ADVERTISEMENT
റജി ജോസഫ്
കോട്ടയം: ആവര്‍ത്തിക്കുന്ന പ്രളയദുരന്തങ്ങള്‍ നേരിടാന്‍ നദികളിലെ മണല്‍ വാരി ആഴം കൂട്ടാനുള്ള നടപടി നിയമക്കുരുക്കില്‍. മണല്‍ വാരാന്‍ റവന്യു വകുപ്പ് പുറത്തിറക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേററിംഗ് പ്രൊസീജിയര്‍ പരിഷ്കരിച്ചശേഷമേ മണല്‍ വാരാനാകൂ. മണല്‍ ഖനനത്തിന് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ അനുമതി വേണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി ചട്ടം പരിഷ്കരിക്കണം. എട്ടു ജില്ലകളിലെ 17 നദികളില്‍നിന്ന് മണല്‍ വാരാന്‍ റവന്യു വകുപ്പ് മാര്‍ച്ചില്‍ നല്കിയ അനുമതി ഇതോടെ അസാധുവായി.
കരിങ്കല്‍ ക്വാറികളിലെ അനിയന്ത്രിതമായ സ്ഫോടനവും പാറഖനനവും ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിനും കാരണമാകുന്നതിനു തടയിടാന്‍കൂടിയാണ് നദികളില്‍ അടിഞ്ഞ മണല്‍ വാരി വില്ക്കാന് തീരുമാനിച്ചത്. 2018ലേതുള്‍പ്പെടെ മഹാപ്രളയങ്ങളുടെ തീവ്രത കൂട്ടിയത് പുഴകള്‍ക്ക് വെള്ളം ആവാഹിക്കാനുള്ള ശേഷി കുറഞ്ഞതുകൊണ്ടുകൂടിയാണെന്ന് വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് തയാറാക്കിയ പന്ത്രണ്ടിന മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ചാണ് റവന്യു വകുപ്പ് മണല്‍ വാരാന്‍ ഉത്തരവിറക്കിയത്. 2006ലെ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ മണല്‍വാരലിനു പാരിസ്ഥിതിക അനുമതി വേണമെന്ന നിര്‍ദേശം 2015ല്‍ നടപ്പാക്കിയതോടെയാണു 2016 ജനവരി മുതല്‍ മണല്‍ ഖനനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായത്.
14 പുഴകളില്‍നിന്ന് ഒന്നേമുക്കാല്‍ കോടി ടണ്‍ മണല്‍ വാരാനാകുമെന്നാണ് റവന്യു വകുപ്പിന്റെ മണല്‍ ഓഡിറ്റിംഗില്‍ കണ്ടെത്തിയത്. മണല്‍ ലേലത്തിലൂടെ സര്‍ക്കാരിന് രണ്ടായിരം കോടി വരുമാനം ലഭിക്കും. ഭാരതപ്പുഴ, കടലുണ്ടി, ചാലിയാര്‍ നദികളില്‍നിന്നു മാത്രം 200 കോടി രൂപയുടെ ഖനനം നടത്താം.
ഹരിത ട്രിബ്യൂണലിന്റെ നിബന്ധനയനുസരിച്ച് സംസ്ഥാനത്തെ 44 നദികളില്‍ 33 എണ്ണത്തിലാണ് ഓഡിറ്റിംഗ് നടത്തിയത്. പമ്പ, അച്ചന്‍കോവില്‍, മൂവാറ്റുപുഴ, പെരിയാര്‍, ഭാരതപ്പുഴ, ചാലിയാര്‍, കടലുണ്ടി, വളപട്ടണം, ശ്രീകണ്ഠപുരം, പെരുമ്പ, ഷിറിയ, ഉപ്പള, ചന്ദ്രഗിരി, മൊഗ്രാല്‍ നദികളില്‍നിന്നാണ് മണല്‍ വാരാന്‍ തീരുമാനം.
ഇതനുസരിച്ച് ഭാരതപ്പുഴ, കടലുണ്ടി, ചാലിയാര്‍ നദികളില്‍ മണല്‍ വാരാന്‍ ടെന്‍ഡറായെങ്കിലും നടപടി റദ്ദാക്കേണ്ടിവന്നു.
ഒമ്പത് വര്‍ഷത്തിനുശേഷമാണ് സംസ്ഥാനത്തെ നദികളിലെ മണല്‍വാരലിനു തീരുമാനമായത്. 2020ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ സുസ്ഥിര മണല്‍വാരല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും നിരീക്ഷണ മാര്‍ഗങ്ങള്‍ക്കും അടിസ്ഥാനമായാണ് വീണ്ടും മണല്‍ വാരാനുള്ള തീരുമാനം. ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതികള്‍ക്കാണ് മേല്‍നോട്ടം.
Tags : River sand mining