എസ്.ആർ. സുധീർ കുമാർ
കൊല്ലം: കേരളത്തിൽ 16 കോച്ചുകളുള്ള മെമു ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കും. ഇതിനായുള്ള പ്രാരംഭ നടപടികൾക്ക് ദക്ഷിണറെയിൽവേ തുടക്കമിട്ടു. ഇന്നലെ കൊല്ലം- കായംകുളം റൂട്ടിൽ ഉച്ചകഴിഞ്ഞ് മൂന്നിന് ട്രെയിനിന്റെ ട്രയൽ റണ്‍ നടന്നു. ഇരു ദിശകളിലുമായി നടന്ന പരീക്ഷണ ഓട്ടം വിജയകരമായിരുന്നുവെന്ന് ദക്ഷിണറെയിൽവേ അധികൃതർ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച 12 കോച്ചുകൾ ഉള്ള പുതിയ മെമു റേക്ക് ചെന്നൈയിലെ താംബരത്തുനിന്നും കൊല്ലം മെമു ഷെഡിൽ എത്തിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ ഡോ. മനീഷ് തപ്യാലിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോസ്ഥസംഘം റേക്കുകളിൽ വിശദമായ സാങ്കേതിക പരിശോധനകളും നടത്തിയതിനുശേഷം പരീക്ഷണ ഓട്ടത്തിന് അനുമതി നൽകുകയായിരുന്നു.
നിലവിൽ കേരളത്തിൽ സർവീസ് നടത്തുന്ന മെമു ട്രെയിനുകളിൽ എട്ട്, 12 കോച്ചുകൾ വീതമാണ് ഉള്ളത്. ഇതിൽ 12 കോച്ചുകൾ ഉള്ളവയാണ് 16 എണ്ണമായി ഉയർത്തുന്നത്. ഏതൊക്കെ റൂട്ടുകളിലാണ് കോച്ചുകളുടെ എണ്ണം 16 ആയി വർധിപ്പിക്കുന്നത് എന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല.
കൊല്ലം- ആലപ്പുഴ, ആലപ്പുഴ- എറണാകുളം, എറണാകുളം-ഷൊർണൂർ, ഷൊർണൂർ - കണ്ണൂർ റൂട്ടുകളാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുക എന്നാണു വിവരം. താംബരത്തുനിന്ന് കൂടുതൽ പുതിയ മെമു റേക്കുകൾ കൊല്ലത്ത് ഉടൻ എത്തുമെന്നാണ് അധികൃതർ നൽകുന്ന സൂചനകൾ. കൊല്ലത്തെ മെമു ഷെഡിൽ 12 കോച്ചുകളുടെ അറ്റകുറ്റപ്പണികളാണ് ഇപ്പോൾ നടന്നുവരുന്നത്. ഇത് 16 ലേക്ക് ഉയർത്തുന്നതിനുള്ള പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.