ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും 11 പേര് മരിച്ച സംഭവത്തില്‍ സസ്പെൻഷനിലായ പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണമെന്ന സിഎടി ഉത്തരവിനെതിരേ കോടതിയെ സമീപിച്ച് സര്‍ക്കാര്‍. സസ്പെന്ഷന് ചെയ്യാന്‍ കാരണമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് ബി.കെ. ശ്രീവാസ്തവയും സന്തോഷ് മെഹ്റയും ഉള്‍പ്പെട്ട സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ പറഞ്ഞത്.
തിടുക്കപ്പെട്ട് പരിപാടി സംഘടിപ്പിച്ചതാണ് ദുരന്തത്തിന് കാരണം. പോലീസ് അനുമതി വാങ്ങാതെയായിരുന്നു പരിപാടി പ്രഖ്യാപിച്ചിരുന്നതെന്നും സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ കണ്ടെത്തിയിരുന്നു. ബംഗളൂരു പോലീസ് മേധാവി വികാസ് കുമാർ ഉള്‍പ്പെടെ അഞ്ചു പേരുടെ സസ്പെന്ഷന് ആണു റദ്ദാക്കിയത്.
എന്നാല്‍ എസിപി ഒഴികെ മറ്റ് പോലീസുകാര്‍ ട്രൈബ്യൂണലിനെ സമീപിച്ചില്ലെന്നും അവരെ പുനഃസ്ഥാപിക്കണമെന്ന ട്രിബ്യൂണലിന്റെ നിര്‍ദേശം ചട്ടവിരുദ്ധമാണെന്നും സര്‍ക്കാര്‍ പറഞ്ഞു. ഏകാംഗ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്. ഇക്കാര്യങ്ങള്‍ ട്രൈബ്യൂണലിനെ അറിയിച്ചെങ്കിലും അതൊന്നും മുഖവിലയ്ക്കെടുത്തില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല.