പിക്കാറുള്ളത്. അതിനപ്പുറം, അമ്മ അഭിനേതാക്കളുടെ സംഘടനയാണ്. ഒരുപാട് ബുദ്ധിമുട്ടുകളും കഷ്ടപ്പാടും അനുഭവിക്കുന്ന ആളുകളുണ്ട്. അവരുടെ ക്ഷേമത്തിന് വേണ്ടിയാണ് നിലകൊള്ളേണ്ടത്''. ജഗദീഷ് കൂട്ടിച്ചേര്‍ത്തു.