ADVERTISEMENT
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സർവകലാശാലാ വിഷയത്തിലെ തുറന്ന പോരിനു പിന്നാലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ രാജ്ഭവനിലെത്തി കണ്ടു ചർച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മണിക്കൂറിലേറെ നീണ്ട ചർച്ചയിൽ സർവകലാശാലാ പോരിൽ മഞ്ഞുരുകലുണ്ടായെന്നാണു വിവരം.
കേരള സർവകലാശാല രജിസ്ട്രാർ ഡോ.കെ.എ. അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിന്റെ നടപടി അംഗീകരിക്കണമെന്നു ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സസ്പെൻഷൻ അംഗീകരിച്ച് അടുത്ത ഏതാനും ദിവസങ്ങളിൽ അനിൽകുമാർ സർവകലാശാലയിൽ എത്താൻ പാടില്ല. സസ്പെൻഷൻ അംഗീകരിച്ചാൽ അടുത്ത ദിവസങ്ങളിൽ സസ്പെൻഷൻ പുനഃപരിശോധിക്കാൻ നടപടി സ്വീകരിക്കാം. ഈ നിർദേശം മുഖ്യമന്ത്രി അംഗീകരിച്ചതായാണ് വിവരം.
മുൻപുണ്ടായിരുന്നതുപോലെ ഗവർണറും സർക്കാരും തമ്മിൽ അനുനയത്തിന്റെ വഴി സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്ന കത്തുമായാണ് മുഖ്യമന്ത്രി ഗവർണറെ കാണാനെത്തിയത്. സസ്പെൻഷൻ ഉത്തരവ് ധിക്കരിച്ച് സർവകലാശാലയിൽ എത്തി നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന സമീപനം തുടരുന്നതു ഭൂഷണമാണോയെന്നു ഗവർണർ ചോദിച്ചു. ഇടത് സിൻഡിക്കറ്റ് അംഗങ്ങളുടെ നടപടികളും യോഗത്തിൽ ചർച്ചയായി.
അതേസമയം, സാങ്കേതിക ഡിജിറ്റൽ സർവകലാശാലകളിൽ താത്കാലിക വിസിമാരെ നിയമിച്ച നടപടി റദ്ദാക്കിയ ഹൈക്കോടതി തീരുമാനത്തിനെതിരേ ഗവർണർ നാളെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നുണ്ട്. ഇക്കാര്യത്തിൽ മാറ്റമുണ്ടാകില്ല. കഴിഞ്ഞ ദിവസം ഡൽഹിയിൽ മുഖ്യമന്ത്രിയും ഗവർണറുമുണ്ടായിരുന്നെങ്കിലും കേരളത്തിൽ ചർച്ച ചെയ്യാമെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രി-ഗവർണർ കൂടിക്കാഴ്ച. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിച്ച ചർച്ച വൈകുന്നേരം 4.35 വരെ നീണ്ടു.
Tags : kerala governer kerala cm