ADVERTISEMENT
ദേശവിരുദ്ധ ശക്തികളുടെ കേന്ദ്രമായി കേരളം മാറുന്നു എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിരീക്ഷണം കേരളത്തിലെ സാധാരണക്കാരുടെ മനസിൽ തീ കോരിയിടുന്നതാണ്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് കേരളത്തിൽ ഇപ്പോഴും പ്രവർത്തിക്കുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ഇരുമുന്നണികളും മുസ്ലിം പ്രീണനത്തിനിടെ നാടിനെ ദേശവിരുദ്ധരുടെ താവളമാക്കുന്നു എന്ന് ആരോപിച്ച അദ്ദേഹം ഈ ഭീകര യാഥാർഥ്യത്തെ നേരിടാൻ കേരള സർക്കാർ എന്തു നടപടി എടുത്തു എന്നു ചോദിക്കാനും മറന്നില്ല. ബിജെപിയുടെ ആസ്ഥാനമന്ദിരമായ മാരാർ ഭവനം ഉദ്ഘാടനം ചെയ്യാനെത്തിയ അമിത് ഷാ തിരുവനന്തപുരത്ത് ബിജെപിയുടെ വാർഡുതല നേതൃസംഗമത്തിൽ പ്രസംഗിക്കവേയാണ് ആരോപണമുന്നയിച്ചത്.
കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ആശയങ്ങളുമായി വിഹരിക്കുന്നവർ ധാരാളമുണ്ട് എന്നാണ് പൊതുസമൂഹത്തിന്റെ ആശങ്ക. അവരുടെ പേരിപ്പോൾ പോപ്പുലർ ഫ്രണ്ട് എന്നാണോ എന്നതിൽ മാത്രമാണു സംശയം. കേരളത്തിൽ മുസ്ലിം തീവ്രവാദികളുടെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്നു പറഞ്ഞതു മുഖ്യമന്ത്രിയുടെ എന്നപോലെ പ്രധാനമന്ത്രിയുടെയും അടുത്ത ആളായി കരുതപ്പെടുന്ന കേരളത്തിലെ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയാണ്. ലോകത്തു മുസ്ലിം തീവ്രവാദി ഭരണം സ്ഥാപിക്കപ്പെട്ട എല്ലായിടത്തും അതിന്റെ ആദ്യപടിയായിരുന്നു സ്ലീപ്പർ സെല്ലുകൾ. ഇത്തരം സെല്ലുകളുടെ കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത്രയും വലിയ ഒരു വിവരം ഡിജിപി മുഖ്യമന്ത്രിയെ അറിയിച്ചില്ലെന്നു വിശ്വസിക്കാനാകില്ല. അപ്പോൾ സർക്കാർ അതു വലിയ കാര്യമായി എടുക്കുന്നില്ല എന്നല്ലേ അർഥം. ഈ വെളിപ്പെടുത്തൽ വലിയ വിവാദമാക്കാതിരിക്കാൻ പ്രതിപക്ഷവും ശ്രദ്ധിച്ചു. ഇടതു-വലത് മുന്നണികൾ നാടിനെ ദേശവിരുദ്ധരുടെ താവളമാക്കുന്നു എന്നു ഭയപ്പെടുന്നവരുടെ എണ്ണം വർധിക്കുകയാണ്.
മുസ്ലിം തീവ്രവാദികൾ കേരളത്തിൽ കുഞ്ഞുങ്ങൾക്കിടയിൽ വരെ തീവ്രവാദ ആശയങ്ങൾ കുത്തിവയ്ക്കുന്നില്ലേ എന്നു സാധാരണക്കാർ ഭയപ്പെടുന്നു. മുസ്ലിം ജനസമൂഹത്തിലെ ഭൂരിഭാഗവും തീവ്രവാദികളിൽ പെടുന്നവരല്ല. പക്ഷേ, അവർക്കും തീവ്രവാദികളെ ഭയമാണ്, അവർക്കെതിരേ വായ തുറക്കില്ല. താലിബാനെതിരേ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനു കേരളത്തിന്റെ മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം.കെ. മുനീറിനു വധഭീഷണി ഉണ്ടായി. മുനീറിനെ അനുകൂലിച്ച് ഒരു നേതാവും രംഗത്തു വന്നില്ല. പിൻവലിക്കണമെന്നു ഭീഷണിയുണ്ടായിട്ടും അദ്ദേഹം ആ പോസ്റ്റ് പിൻവലിച്ചില്ല. എങ്കിലും പിന്നീട് അത്തരം പോസ്റ്റുകൾ എഴുതാതിരിക്കാൻ ശ്രദ്ധിച്ചു. മുനീർ കൊടുത്ത പരാതിയെക്കുറിച്ച് പിന്നീടൊന്നും കേട്ടതുമില്ല.
