ADVERTISEMENT
ജനസ്വരം ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവാണ്. അത് ഭരണഘടന ഓരോ പൗരനും നൽകുന്ന പങ്കാളിത്ത ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യവുമാണ്. ഭാരത ജനാധിപത്യത്തിന് കെട്ടുറപ്പും വളർച്ചയും വികാസവും നൽകിയത് ഈ പ്രതികരണക്ഷമതയാണ്. സാമൂഹിക പ്രതിബദ്ധതയിലൂടെയും രാഷ്ട്രീയ സമർപ്പണത്തിലൂടെയും ഉയർന്നുവന്ന ജനശബ്ദം സമൂഹനിർമിതിയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നുള്ളതു ചരിത്രവസ്തുതകളാണ്. രാജ്യവും ഭരണസംവിധാനവുമെല്ലാം ‘ജനങ്ങളിൽനിന്ന്, ജനങ്ങൾക്കുവേണ്ടി, ജനങ്ങളാൽ’ എന്ന അടിസ്ഥാനപ്രമാണത്തിലാണ് നിലകൊള്ളുന്നത്. ഈ വസ്തുത മറക്കുകയോ അവഗണിക്കുകയോ ചെയ്യുന്പോഴാണ് ജനശബ്ദം ഇല്ലാതാക്കുന്ന സേച്ഛാധിപത്യവും അടിച്ചമർത്തൽ പ്രവണതകളും അരങ്ങുവാഴുന്നത്.
ഭരണകൂടത്തെ നിർണയിക്കാനും തിരുത്താനും അഴിമതിരഹിത ഭരണം ഉറപ്പുവരുത്താനും ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താനുമാണ് സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്ന് ജനാധിപത്യ സംവിധാനത്തിൽ ജനശബ്ദം ഉയർന്നിട്ടുള്ളത്. രാജ്യപുരോഗതിയുടെ നിർണായക ഘടകങ്ങളായി അവ കണക്കാക്കപ്പെടുന്പോൾ മാത്രമേ നാടിന്റെ പുരോഗതിയും സമൂഹത്തിന്റെ മാറ്റങ്ങളും കാലോചിതമായെന്ന് അവകാശപ്പെടാൻ സാധിക്കുകയുള്ളൂ.
ഭാരതത്തിന്റെ സാമൂഹിക പശ്ചാത്തലത്തിൽ അതിന്റെ ഭൂരിഭാഗം വരുന്ന പാവങ്ങളുടെ ശബ്ദവും സങ്കടങ്ങളും അവരുടെ ആവശ്യങ്ങളും കണ്ടില്ലായെന്നു നടിക്കുന്നതിനേക്കാൾ വലിയ അന്ധതയും ക്രൂരതയും ഉണ്ടാകാനില്ല. മേൽത്തട്ടുകളിലും പാർട്ടി പ്രീണനങ്ങളിലും മാത്രം ശ്രദ്ധിക്കുന്ന ഭരണമേലാളർക്കെതിരേ ജനത്തിന്റെ ശബ്ദം ഉയരുന്നതിൽ എന്തു തെറ്റാണുള്ളത്? അധികാരവും സന്പത്തും ഉപയോഗിച്ച് അവരുടെ ഒച്ചയില്ലാതാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യത്തെത്തന്നെ കബറടക്കുന്നതിനു തുല്യമാണ്. കേൾക്കാനും വേണ്ട മാറ്റങ്ങൾ കൈക്കൊള്ളാനും നടപടികൾ സ്വീകരിക്കാനും അങ്ങനെ ജനസാമാന്യത്തിന്റെ സുസ്ഥിതി ഉറപ്പുവരുത്താനും സാധിക്കുന്നില്ലായെങ്കിൽ അത് ഭരണഘടനയോടും രാജ്യത്തിന്റെ സ്വത്വത്തോടും ചേരാത്ത ധർമരാഹിത്യം തന്നെയാണ്.
ജനങ്ങൾക്കുവേണ്ടിയുള്ള ഒരു ഭരണഘടനയിലെ സോഷ്യലിസവും മതേതരത്വവുംതന്നെ എടുത്തുമാറ്റണമെന്ന ഭരണകൂട സങ്കുചിതത്വത്തെ ഭാരതത്തിന്റെ ബഹുസ്വര പശ്ചാത്തലത്തിൽ അന്പരപ്പോടെയല്ലാതെ എങ്ങനെ വായിക്കണം?
കെടുകാര്യസ്ഥതയും അനാസ്ഥയുംകൊണ്ട് ഇടിഞ്ഞുവീണ പൊതുജനസ്ഥാപനങ്ങളും അതിനടിയിൽ ശബ്ദം നിലച്ചുപോയ ജീവിതങ്ങളും അതിനെ രാഷ്ട്രീയ മുതലെടുപ്പിനു വഴിതിരിച്ചുവിടുന്ന കോമാളിത്തവും എങ്ങനെ വ്യാഖ്യാനിക്കണമാവോ? വീണത് ചുരുക്കം. വീഴാനുള്ളതോ? വീണത് മാത്രമല്ല, വീഴാനോങ്ങി നിൽക്കുന്ന നിരവധി കെട്ടിടങ്ങളും ജീവിതങ്ങളും മരങ്ങളുമെല്ലാം മനുഷ്യജീവിതത്തെയും അതിന്റെ നിലനിൽപ്പിനെയും ഭീഷണിപ്പെടുത്തുന്നുണ്ട് എന്നുള്ളത് ആർക്കാണറിയാത്തത്? മനുഷ്യന്റെ അടിസ്ഥാനസൗകര്യങ്ങളും ആവശ്യങ്ങളും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പോലും അവഗണിക്കപ്പെടുന്നത് എത്രയോ ശോചനീയമാണ്. ‘മോഡലാണ്’ എന്നൊക്കെ പറഞ്ഞ് പാർട്ടി സമ്മേളനത്തിൽ വീന്പിളക്കി വിരുന്ന് ആഘോഷിക്കുന്നവരോട് എന്ന് ഇതിനൊരു പരിഹാരമെന്ന ജനരോദനം കേൾക്കുന്നുണ്ടോ എന്നൊരു ചോദ്യംകൂടി?
സിസ്റ്റത്തിന്റെ കുഴപ്പം പരിഹരിക്കാനും അത് സിസ്റ്റമാറ്റിക്കാക്കാനും തന്നെയാണ് ഒരു ജനാധിപത്യവ്യവസ്ഥയിലെ സകലരും ചേർന്ന് ജനപ്രതിനിധികൾക്കു തട്ടകം ഒരുക്കിക്കൊടുത്തത്. ആ അവബോധം ഉണ്ടായെങ്കിലേ കുഴപ്പം വ്യക്തിയുടേതാണെങ്കിലും സിസ്റ്റത്തിന്റേതാണെങ്കിലും അതിന് അടിസ്ഥാനപരമായി ചികിത്സയും പുനഃക്രമീകരണവും ഉണ്ടാക്കാനാവൂ.
