തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവർഷിണി. സിനിമയിലേക്കുള്ള അമൃതയുടെ പ്രവേശനം ശരിക്കും ഉത്സവമായി മാറി. കുട്ടിക്കാലം മുതൽ മനസിൽ കൊണ്ടു നടന്നിരുന്ന മോഹൻലാൽ, ശോഭന തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം സ്വപ്നതുല്യമായ ഒരു അരങ്ങേറ്റം.
ആദ്യ സിനിമതന്നെ സൂപ്പർ ഹിറ്റ് ആയി മാറുകയും ചെയ്തു. മോഹൻലാൽ-ശോഭന താരജോടികൾ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ മകൾ പവിത്രയായിട്ടാണ് സിനിമയിൽ അമൃതവർഷിണി ശ്രദ്ധിക്കപ്പെട്ടത്. സിനിമയുടെ കഥാഗതിയിൽ നല്ല പങ്കാളിത്തമുള്ള കഥാപാത്രം. അരങ്ങേറ്റം ഗംഭീരമാക്കാൻ അമൃതവർഷിണിക്കു കഴിഞ്ഞു എന്നു പ്രേക്ഷകരും പറയുന്നു.
തെന്നിന്ത്യന്‍ നടി രശ്മികയുടെ ആരാധികകൂടിയായ അമൃത ചെയ്ത ഒരു റീല്‍ വീഡിയോയ്ക്കു സാക്ഷാല്‍ രശ്മികതന്നെ കമന്റ് നല്‍കിയത് അടുത്തിടെ വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നിരവധി നിരവധി ഫോളോവേഴ്സ് ഉള്ള അമൃതയെ അതിന്റെ പേരിൽ ചിലർ ജൂണിയര്‍ രശ്മിക മന്ദാന എന്നും വിശേഷിപ്പിച്ചു.
കൊച്ചിന് നേവല്‍ ബേസിലെ കേന്ദ്രീയ വിദ്യാലയയില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന അമൃത, ശ്രദ്ധിക്കപ്പെടുന്ന ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സർ കൂടിയാണ്. സിനിമയില്‍ തുടരാന്‍ ആഗ്രഹിക്കുന്ന അമൃത സണ്‍ഡേ ദീപികയുമായി സംസാരിക്കുന്നു.
തുടരും എങ്ങനെ തുറന്നെത്തി?
ഉടന്‍ ഷൂട്ട് തുടങ്ങുന്ന ഒരു സിനിമയിലേക്ക് എന്റെ പ്രായത്തിലുള്ള ഒരു കുട്ടിയെ വേണമെന്ന് എന്റെ മാമനായ അശ്വിനോടു കൂട്ടുകാരന് ബിനുവേട്ടനാണ് (ബിനു പപ്പു) പറഞ്ഞത്. അപ്പോള്‍ മാമന് അദ്ദേഹത്തോട് എന്റെ പേരു പറഞ്ഞു, ഫോട്ടോയും കാണിച്ചുകൊടുത്തു.
അങ്ങനെ ബിനുവേട്ടന് എന്നെ വിളിച്ചു. ലാലേട്ടന്റെ സിനിമയാണെന്നു പറഞ്ഞിരുന്നു. ഓഡിഷനുണ്ട്, കൂടുതല്‍ പ്രതീക്ഷിക്കേണ്ട. കിട്ടിയാല്‍ കിട്ടി എന്നാണ് ബിനുവേട്ടന് ആദ്യമേ പറഞ്ഞിരുന്നത്.
ഓഡിഷനു ചെന്നപ്പോള്‍ എന്നോടു രണ്ടു സിറ്റുവേഷന് ചെയ്തു കാണിക്കാന്‍ പറഞ്ഞു. ഒന്ന് ഒരു ആങ്ങളയും പെങ്ങളും തമ്മിലുള്ള പ്രശ്നമാണ്. ആങ്ങളയെ കുറ്റം പറയുന്ന സീനായിരുന്നു. എനിക്ക് ഒരു സഹോദരന് ഉണ്ട്. അതുകൊണ്ടുതന്നെ എനിക്ക് അതു കണക്ട് ചെയ്യാൻ ബുദ്ധിമുട്ടുണ്ടായില്ല, അതു നന്നായി ചെയ്തു കാണിച്ചു.
പരിചിതനായ ഒരാള്‍ വീട്ടില്‍ വരുന്നു, അയാളെ കണ്ടാല്‍ത്തന്നെ പേടിയാകും, വീട്ടിലാണെങ്കില്‍ ഒറ്റയ്ക്കാണ്. ആ സമയത്ത് എങ്ങനെ പ്രതികരിക്കും എന്നുള്ളതായിരുന്നു രണ്ടാമത്തെ സീന്‍. അതും ചെയ്തു കാണിച്ചു. തരുണ്‍ സാറാണ് അവിടെനിന്നു ഡയലോഗ് പറഞ്ഞു തന്നുകൊണ്ടിരുന്നത്.
നമുക്ക് ഇനിയും കാണാമെന്നു പറഞ്ഞാണ് എന്നെ തിരിച്ചുവിട്ടത്. കിട്ടിയാല്‍ അതൊരു വലിയ ടേണിംഗ് പോയിന്റാകുമെന്നു വിചാരിച്ചെങ്കിലും വിളിക്കുമെന്ന ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. കുറേക്കാലത്തേക്കു വിവരമൊന്നും ഇല്ലായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം സെലക്ട് ആയി എന്നു പറഞ്ഞു വിളിച്ചു. അന്നത്തെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാ.
തുടരുമിൽ തുടങ്ങിയത് ഏതു സീനിൽ ആയിരുന്നു?
ശോഭന മാമിന്റെ കൂടെയായിരുന്നു തുടക്കം. "അന്ത ആള്‍ക്ക് കാറ് കൈയില്‍ കിട്ടിയാല്‍ കിളി പോകും' എന്നു ശോഭന എന്നോടു പറയുന്ന സീന്‍ ആണ് ആദ്യമായെടുത്തത്. ഞാന്‍ നൃത്തം പഠിക്കുന്നുണ്ട്, ചെയ്യാറുമുണ്ട്.
അതുകൊണ്ടുതന്നെ ശോഭന മാമിനെ ഞാന്‍ പണ്ടുമുതലേ ഫോളോ ചെയ്തിരുന്നു. അവരുടെ ഡാന്‍സ് വിഡിയോകള്‍ എല്ലാം കാണാറുണ്ട്, ഒപ്പം പഴയ സിനിമകളും കണ്ടിട്ടുണ്ട്. ആദ്യമായി കാമറയ്ക്കു മുന്നില്‍ നില്ക്കാന് നല്ല പേടിയുണ്ടായിരുന്നു.
ആദ്യത്തെ ഷോട്ട് നാലു ടേക്ക് വരെ പോയി. എന്നിട്ടാണ് അത് ഒാക്കെ ആയത്. ഭയങ്കര പേടിയും അതുപോലെ എക്സൈറ്റ്മെന്റും. പക്ഷേ, എല്ലാവരും എന്നോടു നല്ല സ്നേഹത്തോടെയും വാത്സല്യത്തോടെയുമാണ് പെരുമാറിയത്. മാം എന്നെ കെട്ടിപ്പിടിച്ചു. അതോടെ ഞാൻ പേടി മാറി കംഫര്‍ട്ടബിളായി. പിന്നീട് വളരെ കൂളായി അഭിനയിക്കാന്‍ കഴിഞ്ഞു.
ലാലേട്ടനോടൊപ്പം