2020ൽ ജിഹാദിനെക്കുറിച്ചുള്ള പുസ്തകം "മഷാറി അൽ അഷ്വാക് ഇലാ മഷാറി അൽ ഉഷാക്' നിരോധിക്കാൻ സർക്കാർ തയാറായില്ല. പുസ്തകം നിരോധിക്കാത്തതിൽ പ്രതിപക്ഷവും ബഹളം വച്ചില്ല. മാത്രവുമല്ല, നിലന്പൂർ ഉപതെരഞ്ഞെടുപ്പോടെ അവർ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടിയുമായി പരസ്യമായ സഖ്യവും പ്രഖ്യാപിച്ചു. ഇതെല്ലാം കാണുന്നവരുടെ ചങ്കിടിപ്പു കൂട്ടുന്ന വാക്കുകളാണ് അമിത് ഷാ പറഞ്ഞത്.
അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിയാണ്. ഒരു നിരോധിത തീവ്രവാദ സംഘടന ഒരു സംസ്ഥാനത്തു പ്രവർത്തനം തുടരുന്നുണ്ടെങ്കിൽ അദ്ദേഹത്തിനും ഉത്തരവാദിത്വമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസുവഴി നടക്കുന്ന സ്വർണ കള്ളക്കടത്തിനെക്കുറിച്ച് പറയുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രിക്കെതിരേ നടപടി സ്വീകരിക്കാത്തതു കാണുന്പോൾ പകച്ചുപോകുന്നതുപോലെ ദേശവിരുദ്ധ ശക്തികളുടെ കേന്ദ്രമായി കേരളം മാറുന്നു എന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ആരോപണം കേൾക്കുന്പോഴും ജനം സംശയിച്ചുപോകുകയാണ്. ഇടതു-വലതു മുന്നണികൾക്കു കേരളത്തിൽ അധികാരം പിടിക്കാൻ മുസ്ലിം പ്രീണനം അനിവാര്യമാണ്. മുസ്ലിം താത്പര്യങ്ങൾ വഴിവിട്ടും സംരക്ഷിക്കുന്നതിനെ ന്യൂനപക്ഷ സംരക്ഷണം എന്നാണ് അവർ ചിത്രീകരിക്കുന്നത്. അവർക്ക് ന്യൂനപക്ഷമെന്നാൽ മുസ്ലിംകളാണ്. ക്രൈസ്തവർ അടക്കമുള്ള മറ്റു ന്യൂനപക്ഷങ്ങൾ അവരുടെ പുസ്തകത്തിലില്ലാത്ത മട്ടാണ്. വടക്കേ ഇന്ത്യയിൽ നടക്കുന്ന ക്രൈസ്തവപീഡന സംഭവങ്ങൾ മാത്രമാണ് അവരുടെ വിഷയം. ഡൽഹിയിൽ പൊതുനിരത്തിലൂടെ കുരിശിന്റെ വഴി അനുവദിക്കാതിരുന്നാൽ വലിയവായിൽ കരയും. കേരളത്തിൽ സർക്കാർതന്നെ കുരിശു തകർക്കും; കുരിശു സ്ഥാപിച്ചതിനു കേസുമെടുക്കും.
2026ൽ ബിജെപി കേരളം പിടിക്കുമെന്ന് അമിത്ഷാ പറഞ്ഞു. ത്രിപുരയിലും ഒഡീഷയിലും തെലുങ്കാനയിലും ആസാമിലുമുണ്ടായ അട്ടിമറി മുന്നേറ്റം കേരളത്തിലും ഉണ്ടാകുമെന്നാണ് അമിത് ഷാ പ്രവചിക്കുന്നത്. 2014ലെ പൊതുതെരഞ്ഞെടുപ്പിൽ കേരളത്തിൽ 11 ശതമാനം വോട്ട് ലഭിച്ച ബിജെപിക്ക് 2024ലെ പൊതുതെരഞ്ഞെടുപ്പിൽ 20 ശതമാനം വോട്ട് ലഭിച്ചെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഓഹരി 25 ശതമാനമാകും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മലർപ്പൊടിക്കാരന്റെ സ്വപ്നമായേ വിവരമുള്ളവർ ഇപ്പോഴതിനെ കരുതൂ. മുസ്ലിം പ്രീണനപ്രവർത്തനങ്ങളിലൂടെ ഇടതു-വലതു മുന്നണികൾ മറ്റു സമുദായങ്ങളിൽനിന്ന് അകലുന്നതിന്റെ ഗതിവേഗം പോലിരിക്കും ഈ സ്വപ്ന സാക്ഷാത്കാരത്തിന്. അപകടം മനസിലായ സിപിഎം ആവേശം തെല്ലു കുറച്ചിട്ടുണ്ട്.
