തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്നുകേസിൽ കുടുക്കിയ ബന്ധു ലിവിയ ജോസിനെ ഇന്ന് കേരളത്തിൽ എത്തിക്കും. ഷീലയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ.
ദുബായിൽനിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവർ പിടിയിലായിരിക്കുന്നത്. ലിവിയയ്ക്കായി പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നതിനാൽ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞുവയ്ക്കുകയായിരുന്നു.
തുടർന്ന് കേസന്വേഷണത്തിന്റെ ചുമതലയുള്ള കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജുവിനെ വിവരമറിയിച്ചു. ഇന്ന് മുംബൈയിലെ കോടതിയിൽ ഹാജരാക്കിയശേഷം കസ്റ്റഡിയിൽ വാങ്ങും.
ബംഗളുരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായിരുന്നു ലിവിയ. സഹോദരിയുടെ അമ്മായിയമ്മയായ ഷീല സണ്ണിയെ കുടുക്കാൻ വ്യാജലഹരിക്കേസിൽ പ്രതിയാക്കിയെന്നാണു കേസ്.