ADVERTISEMENT
ദേശീയ ന്യൂനപക്ഷ കമ്മീഷൻ, ഡൽഹി ലോധി റോഡിലെ ഒരു കെട്ടിടമായി മാറി. ഒന്നൊന്നായി അധ്യക്ഷനും ആറ് അംഗങ്ങളും വിരമിക്കുകയും പകരം ആരെയും നിയമിക്കാതിരിക്കുകയും ചെയ്തതോടെ കമ്മീഷൻ നിശ്ചലമായി; ഒരു ദയാവധത്തിനൊടുവിലെന്നപോലെ. ന്യൂനപക്ഷങ്ങളുടെ കാര്യമായതുകൊണ്ട് അതൊരു അനീതിയായി കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനു തോന്നിയിട്ടുണ്ടാകില്ല. പക്ഷേ, ന്യൂനപക്ഷങ്ങളുടെ കാര്യം അങ്ങനെയല്ലല്ലോ. തങ്ങൾ കൂടുതൽ പാർശ്വവത്കരിക്കപ്പെട്ടെന്ന തോന്നലുണ്ട്. ഒരു ചേർത്തുനിർത്തലിന്റെ ഭാഗമായി കമ്മീഷനെ സജീവമാക്കിയാൽ അതൊരു ‘രാജധർമം’ പാലിക്കലാകും.
കഴിഞ്ഞ ഏപ്രിൽ 12നാണ് കാലാവധി പൂർത്തിയായതോടെ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷൻ ഇക്ബാൽ സിംഗ് ലാൽപുര വിരമിച്ചത്. കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ 2020 മാർച്ചിൽ വിരമിച്ചതിനുശേഷം ക്രൈസ്തവ പ്രാതിനിധ്യം ഉണ്ടായിരുന്നേയില്ല. മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, പാഴ്സി, ജൈന സമുദായങ്ങളിൽനിന്ന് ഓരോരുത്തരും ഹിന്ദു ഉൾപ്പെടെ ഏതെങ്കിലും സമുദായത്തിൽനിന്ന് ഒരാളുമാണ് കമ്മീഷനിൽ ഉണ്ടായിരിക്കേണ്ടത്. കമ്മീഷന്റെ വെബ്സൈറ്റിൽ ഈ അംഗങ്ങളുടെ ഫോട്ടോയും പേരുവിവരങ്ങളും കാണേണ്ടിടത്ത് കാലിയായ ഏഴു കോളങ്ങളാണ് ഇപ്പോഴുള്ളത്. അങ്ങനെ, ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനായി നാഷണൽ കമ്മീഷൻ ഫോർ മൈനോരിറ്റീസ് ആക്റ്റ് 1992 പ്രകാരം അർധജുഡീഷൽ അധികാരങ്ങളോടെ 1993ൽ സ്ഥാപിച്ച ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഫലത്തിൽ പ്രവർത്തനരഹിതമായി. അതൊരു സ്വാഭാവിക പരിണാമം ആയിരുന്നില്ല. വർഷങ്ങളായി ഓരോ അംഗവും വിരമിച്ചപ്പോഴൊക്കെ കേന്ദ്രസർക്കാരിനോട് ന്യൂനപക്ഷങ്ങൾ ആവശ്യപ്പെട്ടിരുന്നതാണ്. അർഥഗർഭമായ നിശബ്ദതയായിരുന്നു ഫലം. 2017ൽ അധ്യക്ഷനും മിക്ക അംഗങ്ങളുമില്ലാതെ മാസങ്ങളോളം തുടർന്നു. ഒടുവിൽ ഡൽഹി ഹൈക്കോടതി ഇടപെട്ടതിനുശേഷമാണ് പേരിനു നിയമനം നടത്തിയത്. ഇപ്പോൾ ഒരംഗവുമില്ലാത്ത കമ്മീഷൻ, ന്യൂനപക്ഷങ്ങളോടുള്ള ബിജെപിയുടെ സമീപനത്തിന്റെ നേർക്കാഴ്ചയായി. പ്രതിസന്ധിയുടെ കാലത്ത്, ന്യൂനപക്ഷങ്ങളെ അങ്ങേയറ്റം നിരായുധീകരിക്കാൻ ലഭ്യമായ മാർഗങ്ങളെല്ലാം ഉപയോഗിക്കുന്നതുപോലെ!