2026ലെ തെരഞ്ഞെടുപ്പു ലക്ഷ്യമാക്കി കേരളത്തിലെ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ കരുക്കൾ നീക്കുന്നുണ്ട്. മുൻ കേന്ദ്രമന്ത്രി മുരളീധരന്റെ പക്ഷത്തെ ഒതുക്കി പി.കെ. കൃഷ്ണദാസ് പക്ഷത്തിനു മുൻതൂക്കം നല്കി അദ്ദേഹം കൊണ്ടുവന്ന പുതിയ ടീമിനെ, തലമുറ മാറുന്ന ടീം എന്നാണ് അവർ വിളിക്കുന്നത്. എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, എസ്. സുരേഷ്, അനൂപ് ആന്റണി എന്നിവരാണ് പുതിയ ജനറൽ സെക്രട്ടറിമാർ. സുരേന്ദ്രൻ-മുരളീധര പക്ഷത്തെ സി. കൃഷ്ണകുമാറിനെയും പി. സുധീറിനെയും വൈസ് പ്രസിഡന്റുമാരാക്കി. വൈസ് പ്രസിഡന്റുമാരിൽ മുൻ ഡിജിപി ശ്രീലേഖയും ഷോണ് ജോർജും ഉണ്ട്. പാർട്ടിയുടെ കോർ കമ്മിറ്റിയിൽ ജനറൽ സെക്രട്ടറിമാർ മാത്രമാണു സാധാരണ പങ്കെടുക്കുന്നത്. അതായത്, പാർട്ടിഭരണത്തിൽ മുരളീധരപക്ഷത്തിനു പിടിവിട്ടു എന്ന്. എല്ലാവരെയും ചേർത്തുനിർത്തിയല്ലാതെ ആരെയും വെട്ടിനിരത്തി കേരളം പിടിക്കാൻ ഒരു പാർട്ടിക്കും സാധിക്കില്ല.
ഈ പാരാവാരത്തിലേക്കാണു മുഖ്യമന്ത്രിപദ മോഹവുമായി ശശി തരൂർ എത്താനിരിക്കുന്നത്. ശശി തരൂർ കേരളത്തിന്റെ മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹിക്കുന്നവർ ഏറെ ഉണ്ടത്രെ. വോട്ട് വൈബ് എന്ന സ്വകാര്യ ഗവേഷണ സ്ഥാപനം നടത്തിയ ഈ പഠന റിപ്പോർട്ട് തരൂർ തന്നെയാണ് പുറത്തുവിട്ടത്. വോട്ട് വൈബുകാർ കണ്ടവരിൽ 28.3 ശതമാനവും തരൂർ ജനാധിപത്യമുന്നണിയുടെ മുഖ്യമന്ത്രി ആകണമെന്ന അഭിപ്രായക്കാരാണുപോലും. വി.ഡി. സതീശനാണു രണ്ടാംസ്ഥാനം-15.4 ശതമാനം വോട്ട്. രമേശ് ചെന്നിത്തലയ്ക്ക് 8.2 ശതമാനം വോട്ട് കിട്ടി. കെ.സി. വേണുഗോപാലിന് 4.2 ശതമാനവും വോട്ട് കിട്ടി. ഇടതുമുന്നണി വന്നാൽ കെ.കെ. ഷൈലജ മുഖ്യമന്ത്രി ആകണമെന്നാണ് 24.2 ശതമാനവും ആഗ്രഹിക്കുന്നത്. പിണറായി വീണ്ടും വരണമെന്ന് 17.5 ശതമാനമേ ആഗ്രഹിക്കുന്നുള്ളുവത്രെ.
ഈ വാർത്ത വരുന്പോൾ തരൂർ ലണ്ടനിലായിരുന്നു. 2047ലെ ഇന്ത്യ എന്ന വിഷയത്തെക്കുറിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അവിടെ മോദിയെ സ്തുതിച്ചു. 78 വർഷത്തിനുശേഷം അടിസ്ഥാനനയങ്ങൾ മാറിയെന്നു പറഞ്ഞു. വാക്കുകളിലൂടെ അദ്ദേഹം കോണ്ഗ്രസിനെ കുത്തുന്നു. തരൂർ എങ്ങോട്ടാണ് എന്ന കാര്യത്തിൽ ആർക്കും ഇപ്പോൾ സംശയമില്ല.
