കടുത്തുരുത്തി: വൈക്കം ഗവണ്മെന്റ് ആശൂപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന, സ്ട്രോക്ക് വന്നു തളര്‍ന്ന വയോധികയെ നിത്യസഹായകന് ട്രസ്റ്റിന്റെ അമ്മവീട് ഏറ്റെടുത്തു. മറവന്തുരുത്ത് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ താമസിച്ചിരുന്ന തങ്കമ്മ (78) യെയാണ് പഞ്ചായത്തംഗം പോള്‍ തോമസ് മണിയലയുടെ അഭ്യര്‍ഥനപ്രകാരം നിത്യസഹായകന് ഏറ്റെടുത്തത്.
ശരീരം തളര്‍ന്ന് സംസാരശേഷിയും നഷ്ടപ്പെട്ട നിര്‍ധനയായ തങ്കമ്മയെ നോക്കാനും സംരക്ഷിക്കാനും ആളില്ലാത്ത അവസ്ഥയില്‍ ബന്ധുവായ വിനീഷും മെമ്പറും കൂടിയാണ് നിത്യസഹായകന്റെ അമ്മവീട്ടിലെത്തിക്കാന് മുന്‍കൈയെടുത്തത്.
തങ്കമ്മയ്ക്കു മക്കളില്ല. ഭര്‍ത്താവ് ചന്ദ്രന് പരസഹായം കൂടാതെ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. നിത്യസഹായകന് ട്രസ്റ്റിനെ ഇക്കാര്യങ്ങള്‍ അറിയിച്ചതിനെത്തുടര്‍ന്ന് വൈക്കം ഗവ. ആശുപത്രിയിലെത്തി ട്രസ്റ്റ് പ്രസിഡന്റ് അനില്‍ ജോസഫും അമ്മവീട് സെക്രട്ടറി വി.കെ. സിന്ധുവും സാഹചര്യങ്ങള്‍ മനസിലാക്കി.
തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തങ്കമ്മയെ ഏറ്റെടുത്തു. വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രന്, തോമസ് അഞ്ചമ്പില്‍, ജയശ്രീ, എല്‍സി ജിജോ, ജയ്സണ്‍ പാലയില്‍, ആല്‍ഫില്‍, ക്ലാരമ്മ ബാബു, റൂബി കുര്യന്തടം, സുര പെരുമാലി, നഴ്സുമാരായ റീത്ത ജയ്സണ്‍, സൗമ്യ എന്നിവര്‍ നേതൃത്വം നല്കി.