ADVERTISEMENT
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ അധികാരതര്ക്കവുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരം വൈകിയേക്കുമെന്നു സൂചന. റജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിന്റെ സസ്പെന്ഷൻ സംബന്ധിച്ച് തന്റെ നിലപാടില്‍ വൈസ്ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തതിനെ തുടര്‍ന്നാണ് കേരളയിലെ പ്രശ്ന പരിഹാരം വൈകുന്നത്. സിന്‍ഡിക്കറ്റ് യോഗം വിളിച്ച് പ്രശ്നം പരിഹരിക്കാമെന്ന മന്ത്രിയുടെ നിര്‍ദേശം വിസി സ്വാഗതം ചെയ്തിട്ടില്ല.
താന്‍ സസ്പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍ ആദ്യം പുറത്തുപോകണമെന്ന നിലപാടിലാണ് വിസി ഡോ. മോഹനന് കുന്നുമ്മല്‍. അതിനുശേഷം സിന്‍ഡിക്കറ്റ് യോഗം വിളിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. താത്കാലിക രജിസ്ട്രാര്‍ ഡോ. മിനി കാപ്പന് ഫയലുകളുടെ ചുമതല ഉള്‍പ്പെടെ മുഴുവന്‍ ചുമതലയും കൈമാറണം. എന്നാല്‍ അടിയന്തര സിന്‍ഡിക്കറ്റ് യോഗം വിളിച്ച് പ്രശ്നം പരിഹരിക്കണമെന്ന നിലപാടിലാണ് മന്ത്രി.
വിട്ടുവീഴ്ചയില്ലെന്ന നിലപാടില്‍ ഇടതു സിന്‍ഡിക്കറ്റ് അംഗങ്ങളും രംഗത്ത് വന്നിട്ടുണ്ട്. രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത വിസിയുടെ നടപടി നിയമപരമല്ലെന്നും നിയമം വിട്ട് പ്രവര്‍ത്തിച്ചത് വിസിയാണെന്നുമുള്ള വാദത്തിലാണ് ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങള്‍.
അതേസമയം വിഷയത്തില്‍ ആവശ്യമെങ്കില്‍ ചാന്‍സലറായ ഗവര്‍ണറുമായി ചര്‍ച്ച നടത്താമെന്ന നിലപാടിലാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു.
Tags :