പണിമുടക്കു മൂലം കെഎസ്ആർടിസിക്കുണ്ടായത് നാലുകോടി രൂപയുടെ നഷ്ടം. ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ വെളിപ്പെടുത്തിയ കണക്കാണിത്. ഈ നഷ്ടം എങ്ങനെ നികത്തുമെന്നു ചോദിച്ചാൽ ഒരു മറുപടിയുമില്ലെന്ന് അദ്ദേഹം പത്രലേഖകരോട് പറഞ്ഞു. ഗണേഷ് മന്ത്രിയായശേഷമാണ് കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും ശന്പളം കൊടുത്തുതുടങ്ങിയത്. ഒറ്റ സമരംകൊണ്ട് അതിനാണ് സമരക്കാർ പാര വച്ചത്. വ്യാപാരികളെ നിർബന്ധിച്ച് കടയടപ്പിച്ചുള്ള സമരത്തോട് കേരള കോണ്ഗ്രസ്-ബിക്കു യോജിപ്പില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗണേശൻ രണ്ടും കല്പിച്ചാണോ ആവോ? നേരത്തേ പണിമുടക്കിന് ഡയസ് നോണ് ഏർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എങ്കിലും ഇടതു നേതാക്കൾ വിലക്കി. ഇത്തരം വിലക്കുകളില്ലാതെ അഞ്ചുവർഷവും മന്ത്രിസ്ഥാനം കിട്ടാൻ സാധ്യതയുള്ള ജനാധിപത്യമുന്നണിയിലേക്ക് ഗണേഷിനു യാത്ര എളുപ്പമാണ്. അദ്ദേഹത്തിനുണ്ടായിരുന്ന തടസങ്ങളെല്ലാം നീങ്ങിയിട്ടുണ്ട്. ഇടത്തു നിന്നാലും വലത്തു നിന്നാലും അദ്ദേഹം പത്തനാപുരത്തു ജയിക്കും. സാധ്യതകളുടെ കലയാണല്ലോ രാഷ്ട്രീയം.
ചാൻസലറുടെ നേതൃത്വത്തിൽ ഉന്നതവിദ്യാഭ്യാസരംഗത്തു നടക്കുന്ന കാവിവത്കരണത്തെ നേരിടാൻ സിപിഎം ഇടതുപക്ഷ ബുദ്ധിജീവികളും വിദ്യാഭ്യാസപ്രവർത്തകരും ഉൾപ്പെടുന്ന ബദൽ പ്രതിരോധവേദിയായി കേരള വിദ്യാഭ്യാസസമിതി പുനരുജ്ജീവിപ്പിക്കുന്നു. കാലടി സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് ചെയർമാനും എകെപിസിടിഎ മുൻ ജനറൽ സെക്രട്ടറി ഡോ. സി. പത്മനാഭൻ ജനറൽ കണ്വീനറുമാണ്. സ്വാശ്രയ കോളജ് സമരകാലത്ത് അതിനെതിരേ രൂപീകരിച്ചതാണ് വിദ്യാഭ്യസസമിതി. സമരം നടത്തിയിരുന്ന സിപിഎം തന്നെ ഇന്ന് സ്വാശ്രയ കോളജുകൾ നടത്തുന്നു.
കേരള ജനതയുടെ സ്വൈരജീവിതം നശിപ്പിക്കുന്ന തെരുവുനായ്ക്കൾക്കും വന്യമൃഗങ്ങൾക്കുമെതിരേ കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി നടത്തിയ പരസ്യപ്രതിഷേധം സർക്കാരിൽ ചില ചലനങ്ങൾ ഉണ്ടാക്കുന്നു. നായ്ക്കൾക്കു നിലവിലുള്ള നിയമം അനുസരിച്ചുതന്നെ ദയവധം നൽകാൻ സർക്കാർ തീരുമാനിച്ചു. വന്ധ്യംകരണം കൂടുതൽ വ്യാപകമാക്കാനും കൂടുതൽ നായ്പിടിത്തക്കാരെ നിയോഗിക്കാനും തീരുമാനിച്ചതായി തദ്ദേശമന്ത്രിതന്നെ വെളിപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിനുമുന്പ് ഇത്തരം നടപടി ഉണ്ടായാൽ സർക്കാരിനു ഗുണം ചെയ്യും. ജനം അത്ര വലഞ്ഞു.
Tags :