ADVERTISEMENT
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ സംസ്ഥാനത്തെ 81 ഓഫീസുകളിൽ "ഓപ്പറേഷൻ ക്ലീൻ വീൽസ്' എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപകപണപ്പിരിവും ക്രമക്കേടും കണ്ടെത്തി. ആർടി, സബ് ആർടി ഓഫീസുകളിൽനിന്ന് ശനിയാഴ്ച വൈകുന്നേരം 4.30നു തുടങ്ങി രാത്രി 11.30 വരെ നീണ്ട പരിശോധനയിൽ യുപിഐ അടക്കമുള്ള കൈക്കൂലി ഇനത്തിൽ ഉദ്യോഗസ്ഥർക്കു കൊടുക്കാനായി കൊണ്ടുവന്നതും കൊടുത്തതുമായ പത്ത് ലക്ഷം രൂപയുടെ ഇടപാടുകളാണു കണ്ടെത്തിയത്. വിവിധ സ്ഥലങ്ങളിൽ പണം എത്തിച്ച ഏജന്റുമാരെയും പിടികൂടി.
വിവിധ സേവനങ്ങൾക്ക് ജനങ്ങളിൽനിന്ന് ഏജന്റുമാർ മുഖേന ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായാണ് കണ്ടെത്തൽ. 17 ആർടി ഓഫീസുകളിലും 64 സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലുമായിരുന്നു മിന്നൽ പരിശോധന.
വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനായി എത്തിയ 11 ഏജന്റുമാരിൽനിന്ന് 1.40 ലക്ഷം രൂപ പിടിച്ചെടുത്തു. ഉദ്യോഗസ്ഥരുടെ യുപിഐ ഇടപാടിലെ പ്രാഥമിക പരിശോധനയിൽ 21 ഉദ്യോഗസ്ഥർ വിവിധ ഏജന്റുമാരിൽനിന്ന് 7.84 ലക്ഷം രൂപ കൈക്കൂലി കൈപ്പറ്റിയതായി കണ്ടെത്തി. വൈക്കം എസ്ആർടി ഓഫീസിൽ ജനലിൽ പണം ഒളിപ്പിച്ച നിലയിലും നിലന്പൂർ എസ്ആർടിഒ പരിസരത്ത് വലിച്ചെറിഞ്ഞ നിലയിൽ 49,300 രൂപയും കണ്ടെത്തി. നിലന്പൂരിൽ ഏജന്റുമാരിൽനിന്ന് ഉദ്യോഗസ്ഥർ 42,743 രൂപ കൈപ്പറ്റിയതായും കണ്ടെത്തി. ചെറിയ തെറ്റുകൾ ചൂണ്ടിക്കാട്ടി നേരിട്ടുള്ള അപേക്ഷ നിരസിച്ച് ഏജന്റുമാർ വഴി സേവനങ്ങൾ നൽകി കൈക്കൂലി വാങ്ങുന്നതാണ് മോട്ടോർവാഹന വകുപ്പിലെ രീതി.
അപേക്ഷകളിൽ സീനിയോറിറ്റി മറികടന്ന് വേഗം തീരുമാനമെടുക്കുന്നു. ഡ്രൈവിംഗ് ടെസ്റ്റ് പാസാക്കുന്നതിന് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ അപേക്ഷകരിൽനിന്നു പണപ്പിരിവ് നടത്തി ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകുന്നു. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ അനുവദിക്കാൻ ഷോറൂമുകളിലെ ഏജന്റുമാർ മുഖേന ക്ലറിക്കൽ ഉദ്യോഗസ്ഥരും മോട്ടോർ വാഹന എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങുന്നു.
ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി ഏജന്റുമാർ മുഖേന ലഭിക്കുന്ന അപേക്ഷകളിൽ, ഉദ്യോഗസ്ഥർ പരിശോധന നടത്താതെയും ചട്ടപ്രകാരം വാഹനങ്ങൾക്കുണ്ടായിരിക്കേണ്ട മാനദണ്ഡങ്ങൾ ഉറപ്പു വരുത്താതെയും കൈക്കൂലി വാങ്ങി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുകയാണ്. തിരുവനന്തപുരം ജില്ലയിലെ ഓഫീസുകളിൽ മാത്രം ഒരു ലക്ഷം രൂപയുടെ കൈക്കൂലി ഇടപാട് കണ്ടെത്തി. തിരുവനന്തപുരം ആർടിഒയിലെ ഉദ്യോഗസ്ഥൻ ഗൂഗിൾ പേ വഴി 16,400 രൂപയും വർക്കല എസ്ആർടിഒയിലെ രണ്ട് ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി 82,203 രൂപയും ഏജന്റുമാരിൽ നിന്നു കൈപ്പറ്റി. തിരുവല്ലയിലെ ഉദ്യോഗസ്ഥർക്ക് നൽകാൻ ഏജന്റ് കൊണ്ടുവന്ന 4000 രൂപ പിടിച്ചു. ഇതേ ഏജന്റ് ഉദ്യോഗസ്ഥർക്ക് 2500 രൂപ ഗൂഗിൾ പേ അയച്ചു. പരിശോധന ഇനിയും തുടരുമെന്നും ആർടി ഓഫീസ് ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ ഉൾപ്പെടെ ശേഖരിച്ച് വിശദ പരിശോധന നടത്തുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം അറിയിച്ചു.
