നടൻ സിദ്ധാർഥ് മൽഹോത്രയ്ക്കും നടി കിയാര അധ്വാനിക്കും പെൺകുഞ്ഞ് പിറന്നു. സിദ്ധാർഥാണ് ഈ സന്തോഷ വാർത്ത ആരാധകർക്കായി പങ്കുവച്ചത്. ഞങ്ങളുടെ ഹൃദയം നിറഞ്ഞുവെന്നും ലോകം മാറിയെന്നും പറഞ്ഞാണ് പെൺകുഞ്ഞിന്റെ ജനനവാർത്ത സിദ്ധാർഥ് പങ്കുവച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുവരും കുഞ്ഞിനെ സ്വീകരിക്കാൻ ഒരുങ്ങുകയാണെന്ന വാർത്ത പങ്കുവച്ചത്. ഗിർഗാവിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ വച്ചാണ് കിയാര പെൺകുഞ്ഞിന് ജൻമം നൽകിയത്.
2023 ഫെബ്രുവരി ഏഴിന് ജയ്സാൽമീറിലെ സൂര്യാഗഡ് ഹോട്ടലിൽ വെച്ചായിരുന്നു കിയാരയുടെയും സിദ്ധാർത്ഥിന്റെയും വിവാഹം. ലസ്റ്റ് സ്റ്റോറീസിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയതിന് ശേഷം ഒരു പാർട്ടിയിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്.
2020ൽ റിലീസിനെത്തിയ ‘ഷെർഷാ’ എന്ന ചിത്രത്തിൽ കിയാരയും സിദ്ധാർത്ഥും ഒരുമിച്ചു അഭിനയിച്ചിരുന്നു. റോമിലെ ഒരു റസ്റ്റോറന്റിൽ വെച്ചാണ് സിദ്ധാർത്ഥ് തന്നോട് പ്രണയാഭ്യർത്ഥന നടത്തിയതെന്ന് കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ കിയാര പറഞ്ഞിരുന്നു.