പൊതുനിരത്തിലെ കുഴിയിൽ വീണു നടുവൊടിയുന്ന യാത്രക്കാർ, എന്തിനാണ് ടോൾ പിരിക്കുന്നതെന്ന് ചോദിക്കുന്നത് അന്യായമാണോ? വീടിനു പുറത്തിറങ്ങാനും വീട്ടിൽനിന്ന് സ്കൂളിലേക്ക് സുരക്ഷിതമായി കുഞ്ഞുങ്ങളെ വിടാനും കഴിയാത്ത മാതാപിതാക്കളും കാട്ടുമൃഗങ്ങളെ ഭയക്കുന്ന മലയോരവാസികളും മറ്റും എത്രനാളായി നിലവിളിക്കുന്നു. മുനന്പത്തും ചെല്ലാനത്തും മറ്റ് കടൽത്തീരങ്ങളിലും ആഞ്ഞടിക്കുന്ന ജനനൊന്പരം ഇവിടെ ആരു കേൾക്കുന്നു? കർഷകരും കാർഷികമേഖലയും നേരിടുന്ന അനീതിപരമായ അവഗണനകൾക്ക് ആരു പരിഹാരം കാണും? കാട്ടുമൃഗങ്ങളും പേപ്പട്ടിയും കടിച്ചുകീറിത്തിന്നുന്ന ജീവിതങ്ങളും അവരുടെ സ്വപ്നങ്ങളും വാർത്തകളിൽ ഒതുക്കിയും ധനസഹായം പ്രഖ്യാപിച്ചും പരിഹരിക്കേണ്ടതു മാത്രമോ? നമ്മുടെ യുവതലമുറ ലഹരിക്കടിപ്പെട്ട് സ്വജീവിതവും മറ്റുള്ളവരുടെ ജീവിതവും കവർന്നെടുക്കുന്ന സാമൂഹികവിപത്തിനെതിരേ അടിസ്ഥാനപരമായി എന്തു സമീപനമാണ് നമ്മൾ ഇതുവരെ കൈക്കൊണ്ടിട്ടുള്ളത് ? ഭീകരതയും മതവെറിയും കൊലവിളിയും പൊതുസമൂഹത്തിൽ മുഴക്കുന്നതിന് ആരു കടിഞ്ഞാണിടും?
എന്തും ഏതും വർഗീയവത്കരിക്കുന്ന മാറാവ്യാധിയോട് പ്രബുദ്ധകേരളം എങ്ങനെ പ്രതികരിക്കുന്നു? നിറങ്ങളെപ്പോലും മതവത്കരിക്കുകയും ഇതരവിഭാഗങ്ങളെ, ന്യൂനപക്ഷങ്ങളെ മാറ്റിനിർത്തുകയും ചെയ്യുന്ന പ്രവണതകൾ ജനാധിപത്യത്തിനു ഭീഷണിതന്നെയല്ലേ? ഭാഷകളും മതങ്ങളും സംസ്കാരങ്ങളും ഉദ്യാനസമാനം നിലനിൽക്കുന്ന നമ്മുടെ നാട് ഏതെങ്കിലും ഒരു നിറത്തിനും വേഷത്തിനുംവേണ്ടി വാദങ്ങൾ മുഴക്കി ഇടുങ്ങിപ്പോകുന്നത് എത്ര ശോചനീയമാണ്?
കേരളത്തിൽ ഈയിടെ ഉയർന്നുവന്ന ഒരു ജനശബ്ദമായിരുന്നു ഡോ. ഹാരിസിന്റേത്. ഇന്ന് അദ്ദേഹം നേരിടുന്ന എതിർപ്പും വിവേചനവും ഇവിടത്തെ സകല രോഗികളുടെയും ഭിഷഗ്വരരുടെയും ആതുരമേഖലയുടേതുമാണ്. ഫ്രൈഡ് റൈസും ബിരിയാണിയും പായസവും വാക്കുകൊണ്ടല്ല, പ്രവൃത്തികളിൽ വിളന്പുന്പോഴാണ് ഒരു സമൂഹത്തിന്റെ വളർച്ചയും സുസ്ഥിതിയും ഉറപ്പാകുന്നത്. ഓരോ ഫയലും ഓരോ ജീവിതം മാത്രമല്ല, അതിൽ ഒരുപാടു ജീവിതങ്ങളും ഒരു സമൂഹത്തിന്റെതന്നെ നൊന്പരങ്ങളുമാണെന്ന് ചിന്തിക്കുന്പോഴല്ലേ ജനാധിപത്യത്തിന് വളർച്ചയും വികാസവും ഉണ്ടാകുന്നത്? കെട്ടിക്കിടക്കുന്ന ഫയലുകളും നിവേദനങ്ങളും ജനശബ്ദം തന്നെയാണെന്ന് തിരിച്ചറിയാനും അവ പഠിച്ചു പരിഹാരം കണ്ടെത്തി പൊതുനന്മ ഉറപ്പാക്കാനും സാധിക്കുന്പോഴാണ് ഒരു രാജ്യത്ത് ജനകീയമായ ഭരണം നടക്കുന്നത്. അല്ലെങ്കിൽ അത് സ്വേച്ഛാധിപത്യമായിരിക്കും.