കൊടുവള്ളിയിലേത് 2.16 ലക്ഷം
രൂപയുടെ യുപിഐ ഇടപാട്
തിരുവനന്തപുരം: കൊടുവള്ളി എസ്ആർടിഒയിൽ നടത്തിയ വിജിലൻസിന്റെ പരിശോധനയിൽ ഉദ്യോഗസ്ഥരും ഏജന്റുമാരുമായി നടത്തിയത് 2.16 ലക്ഷം രൂപയുടെ ഗുഗിൾ പേ പണമിടപാടെന്നു കണ്ടെത്തല്. വെള്ളരിക്കുണ്ട് എസ്ആർടിഒയിൽ ഏജന്റുമാർ രണ്ട് ഉദ്യോഗസ്ഥർക്ക് 2.66 ലക്ഷം രൂപ ഗൂഗിൾ പേ വഴി അയച്ചു. ചേർത്തല എസ്ആർടിഒയിലെ ഉദ്യോഗസ്ഥർക്ക് നൽകാൻ ഏജന്റ് കൊണ്ടുവന്ന 10,000 രൂപ പിടിച്ചു. ഇതേ ഏജന്റ് 1500 രൂപ ഉദ്യോഗസ്ഥന് ഗൂഗിൾ പേ വഴി നൽകി. പാലാ എസ്ആർടിഒയിലെ ഉദ്യോഗസ്ഥരോടൊപ്പം കണ്ട രണ്ട് ഏജന്റുമാരെ വിജിലൻസ് പിടികൂടി.
ഓഫീസിൽ ഏജന്റുമാർ പ്രവേശിക്കാൻ പാടില്ലെന്നുള്ള വിലക്ക് ലംഘിച്ചാണ് ഓഫീസിൽ ഏജന്റുമാരെ കണ്ടത്. ഇടുക്കി വണ്ടിപ്പെരിയാറിൽ ഉദ്യോഗസ്ഥർക്ക് നൽകാൻ എത്തിച്ച 16,000 രൂപയുമായി ഏജന്റിനെയും, ഉടുന്പൻചോലയിൽ 66,630 രൂപയുമായി മറ്റൊരു ഏജന്റിനെയും പിടികൂടി.
എറണാകുളം ആർടിഒയിലെ ഉദ്യോഗസ്ഥൻ ഏജന്റുമായി 71,500 രൂപയുടെ ഇടപാട് നടത്തി. ഗുരുവായൂർ എസ്ആർടിഒയിൽ ഏജന്റിനെ 2240 രൂപയുമായി കണ്ടെത്തി. മലപ്പുറം ആർടിഒയിലെ പരിശോധനയിൽ രണ്ട് ഏജന്റുമാരെ 7120 രൂപയുമായി പിടികൂടി.
തിരൂരങ്ങാടിയിൽ ഉദ്യോഗസ്ഥൻ ഏജന്റിന്റെ പക്കൽനിന്ന് 40,000 രൂപ ഗൂഗിൾ പേ വഴി കൈപ്പറ്റി. വടകര ആർടിഒയിലെ ഉദ്യോഗസ്ഥർക്കു നൽകാൻ കൊണ്ടുവന്ന 9250 രൂപ ഏജന്റിൽനിന്ന് പിടിച്ചെടുത്തു. കല്പറ്റ ആർടിഒയിൽ രണ്ട് ഉദ്യോഗസ്ഥർ ഏജന്റുമാരുമായി 35,800 രൂപയുടെ ഗൂഗിൾപേ ഇടപാടുകളും സുൽത്താൻ ബത്തേരി ആർടിഒയിൽ ഒരു ഉദ്യോഗസ്ഥന് ഏജന്റ് 6000 ഗൂഗിൾ പേയിൽ അയച്ചതായും കണ്ടെത്തി. കാസർഗോഡ് ആർടിഒയിലെ പരിശോധനയിൽ രണ്ട് ഏജന്റുമാരെ ഉദ്യോഗസ്ഥർക്ക് നൽകാനായി കൊണ്ടുവന്ന 21,020 രൂപയുമായി പിടികൂടി.
Tags :