ADVERTISEMENT
ന്യൂയോർക്ക്/വാഷിംഗ്ടൺ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ അഞ്ച് ജെറ്റ് വിമാനങ്ങൾ വെടിവച്ചു വീഴ്ത്തിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഘർഷം അവസാനിച്ചത് തന്റെ ഇടപെടൽ മൂലമാണെന്ന് ട്രംപ് ആവർത്തിക്കുകയും ചെയ്തു. രണ്ടു രാജ്യങ്ങളുടെയും വിമാനങ്ങൾ വെടിവച്ചുവീഴ്ത്തിയതാണോ അതോ ഒരു രാജ്യത്തിന്റെ മാത്രമാണോ നഷ്ടം എന്നിവയെക്കുറിച്ചൊന്നും അദ്ദേഹം വിശദീകരിച്ചിട്ടില്ല. റിപ്പബ്ലിക്കൻ സെനറ്റർമാർക്ക് വെള്ളിയാഴ്ച നൽകിയ അത്താഴവിരുന്നിൽ അവകാശവാദങ്ങൾ ആവർത്തിക്കുക മാത്രമായിരുന്നു ട്രംപ്.
കുറേ യുദ്ധങ്ങൾ ഞങ്ങൾ അവസാനിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായിരുന്നു. യഥാര്‍ഥത്തില്‍ അഞ്ച് ജെറ്റുകള്‍ വെടിവച്ചിട്ടെന്നാണ് തോന്നുന്നത്. ഇന്ത്യയും പാക്കിസ്ഥാനും ആണവശക്തികളാണ്. ഒടുവില്‍ വ്യാപാരക്കരാർ എടുത്തുപറഞ്ഞാണ് സംഘർഷം അവസാനിപ്പിച്ചത്. ആണവായുധങ്ങള്‍കൊണ്ട് യുദ്ധംചെയ്താൽ വ്യാപാരക്കരാറിന് യുഎസിന് താത്പര്യമില്ലെന്ന് ഇരുരാജ്യങ്ങളെയും അറിയിക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
മധ്യസ്ഥനായെന്ന ട്രംപിന്റെ മുൻ അവകാശം ഇന്ത്യ നിഷേധിച്ചിരുന്നു. യുഎസിന്റെ മധ്യസ്ഥതയില്ലാതെ ഇരുരാജ്യങ്ങളുടെയും സൈനികനേതൃത്വം നടത്തിയ ചർച്ചയിലാണ് ധാരണയെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിരുന്നു.
അതിനിടെ ട്രംപിന്റെ പുതിയ പ്രസംഗത്തിന്റെ പേരിൽ മോദി സർക്കാരിനെതിരേ കോൺഗ്രസ് രൂക്ഷവിമർശനം ഉയർത്തി. ട്രംപിന്റെ അവകാശവാദത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ വിശദീകരണം നൽകണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രശ്നത്തിൽ പ്രധാനമന്ത്രി മൗനംപാലിക്കുകയാണ്. ട്രംപ് പറഞ്ഞ അഞ്ച് വിമാനങ്ങളെക്കുറിച്ചുള്ള സത്യം എന്താണെന്നും അതറിയാൻ രാജ്യത്തിന് അവകാശമുണ്ടെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
Tags :