ജനശബ്ദം ഒരിക്കലും ആരുടെയും ഒന്നിന്റെയും പ്രതിച്ഛായ്ക്ക് മങ്ങലേൽപ്പിക്കലല്ല, മറിച്ച് പ്രതിച്ഛായ സുന്ദരമാക്കാനുള്ള ജനാധിപത്യ സംവിധാനമാണെന്ന് തിരിച്ചറിയുക. വിമർശനങ്ങളിലൂടെ മാത്രമേ വ്യക്തികളും പ്രസ്ഥാനങ്ങളും വളരുകയുള്ളൂ.
ഉയരുന്ന ശബ്ദങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരാനും പുറത്തുവരാത്ത ശബ്ദങ്ങളെ പുറത്തേക്ക് കൊണ്ടുവരാനുള്ള ധാർമിക ഉത്തരവാദിത്തമാണ് മാധ്യമങ്ങൾ ഏറ്റെടുക്കേണ്ടത്. രാഷ്ട്രീയ പ്രവർത്തനത്തിനും കോർപറേറ്റുകൾക്കുംവേണ്ടി ഓച്ഛാനിച്ചു നിൽക്കുന്നവയാകരുത് നമ്മുടെ മാധ്യമങ്ങളും നിയമപാലകരും അവയോടു ചേർന്ന സംവിധാനങ്ങളും.
അനാവശ്യമായി ആരെയും ഭയക്കാതെയും ആരുടെയും അടിമകളാകാതെയും ആയിരിക്കാനുള്ള സ്വച്ഛമായ ഒരു അന്തരീക്ഷം ജനാധിപത്യത്തിൽ സകലർക്കും ഉണ്ടാകേണ്ടതുണ്ട്.
ജനങ്ങൾ ശബ്ദമുയർത്തുന്നത് വെറും അവകാശമായി മാത്രം കണ്ടാൽ പോരാ. അതൊരു സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാവിയെ നിർണയിക്കുന്ന ഉത്തരവാദിത്വത്തിന്റെ കാഹളംകൂടിയായി വായിക്കുന്പോൾ മാത്രമേ ജനാധിപത്യത്തിന്റെ വിജയഭേരിയായി മാറുകയുള്ളൂ. അവിടെ മാത്രമേ ഭാരതവും കേരളവും നമ്മുടെ ജനാധിപത്യസംവിധാനവും ജനങ്ങളുടെയും ജനങ്ങളാലുള്ളതും ജനങ്ങളിൽനിന്നുള്ളതും ജനങ്ങൾക്കുവേണ്ടിയുള്ളതുമായിത്തീരുകയുള്ളൂ.
വസ്തുതാവിരുദ്ധമായ പ്രസ്താവനകളും ചർച്ചകളും ജനശബ്ദത്തെ ഇല്ലാതാക്കാനും ശ്രദ്ധ മാറ്റിവിടാനും അങ്ങനെ ജനാധിപത്യത്തെത്തന്നെ ദുർബലമാക്കിത്തീർക്കുന്നതിനും ഇടയാകുന്നു. ചില ശബ്ദങ്ങൾക്കു മാത്രം നൽകുന്ന അമിത പ്രാധാന്യവും പ്രോത്സാഹനവും ഇരട്ടത്താപ്പുതന്നെയാണ്. ഏതൊരു ഭരണകൂടവും ജനങ്ങളോട് കടപ്പെട്ടവരും ജനങ്ങൾക്ക് കണക്കു കൊടുക്കേണ്ടവരുമാണെന്നുള്ള ജനാധിപത്യബോധം സമൂഹത്തെ നയിക്കട്ടെ. പ്രകടമായ അസമത്വം ഉള്ളതാവരുത് ഒരു ജനാധിപത്യസമൂഹം. ജനാധിപത്യത്തിൽ അടിമയുമില്ല; യജമാനനും ഇല്ല.
Tags :