ഇതുതന്നെയാണ് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെയും അവസ്ഥ. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ആ സംവിധാനവും നിർവീര്യമാക്കിക്കഴിഞ്ഞു. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള മറ്റൊരു അർധജുഡീഷൽ സ്ഥാപനമാണത്. ചെയർമാനും മൂന്നംഗങ്ങളുമാണ് ഇതിൽ ഉണ്ടായിരിക്കേണ്ടത്. 2023 സെപ്റ്റംബറിൽ അധ്യക്ഷൻ റിട്ട. ജസ്റ്റീസ് നരേന്ദർ കുമാർ ജയിൻ വിരമിച്ചു. പിന്നെ നിയമനം നടത്തിയിട്ടില്ല. ഷാഹിദ് അക്തർ മാത്രമാണ് രണ്ടു വർഷമായി ഏക അംഗം. ന്യൂനപക്ഷ കമ്മീഷന്റെ സ്ഥിതി വച്ചാണെങ്കിൽ അക്തർ വിരമിക്കുന്നതോടെ വിദ്യാഭ്യാസ കമ്മീഷന്റെ വിധിയും മറ്റൊന്നായിരിക്കില്ല.
രാജ്യത്തു പലയിടത്തും സംഘപരിവാർ ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും ബിജെപി നേതാക്കളും എംപിമാരും എംഎൽഎമാരും അവർക്കെതിരേ നാത്സികളെ ഓർമിപ്പിക്കുന്നവിധം വിദ്വേഷപ്രചാരണം ആവർത്തിക്കുകയും ബിജെപി സർക്കാരുകൾ കാഴ്ചക്കാരാകുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. ന്യൂനപക്ഷ കമ്മീഷൻ ഉണ്ടെങ്കിൽ ഇതെല്ലാമങ്ങു തടയപ്പെടുമെന്നു രാജ്യത്താരും കരുതുന്നില്ലെങ്കിലും, സർക്കാർ നോമിനികളായ അംഗങ്ങൾ അത്ര സ്വതന്ത്രരായിരിക്കില്ലെന്ന് അറിയാമെങ്കിലും, പരാതി പറയാൻ ന്യൂനപക്ഷങ്ങൾക്ക് ഒരു മേൽവിലാസമെങ്കിലും ഉണ്ടായിരുന്നു. അതാണില്ലാതാകുന്നത്. എത്ര ദുർബലമാണെങ്കിലും ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്പോൾ കമ്മീഷനു പേരിനെങ്കിലും ഇടപെടേണ്ടിവരും. അതിന്റെ നിഗമനങ്ങൾ പാർലമെന്റിലും കോടതിയിലും റഫർ ചെയ്യപ്പെടും. നൂറു ശതമാനം നീതി പുലർത്തിയില്ലെങ്കിലും നൂറു ശതമാനം അനീതി പുലർത്താൻ ഈ രാജ്യത്തെ ജനാധിപത്യവും ജനതയും ഉള്ളിടത്തോളം ഒരു കമ്മീഷനും കഴിയില്ല.
യുപിഎ സർക്കാരുകളാണ് ന്യൂനപക്ഷ, ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനുകൾ സ്ഥാപിച്ചത്. പക്ഷേ, ബിജെപി അധികാരത്തിലെത്തിയതോടെ രാജ്യത്ത് ഒരു ന്യൂനപക്ഷ കമ്മീഷന്റെ ആവശ്യമില്ലെന്ന് അവർക്കു തോന്നി. പതിറ്റാണ്ടുകൾക്കിടെ ന്യൂനപക്ഷങ്ങൾ ഇത്ര അരക്ഷിതരായ കാലം ഉണ്ടായിട്ടുമില്ല. അതിനിടെയാണ് ന്യൂനപക്ഷ സംരക്ഷണത്തിന്റെ കാവൽപ്പുരകൾ ഒന്നൊന്നായി പൊളിച്ചുനീക്കുന്നതിന്റെ ആരവം ഡൽഹിയിൽനിന്നു കേൾക്കുന്നത്. തങ്ങൾ കേവലമൊരു രാഷ്ട്രീയ പാർട്ടിയല്ലെന്നു കേന്ദ്രസർക്കാർ മറന്നിട്ടു കുറെയായി; കേരളത്തിലെ ബിജെപി നേതാക്കളെങ്കിലും ഓർമിപ്പിക്കണം.
Tags :