
ഫാ.തോമസ് മണ്ണൂർ
മാനന്തവാടി: മാനന്തവാടി രൂപതയിലെ വൈദികൻ ഫാ.തോമസ് മണ്ണൂർ(88)അന്തരിച്ചു. ഭൗതികശരീരം ഇന്നുരാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചു വരെ ദ്വാരക പാസ്റ്ററൽ സെന്ററിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് കരുവഞ്ചാൽ വെള്ളാട് ഇടവകയിലെ സഹോദരന്റെ ഭവനത്തിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെ 11 വരെ സഹോദര ഭവനത്തിലും തുടർന്ന് ഇടവക ദേവാലയത്തിലും പൊതുദർശനത്തിനു വയ്ക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലത്തിന്റെ കാർമികത്വത്തിൽ സംസ്കാര ശുശ്രൂഷ നടത്തും. പാലാ മുത്തോലി മണ്ണൂർ പരേതനായ ഉലഹന്നാൻ-ഏലി ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: വെള്ളാട് ജിയുപിഎസ് റിട്ട.പ്രധാനാധ്യാപിക ത്രേസ്യാക്കുട്ടി ജോണ് മുണ്ടക്കത്തറപ്പേൽ, പരേതരായ മത്തായി, ജോസഫ്, പാപ്പച്ചൻ, വർക്കിച്ചൻ. 1966 മാർച്ച് 10ന് വള്ളോപ്പള്ളി പിതാവിൽനിന്നാണ് വൈദികപട്ടം സ്വീകരിച്ചത്. തുടർന്ന് കർണാടകയിലെ ഷിമോഗ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ അസിസ്റ്റന്റ് വികാരിയായി. ഷിമോഗയിൽനിന്നു കുടിയിറക്കപ്പെട്ടവരെ തലശേരി അതിരൂപതയിലെ ചന്ദനക്കാംപാറയിൽ പുനരധിവസിപ്പിക്കാൻ ജോസഫ് കുന്നേൽ അച്ചനോടൊപ്പം പ്രവർത്തിച്ചു. നെല്ലിക്കുറ്റി, കോട്ടത്തറ, കൊട്ടിയൂർ, മുള്ളൻകൊല്ലി, ഇരുളം അങ്ങാടിശേരി, വാഴവറ്റ, കാവുംമന്ദം ഇടവകകളിൽ വികാരിയായി സേവനം ചെയ്തിട്ടുണ്ട്. മുള്ളൻകൊല്ലിയിൽ വികാരിയായിരിക്കേയാണ് 1982ൽ മണ്ണൂരച്ചന്റെ നേതൃത്വത്തിൽ മരകാവ്, ആടിക്കൊല്ലി, മുള്ളൻകൊല്ലി ഇടവകകളിൽനിന്നുള്ള വീട്ടുകാരെ ഉൾപ്പെടുത്തി പുൽപ്പള്ളി തിരുഹൃദയ ഇടവക രൂപീകരിച്ചത്. മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി ഫാ.തോമസ് മണ്ണൂർ 1999 ജൂണ് 20ന് രാജ്കോട്ടിലെത്തി. 2003ൽ ഊട്ടിയിലെത്തി. 2009 മുതൽ കുറച്ചുകാലം കൊളവയൽ ഇടവകയിൽ സേവനം ചെയ്തു.