സിനിമാ ടിക്കറ്റിലെ കൊള്ളനിരക്കിന് കടിഞ്ഞാണിടാനൊരുങ്ങി കർണാടക സർക്കാർ. സിനിമ ടിക്കറ്റ് നിരക്കിന് ഈടാക്കാവുന്ന തുകയിൽ പരിധി നിശ്ചയിച്ചു കൊണ്ടാണ് പുതിയ തീരുമാനം.
മള്‍ട്ടിപ്ലെക്സ് അടക്കം എല്ലാ തിയറ്ററുകളിലും 200 രൂപയാണ് നിശ്ചയിച്ച പരമാവധി ടിക്കറ്റ് നിരക്ക്. വിനോദ നികുതി അടക്കമുള്ള തുകയാണിത്. ഇതിനായി കര്‍ണാടക സിനിമ (റെഗുലേഷന്) നിയമം 2014 ഭേദഭഗതി ചെയ്തിട്ടുണ്ട്.
മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ തിയറ്ററുകളിലെയും ഓരോ ഷോയുടെയും ടിക്കറ്റിന്റെ വില വിനോദ നികുതി ഉൾപ്പെടെ 200 രൂപയിൽ കൂടരുതെന്നാണ് നിയമം പറയുന്നത്. റിലീസ് ചിത്രങ്ങൾക്ക് ടിക്കറ്റ് നിരക്ക് കൂട്ടുന്ന പ്രവണതക്കും കടിഞ്ഞാണിടും. എല്ലാ ഭാഷയിലുള്ള ചിത്രങ്ങൾക്കും ഈ നിരക്ക് പരിധി ബാധകമായിരിക്കും.
സിനിമാ സംഘടനകൾക്ക് എതിർപ്പുണ്ടെങ്കിൽ 15 ദിവസത്തിനകം സർക്കാരിനെ അറിയിക്കാം. 15 ദിവസത്തിന് ശേഷം അന്തിമ വിജ്ഞാപനം പുറത്തിറക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ ടിക്കറ്റ് നിരക്ക് ഏകീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മാർച്ചിലെ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.
2017-ൽ ആദ്യമായി മുഖ്യമന്ത്രിയായ കാലത്ത് സിദ്ധരാമയ്യ മൾട്ടിപ്ലെക്സുകൾ ഉൾപ്പെടെ എല്ലാ തിയറ്ററുകളിലും സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയായി നിശ്ചയിച്ചിരുന്നു. ഇതിനെതിരെ തിയറ്റര്‍ ഉടമകളില്‍ നിന്ന് വലിയ സമ്മര്‍ദ്ദമാണ് സര്‍ക്കാര്‍ നേരിട്ടത്.
മൾട്ടിപ്ലക്സ് ഉടമകൾ വരുമാന നഷ്ടം ചൂണ്ടിക്കാട്ടി തീരുമാനത്തിനെതിരെ കർണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിന്നാലെ സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോവുകയും തിയറ്റര്‍ ഉടമകള്‍ സ്വന്തം രീതിയില്‍ നിരക്ക് ഈടാക്കുകയുമായിരുന്നു.