ADVERTISEMENT
കണ്ണൂർ: സംസ്ഥാനത്ത് പുതിയതായി ആരംഭിക്കുന്ന പ്രകൃതികൃഷി പദ്ധതിയിൽ നാടൻ പശു ഉത്പന്നങ്ങൾ ചേർത്തുള്ള വളം നിർമാണം, ഗവേഷണം എന്നീ വിഷയങ്ങളിൽ കേന്ദ്ര സ്ഥാപനമായ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ഐസിഎആർ) ഗവേഷണ ഗ്രാന്റിനായി കർഷകർ സമർപ്പിച്ച പ്രോജക്ടുകളിൽ സമയത്തിനു കോ- ഇൻവസ്റ്റിഗേറ്റർക്ക് അനുമതിപത്രം നൽകാതെ കാർഷിക സർവകലാശാല അപേക്ഷിക്കാൻ അവസരം മുടക്കി.
കാർഷിക അവാർഡ് ജേതാവ് പാലക്കാട്ടെ ഭുവനേശ്വരിയമ്മ, കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് കപില ഗോശാലയിലെ പി.കെ. ലാൽ എന്നിവർ സമർപ്പിച്ച ഗവേഷണ പ്രോജക്ടുകളിലേക്ക് കോ-ഇൻവസ്റ്റിഗേറ്ററെ നിശ്ചിത സമയത്തിനു നൽകാതെയാണു കാർഷിക സർവകലാശാല അപേക്ഷിക്കാനുള്ള അവസരം മുടക്കിയത്. അതേസമയം കാർഷിക സർവകലാശാലയിലെ അധ്യാപകരുടെ രണ്ടു പദ്ധതികൾക്കും കർഷകന്റെ ഹൈടെക് ഫാം പദ്ധതിക്കും അനുമതിപത്രം നൽകുകയും ചെയ്തു. ഹൈടെക് ഫാം പദ്ധതി കർഷകരുടെ പറന്പിലെ കൃഷിയെ സഹായിക്കുന്നതല്ല. പോളിഹൗസ് കൃഷിയാണ്.
നാടൻ പശു ഉത്പന്നങ്ങളിൽനിന്നു വളക്കൂട്ടുകൾ നിർമിച്ച് കർഷകരുടെ കൃഷിയിടങ്ങളിൽ പ്രയോഗിച്ച് ഉത്പാദന വർധനയും മണ്ണിന്റെ പിഎച്ച് മൂല്യം വർധിക്കുന്നതും വിലയിരുത്തുന്നതാണ് പ്രകൃതി കൃഷി പദ്ധതി. പദ്ധതി നടപ്പാക്കുന്ന കേന്ദ്ര സ്ഥാപനമായ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ഐസിഎആർ) സംസ്ഥാനത്തെ ഏക നോഡൽ ഏജൻസി കേരള കാർഷിക സർവകലാശാലയാണ്. കൃഷിയിടങ്ങളിൽ കർഷകൻ പദ്ധതി നടപ്പാക്കുന്പോൾ കാർഷിക സർവകലാശാല അധ്യാപകർ, സർക്കാർ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ എന്നിവരിൽ ആരെങ്കിലും പങ്കാളിയായി നേട്ടങ്ങൾ ശാസ്ത്രീയമായി വിലയിരുത്തണം. കാർഷിക സർവകലാശാലയിലും കാർഷിക കോളജുകളിലും കർഷകർ കയറിയിറങ്ങി കോ ഇൻവസ്റ്റിഗേറ്ററെ കണ്ടെത്തിയെങ്കിലും കാർഷിക സർവകലാശാല റിസർച്ച് വിഭാഗം അനുമതിപത്രം അപേക്ഷിക്കാനുള്ള സമയം കഴിഞ്ഞശേഷം കൈമാറിയാണു കർഷകരെ പദ്ധതിയിൽനിന്ന് ഒഴിവാക്കിയത്.
പദ്ധതി ഗ്രാന്റിനായി മാനദണ്ഡങ്ങളെല്ലാം പാലിച്ച് തിരുവനന്തപുരം കരമന ഐആർഎസ്, പട്ടാന്പി ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിലേക്ക് കേരള കാർഷിക സർവകലാശാല അപേക്ഷ സമർപ്പിച്ചതായി കേരള കാർഷിക സർവകലാശാല ഗവേഷണ വിഭാഗം അറിയിച്ചു. രണ്ടു പദ്ധതികളും ഗവേഷണ കേന്ദ്രത്തിൽ നടത്തുന്നതും കർഷകരുടെ പറന്പുകളെ ഒഴിവാക്കിയും അക്കാദമിക് താത്പര്യത്തോടെ നടത്തുന്നതുമായ പദ്ധതികളാണ്.
കൃഷി മന്ത്രി പി. പ്രസാദ്, മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് എന്നിവർ ആന്ധ്രപ്രദേശിലെ പ്രകൃതി കൃഷിയിടങ്ങൾ സന്ദർശിച്ച് വിലയിരുത്തിയശേഷമാണ് പദ്ധതി നടപ്പാക്കാൻ തയാറായത്. പദ്ധതിക്കായി നാടൻ പശുവും ചാണകവും പ്രധാനമായി വേണം. അതിനാൽ ഏതാനും നാടൻ പശുവളർത്തൽ കേന്ദ്രങ്ങൾക്ക് പ്രോജക്ട് ലഭ്യമാക്കി പദ്ധതി വിജയിപ്പിക്കാനായി കോ- ഇൻവസ്റ്റിഗേറ്ററെ ലഭ്യമാക്കാന് മന്ത്രിയും ഓഫീസും പല തവണ കാർഷിക സർവകലാശാലയിൽ ഇടപെട്ടിരുന്നു. എന്നാൽ കാർഷിക സർവകലാശാല ഉദ്യമം പരാജയപ്പെടുത്തിയതായിരുന്നുവെന്ന് അപേക്ഷകർ ആരോപിച്ചു.
കൃഷിവകുപ്പിൽ പദ്ധതി നിർവഹണത്തിൽ പരിചയമില്ലാത്ത ഉദ്യോഗസ്ഥരുടെ അറിവില്ലായ്മയും അവസാന തീയതിക്ക് ഏതാനും നാൾമുന്പ് മാത്രം അപേക്ഷ സമർപ്പിച്ചതുമാണ് ഇത്തരമൊരു സാഹചര്യത്തിനിടയാക്കിയതെന്ന് കാർഷിക സർവകലാശാല ഗവേഷണ വിഭാഗം മറുപടി നൽകി. സർവകലാശാലയുടെ ആരോപണങ്ങൾ തെറ്റാണെന്നും അപേക്ഷകൾ നേരത്തേ സമർപ്പിച്ചതാണെന്നും പ്രകൃതി കൃഷി നോഡൽ ഓഫീസറും കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുമായ സിന്ധു അറിയിച്ചു.
Tags :