ADVERTISEMENT
ന്യൂഡൽഹി: സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകളിന്മേൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചിക്കുന്നതിനെ ചോദ്യം ചെയ്തു രാഷ്ട്രപതി മുന്നോട്ടുവച്ച റഫറൻസിൽ (പ്രസിഡൻഷ്യൽ റഫറൻസ്) സുപ്രീംകോടതി ചൊവ്വാഴ്ച വാദം കേൾക്കും. രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും അധികാരം നിർവചിക്കുന്ന നിർണായക ജുഡീഷറി പ്രക്രിയ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു പരിഗണിക്കുക.
ഭരണഘടനയുടെ അനുച്ഛേദം 143 പ്രകാരം രാഷ്ട്രപതി നൽകിയിട്ടുള്ള പ്രസിഡൻഷ്യൽ റഫറൻസ് അഞ്ചംഗ ഭരണഘടനാബെഞ്ച് പരിഗണിക്കണമെന്നതു സുപ്രീംകോടതിക്കുള്ളിൽത്തന്നെ ചർച്ച നടത്തിയാണ് തീരുമാനമായിട്ടുള്ളത്. സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന മൂന്ന് ജഡ്ജിമാർ അഞ്ചംഗ ഭരണഘടനാബെഞ്ചിൽ ഉൾപ്പെട്ടിട്ടുണ്ട്.
നിലവിലെ ചീഫ് ജസ്റ്റീസിനോടൊപ്പം ഭാവിയിൽ ചീഫ് ജസ്റ്റീസാകുന്ന മൂന്ന് ജസ്റ്റീസുമാരും ബെഞ്ചിൽ അംഗങ്ങളാണെന്നതു പ്രത്യേകതയാണ്. ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, പി.എസ്. നരസിംഹ, അതുൽ എസ്. ചന്ദൂർക്കർ എന്നിവരാണു ബെഞ്ചിലെ അംഗങ്ങൾ. ബി.ആർ. ഗവായിക്കു പിന്നാലെ സൂര്യകാന്ത് ഈ വർഷം നവംബറിലും വിക്രം നാഥ് 2027 ഫെബ്രുവരിയിലും നരസിംഹ 2027 ഒക്ടോബറിലും ചീഫ് ജസ്റ്റീസാകാൻ തയാറെടുത്തുനിൽക്കുന്നവരാണെന്നത് രാജ്യത്തെ നിയമവിദഗ്ധർ ഉറ്റുനോക്കുന്ന വിഷയത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
ഭരണഘടനയുടെ 143-ാം അനുച്ഛേദമുപയോഗിച്ചു രാഷ്ട്രപതി ചോദ്യങ്ങളുയർത്തിയത് അപൂർവ നടപടിയായതിനാൽ 143-ാം അനുച്ഛേദത്തിന്റെ മുൻ പരാമർശങ്ങളും ഇതിനോടനുബന്ധിച്ചുള്ള മുൻ സുപ്രീം കോടതി വിധികളും വിലയിരുത്തിയതിനുശേഷമാണ് സുപ്രീംകോടതി രജിസ്ട്രി റഫറൻസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിനുമുന്പിൽ പരിഗണനയ്ക്കു വിടണമെന്ന് ചീഫ് ജസ്റ്റീസിനോടു നിർദേശിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകളിന്മേൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിക്കുന്ന ഏപ്രിൽ എട്ടിലെ സുപ്രീംകോടതി വിധിക്കെതിരേ മേയ് 15നാണ് രാഷ്ട്രപതി 14 നിയമപ്രശ്നങ്ങളുന്നയിക്കുന്ന പ്രസിഡൻഷ്യൽ റഫറൻസ് മുന്നോട്ടുവച്ചത്. കോടതികൾക്കു രാഷ്ട്രപതിക്കും ഗവർണർക്കുംമേൽ സമയപരിധി നിശ്ചയിക്കാൻ കഴിയുമോയെന്നതടക്കമുള്ള നിർണായക ചോദ്യങ്ങൾ രാഷ്ട്രപതി റഫറൻസ് വഴി മുന്നോട്ടുവച്ചതിനാൽ സുപ്രീംകോടതിക്ക് ഈ ചോദ്യങ്ങളിൽ ഉത്തരങ്ങൾ നൽകേണ്ട ഉത്തരവാദിത്വവുമുണ്ട്.
തമിഴ്നാട് സർക്കാർ പാസാക്കിയ ബില്ലിന്മേൽ ഗവർണർ തീരുമാനമെടുക്കുന്നില്ലെന്ന കേസിലായിരുന്നു സുപ്രീം കോടതിയുടെ രണ്ടംഗബെഞ്ച് ആദ്യമായി ബില്ലിന്മേൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കു സമയപരിധി നിശ്ചയിച്ചത്. ഗവർണർ ശിപാർശ ചെയ്യുന്ന ബില്ലിന്മേൽ തീരുമാനമെടുക്കാൻ മൂന്നു മാസത്തെ സമയപരിധിയായിരുന്നു മേൽക്കോടതി മുന്നോട്ടുവച്ചത്.
രാഷ്ട്രപതിക്ക് ആദ്യമായി സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.
Tags :